അഭിമാനമായി യൂസഫലി

അഭിമാനമായി യൂസഫലി
  • ‘എല്ലാം വിജയത്തിനും കടപ്പാട് ഈ രാഷ്്ട്രത്തോട്; ഗോള്‍ഡന്‍ കാര്‍ഡ് ജീവിതത്തിലെ പ്രധാന നേട്ടം’
  • യുഎഇയുടെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് എം എ യൂസഫലിക്ക്

ദുബായ്: യുഎഇയുടെ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് നേടാനായതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഏറെ ആദരവോടെയാണ് ഗോള്‍ഡന്‍ കാര്‍ഡിനെ കാണുന്നതെന്നും ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണിതെന്നും യൂസഫലി പ്രതികരിച്ചു. യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡിന്റെ ആദ്യ ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു മലയാളിയും വ്യവസായ പ്രമുഖനുമായ യൂസഫലി.

” 45 വര്‍ഷത്തിലധികമായി യുഎഇയാണ് എന്റെ ദേശം. ഇതുവരെ നേടിയ എല്ലാ വിജയങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നതും ഈ മഹദ് രാഷ്ട്രത്തോടാണ്. സ്വപ്‌നം കണ്ടതിനേക്കാളും ഏറെയാണ് ഈ രാഷ്ട്രം എനിക്ക് നേടിത്തന്നത,്” ഈ നേട്ടത്തില്‍ വളരെ എളിമയുള്ളവനാണെന്നും അതേസമയം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിനത്തില്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നുവെന്നും യൂസഫലി പ്രതികരിച്ചു.

രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന് കരുത്ത് പകരുന്ന ഗോള്‍ഡന്‍ കാര്‍ഡിന്റെ ആദ്യ ഗുണഭോക്താവായി യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് രാജ്യത്തെ ബിസിനസ് പ്രമുഖനും റീറ്റെയ്ല്‍ രാജാവുമായ യൂസഫലിയെ തെരെഞ്ഞടുത്തത്. അബുദാബിയില്‍ യുഎഇയിലെ ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ബ്രിഗേഡിയര്‍ സയീദ് അല്‍ ഷംസിയില്‍ നിന്നുമാണ് യൂസഫലി ഗോള്‍ഡന്‍ കാര്‍ഡ് ഏറ്റുവാങ്ങിയത്. ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുടെ 6,800 ഓളം ഗുണഭോക്താക്കളില്‍ ആദ്യസ്ഥാനക്കാരന്‍ മലയാളിയായത് കേരളത്തിനും ഏറെ അഭിമാനകരമാണ്.

പദ്ധതിയുടെ ആദ്യ ഗുണഭോക്താവായി തന്നെ തെരഞ്ഞെടുത്തതില്‍ രാജ്യത്തെ ഭരണകര്‍ത്താക്കള്‍ക്ക് യൂസഫലി നന്ദി അറിയിച്ചു. അവരുടെ ദീര്‍ഘദര്‍ശനമാണ് യുഎഇയെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും വികസിതവും സഹിഷ്ണതുള്ളതുമായ രാജ്യമാക്കി മാറ്റിയത്. രാഷ്ട്ര നിര്‍മാണത്തില്‍ സുപ്രധാന പങ്ക് വഹിച്ച പ്രധാന നിക്ഷേപകരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഗോള്‍ഡന്‍ കാര്‍ഡ് സ്ഥിരതാമസ പദ്ധതി യുഎഇയുടെ ആഗോള നിക്ഷേപ, ബിസിനസ് പ്രതിച്ഛായ പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പതിയ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും പഴയവരെ നിലനിര്‍ത്തുന്നതിനും പദ്ധതി ഗുണകരമാകുമെന്നും യൂസഫലി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട യൂസഫലിക്ക് ഏതാണ്ട് 4.7 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് കണക്ക്. യൂസഫലി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റെര്‍നാഷ്ണലിന് 22 രാഷ്ട്രങ്ങളിലായി നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും റിയല്‍ എസ്റ്റേറ്റ് ആസ്തികളും സ്വന്തമായുണ്ട്. ഏതാണ്ട് 7.4 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ലാഭമാണ് ലുലു ഗ്രൂപ്പിനുള്ളത്.

ഗോള്‍ഡന്‍ കാര്‍ഡ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതി യുഎഇയില്‍ 100 ബില്യണ്‍ ദിര്‍ഹത്തിലധികം മൂല്യമുള്ള നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ബിസിനസുകാരെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തേക്ക് കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനുമുള്ള വിശാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ ഭാഗമാണ് യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതിനല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡ്.

Comments

comments

Categories: Arabia
Tags: MA Yusafali