രക്തസമ്മര്‍ദ്ദ മരുന്നുകള്‍ ഓര്‍മ്മക്കുറവിനും ഗുണകരം

രക്തസമ്മര്‍ദ്ദ മരുന്നുകള്‍ ഓര്‍മ്മക്കുറവിനും ഗുണകരം

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകള്‍ പ്രായമേറിവരിലെ സ്മൃതിഭ്രംശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തിരിച്ചറിയല്‍ ശേഷിക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇത് പുതിയൊരു ദിശാബോധം നല്‍കുമെന്ന് കരുതുന്നു. സ്മൃതിഭ്രംശ രോഗങ്ങളായ പാര്‍ക്കിന്‍സണ്‍സ്, അല്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയവയെ എല്ലാം വിശേഷിപ്പിക്കുന്ന പദമാണ് മേധാക്ഷയം അഥവാ ഡിമെന്‍ഷ്യ. ഇതില്‍ ഏറ്റവും ഗൗരവമേറി രോഗമാണ് നാഡീവ്യൂഹത്തെ ക്ഷയിപ്പിക്കുന്ന അല്‍സ്‌ഹൈമേഴ്‌സ്. ഡിമന്‍ഷ്യയുടെ പ്രധാന സ്വഭാവം ക്രമാനുഗതമായി തിരിച്ചറിയല്‍ശേഷി നഷ്ടപ്പെടുന്നുവെന്നതാണ്. വ്യക്തിയുടെ ഓര്‍മ്മ നശിക്കുകയും ചിന്താശേഷിയും തീരുമാനമെടുക്കാനുള്ള കഴിവും കുറഞ്ഞുവരുന്നു. ഇതിന്റെ വ്യക്തമായ കാരണങ്ങള്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എങ്കിലും അടുത്തിടെ നടന്ന പല പഠനങ്ങളിലും ഡിമെന്‍ഷ്യയെ ഹൈപ്പര്‍ടെന്‍ഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം ജേണലിസ്റ്റ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍, മസ്തിഷ്‌കകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിലെ വിവരങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ ആന്റി ഹൈപ്പര്‍ടെന്‍ഷന്‍ മരുന്നുകള്‍ കഴിച്ചവരില്‍ അല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാനായിട്ടുണ്ടെന്നു തെളിയിക്കുന്നു. ബീറ്റാ ബ്ലോക്കര്‍മാര്‍, കാല്‍സ്യം ചാനല്‍ ബ്ലോക്കറുകള്‍, ആന്‍ജിയോടെന്‍സിന്‍-കണ്‍വേര്‍ട്ടിങ് എന്‍സൈം ഇന്‍ഹിബിറ്ററുകള്‍ തുടങ്ങിയ ചില ആന്റി ഹൈപ്പര്‍ടെന്‍ഷന്‍ മരുന്നുകള്‍ സ്വീകരിച്ചവരില്‍ ഡിമെന്‍ഷ്യക്ക് സാധ്യത കുറവാണ് എന്ന് കണ്ടെത്തി. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുപയോഗിക്കുന്ന തരം മരുന്നുകളായ കാല്‍സ്യം ചാനല്‍ ബ്ലോക്കറുകള്‍ സ്വീകരിച്ചവരില്‍ ദീര്‍ഘനാളത്തേക്ക്, ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറഞ്ഞു. ഇത്തരം കണ്ടെത്തലുകള്‍ ഹൈപ്പര്‍ടെന്‍ഷനുള്ള മരുന്നുകള്‍ സ്മൃതിഭ്രംശരോഗികളില്‍ പ്രയോഗിക്കുന്നതിന്റെ സാധ്യത ഉയര്‍ത്തുന്നു. ഭാവിയില്‍ ഈ വിഷയത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിനും വിഷാദരോഗത്തിനുമുള്ള മരുന്നുകളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ അവര്‍ ആലോചിക്കുന്നു.

Comments

comments

Categories: Health