ബോഡി ഷെയിമിംഗിലെ മാനസികപ്രശ്‌നങ്ങള്‍

ബോഡി ഷെയിമിംഗിലെ മാനസികപ്രശ്‌നങ്ങള്‍
  • തടി കൂടിയവരെ പരിഹസിക്കുന്നത് തമാശയല്ല
  • തടി കൂടിയ കുട്ടികളെ കളിയാക്കുന്നത് അവരെ പൊണ്ണത്തടിയന്മാരാക്കി മാറ്റും

ഡാ, തടിയാ എന്ന വിളി ചിലര്‍ക്ക് വ്യായാമം ചെയ്യാനും ശരീരഭാരം നിയന്ത്രിക്കാനും പ്രചോദനമാകുമ്പോള്‍ മറ്റൊരു വിഭാഗത്തിന് തങ്ങളെ അപമാനിക്കുന്നതായി തോന്നാം. ഇത് അവരെ പിന്നീട് അപകര്‍ഷതാബോധത്തിലേക്കും കാലക്രമേണ വിഷാദരോഗത്തിലേക്കും വീഴാനിടയാക്കാം. കുട്ടികളില്‍ ഇത്തരം കളിയാക്കലും അപഹസിക്കലും മാനസികവിഷമത്തിനും പൊണ്ണത്തടിക്കും കാരണമാകാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടികളും കൗമാരക്കാരുമായി 110 പേരില്‍ നടത്തിയ പഠനങ്ങളിലാണ് ഇത്തരമൊരു പ്രവണത കണ്ടെത്തിയത്. വണ്ണം കൂടിയ കുട്ടികളെ അതിന്റെ പേരില്‍ പരിഹസിക്കുന്നത് തുടര്‍ജീവിതത്തില്‍ അവരുടെ ശരീരഭാരം കൂടുതല്‍ വേഗത്തില്‍ വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു. കളിയാക്കുന്തോറും ഇത്തരക്കാരുടെ വണ്ണം കൂടാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കുട്ടികളെ കളിയാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് അപകടകരമായ പരിണിതഫലം ഉണ്ടാക്കും. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവരോടൊപ്പം ചെലവഴിക്കാനും രക്ഷിതാക്കളും മുതിര്‍ന്നവരും കൂടുതല്‍ സമയം കണ്ടെത്തണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുകയോ, ഇരയാക്കപ്പെടുകയോ അല്ലെങ്കില്‍ ഏതെങ്കിലും കാരണവശാല്‍ സമൂഹത്തില്‍ നിന്ന് അകലം പാലിക്കുകയോ അവരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കേണ്ടത് അത്യാവശ്യമാണെന്ന്വാഷിംഗ്ടണിലെ യൂണിഫോംഡ് സര്‍വീസ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നടാഷ സ്‌കവി നിര്‍ദേശിക്കുന്നു.

ചിലപ്പോള്‍ മാതാപിതാക്കള്‍ തന്നെ കുട്ടികളുടെ തടിയുടെ പേരില്‍ അസ്വസ്ഥരാകുന്നു, മക്കളെ വളര്‍ത്തിക്കൊണ്ടുവരുമ്പോഴും ശകാരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നു. എന്നാല്‍ സദാ ശ്രദ്ധിക്കേണ്ട കാര്യം പൊണ്ണത്തടിപ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരിക്കലും ആളുടെ തടിയെപ്പറ്റി മാത്രം പറഞ്ഞു കൊണ്ട് തുടങ്ങരുതെന്ന് നടാഷ പറയുന്നു. ഇത് കുട്ടികളില്‍ നിരാശയുണ്ടാക്കാനും മാനസികനില വഷളാക്കാനും വലിയ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. കുട്ടികളുടെ മനസിന് മുറിവേല്‍പ്പിക്കാനും അവരില്‍ അസ്വസ്ഥത വിതയ്ക്കാനും കഴിയുന്ന, വളരെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ശരീരം സംബന്ധിച്ച ഏതു പരാമര്‍ശവും അപമാനിക്കലായേ അവേര്‍ക്കു തോന്നുകയുള്ളൂ.

പൊണ്ണത്തടിയും പരിഹാസവും

പരിഹാസം കൗമാരക്കാരില്‍ എത്രത്തോളം മാനസികവ്യഥ ഉണ്ടാക്കുന്നുണ്ടെന്നറിയാന്‍ ഗവേഷണസംഘം 12വയസുകാരായ സംഘത്തിന്റെ ഉയരവും തൂക്കവും കണക്കാക്കി. തടിയുണ്ടായതിന്റെ പേരില്‍ എത്രത്തോളം പരിഹാസത്തിനിരയായെന്ന് പറയാന്‍ നിര്‍ദേശിക്കുന്ന ഒരു ചോദ്യാവലി ഇവര്‍ക്കു തയാറാക്കി നല്‍കി. തടിയില്ലാത്തവരേക്കാള്‍ 33 ശതമാനം കൂടുതല്‍ അമിതഭാരം തോന്നിക്കുന്നവര്‍ അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. തുടര്‍ന്നുള്ള വര്‍ഷത്തില്‍ ഇവരുടെ ശരീരഭാരം 91 ശതമാനം വരെ വര്‍ധിച്ചതായും കണ്ടെത്തി. തടിയുണ്ടെന്നു പറഞ്ഞു കളിയാക്കപ്പെടുന്ന പൊണ്ണത്തടി വെക്കാന്‍ സാധ്യതയുള്ള കുട്ടികളില്‍ വലിയ തോതില്‍ തടികൂടാനുള്ള സാധ്യതയുണ്ടെന്ന് പഠനഫലങ്ങള്‍ കാണിക്കുന്നു.

കുട്ടികളില്‍ തടിവെക്കാനിടയുള്ള കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അപമാനത്തിന് ഇരയാകുമ്പോഴുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളും ശാരീരിക പ്രശ്‌നങ്ങളെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്. പത്തുവയസില്‍ അമിതമയ തൂക്കം കാണപ്പെടുന്ന പെണ്‍കുട്ടിക്ക് 19ാം വയസിലേക്കെത്തുമ്പോള്‍ ആനുപാതികമായി ഉണ്ടാകേണ്ടതിലധികം തടിയുണ്ടാകാമെന്നു 2014 ലെ ഒരു പഠനത്തില്‍ കണ്ടെത്തി. ശരീരഭാരം കൗമാരക്കാരില്‍ ഒരു വൈകരികവും മാനസികവുമായപ്രശ്‌നമായി മാറുന്നു. ഈപ്രായത്തില്‍ എല്ലാവരും തന്നെ ശരീരത്തെപ്പറ്റി ഏറെ ജാഗരൂകരായിരിക്കും.

പ്രശ്‌നം അഭിമുഖീകരിക്കേണ്ടതെങ്ങനെ

ഒരു കുട്ടി അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ പ്രധാനമാണ് അമിതവണ്ണം. ഇക്കാര്യം കാലേകൂട്ടി മനസിലാക്കിയില്ലെങ്കില്‍ ഇതൊരു ചക്രികപ്രശ്‌നമായി മാറും. തടി കൂടുതല്‍ കളിയാക്കലിലേക്കും കളിയാക്കല്‍ തടികടുന്നതിനും കാരണമായി അത് നീണ്ടുപോകും. ഇതിനെ അഭിസംബോധന ചെയ്യുമ്പോള്‍ കുട്ടിയുടെ ശരീരഭാരം ഒരിക്കലും പരാമര്‍ശിക്കരുതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധ കാട്ടിയാല്‍ പ്രശ്‌നം വളാകാന്‍ സാധ്യതയുണ്ട്. പകരം, ആരോഗ്യകരമായ പെരുമാറ്റങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാം. ശരിയായ വ്യായാമക്രമത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും സംസാരം വഴിതിരിച്ചുവിടുക. എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഉപദേശിക്കുന്നതിന് പകരം, അവരെ പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുക.

ഭാരം സംബന്ധിച്ച് കുട്ടികളോട് സംസാരിക്കുമ്പോള്‍ അവരുടെ ശരീരത്തിന്റം അവസ്ഥയെക്കുറിച്ച് ഊന്നിപ്പറയുന്നതിന് പകരം ആരോഗ്യ ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന തന്ത്രമാണ് സ്വീകരിക്കേണ്ടത്. പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യദായകമായ ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം അവയില്‍ കുട്ടികള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കി അത്തരം അവസരങ്ങള്‍ രസകരമാക്കുന്നതു പോലുള്ള കാര്യങ്ങള്‍ ചെയ്യുക. കൗമാരപ്രായക്കാര്‍ക്ക് അവരുടെ ശരീരഭാരം എത്രമാത്രം കൗതുകം പകരുമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവര്‍ക്ക് എത്രമാത്രം ഭാരം ഉണ്ടാകുമെന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭാരനിയന്ത്രണം കൗമാരക്കാരെ നേരിട്ടു വിഷമിപ്പിക്കാതെ പരോക്ഷ മാര്‍ഗങ്ങളിലൂടെ മാറ്റിയെടുക്കുന്നതിന് ശ്രദ്ധ കൊടുക്കുകയാണ് ഏറ്റവും ഉചിതം.

Comments

comments

Categories: Health