അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി പശ്ചിമേഷ്യന്‍ കമ്പനികള്‍

അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി പശ്ചിമേഷ്യന്‍ കമ്പനികള്‍

ആശ്വാസത്തിന് ഒരു വകയുമില്ലാത്ത സാഹചര്യത്തിലാണ് ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്

ദുബായ്: അമേരിക്ക-ഇറാന്‍ പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയും ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുദ്ധസമാനമായ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി സ്വീകരിക്കേണ്ട പദ്ധതി ആസൂത്രണം ശക്തിപ്പെടുത്തുകയാണ് പശ്ചിമേഷ്യന്‍ കമ്പനികള്‍. കഴിഞ്ഞ മാസം പശ്ചിമേഷ്യയില്‍ ഉണ്ടായ ഒന്നിലധികം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആഗോള ബിസിനസുകള്‍ അടക്കം ജീവനക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചും ബിസിനസുകള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നതും സംബന്ധിച്ചും ഉള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് കോര്‍പ്പറേറ്റ് റിസക് മാനേജ്‌മെന്റ് കമ്പനികള്‍ പറയുന്നു.

കഴിഞ്ഞ മാസം യുഎഇയില്‍ നാലോളം എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്ക അടക്കമുള്ളവര്‍ ആരോപിക്കുന്നത്. സമാനമായി സൗദി അറേബ്യയിലെ എണ്ണ സംവിധാനങ്ങളെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ടതും ഇറാനാണെന്ന് അമേരിക്കയും സൗദിയും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സായുധ നീക്കങ്ങളെ നേരിടാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്.

പശ്ചിമേഷ്യയില്‍ അശാന്തി വിതയ്ക്കുന്ന ഈ പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട ഒരു രാഷ്ട്രവും യഥാര്‍ത്ഥത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് കമ്പനികള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. പക്ഷേ അപ്രതീക്ഷിതമായി, അബദ്ധവശാല്‍ എന്തെങ്കിലും സംഭവിച്ചാല്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ എടുത്തുചാടി പ്രവര്‍ത്തിച്ചാല്‍ ഒരു രാഷ്ട്രങ്ങളും അഗ്രഹിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ വഷളാകും എന്ന വലിയ ആശങ്കയാണ് ഉള്ളതെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റെലിജന്‍സ്, ലോജിസ്റ്റിക്‌സ്, അനുബന്ധ ടെക്‌നോളജികളുടെ കമ്പനിയായ സിക്യൂറോ ഗ്രൂപ്പ് സിഒഒ നിജെല്‍ ലീ പറയുന്നത്.

ഇറാനും ലോകശക്തികളും ഉള്‍പ്പെടുന്ന 2015ലെ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറ്റം നടത്തുകയും ഇറാനെതിരായ ഉപരോധങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിയൊരുങ്ങിയത്. ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള അമേരിക്കന്‍ വ്യോമസേനയ്ക്ക് പുറമേ കഴിഞ്ഞ മാസം അമേരിക്ക 1,500 ഓളം സൈനികരെ അധികമായി പശ്ചിമേഷ്യയിലേക്ക് അയച്ചത് ഇറാനെ പ്രകോപിപ്പിച്ചു. അമേരിക്കയുടെ നടപടി ലോകസമാധാനത്തിന് ആപല്‍ക്കരമാണെന്ന് അന്ന് ഇറാന്‍ ഭീഷണി മുഴക്കുകയുണ്ടായി. എന്നാല്‍ യുദ്ധമല്ല, പ്രതിരോധമാണ് അമേരിക്കയുടെ ലക്ഷ്യമെന്നായരുന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനാന്‍ പറഞ്ഞത്. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിന് അയവ് വരുത്തണമെന്ന് പാശ്ചാത്യ രാഷ്ട്രങ്ങളും പ്രാദേശിക നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. മേഖലയിലെ വലിയ തോതിലുള്ള സൈനിക സാന്നിധ്യം ഇതിനോടകം തന്നെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബിസിനസുകളുടെയും ഇന്ധനവ്യാപാരത്തിന്റെയും കേന്ദ്രമായ പശ്ചിമേഷ്യയില്‍ നിയന്ത്രണാതീതമായ സാഹചര്യം ഉടലെടുത്താല്‍ അത് ലോകത്തെയൊന്നാകെ ബാധിക്കുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.

എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നു എന്ന ഒരു സൂചനയും ഇല്ലാത്ത സാഹചര്യത്തിലാണ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതികളുമായി കമ്പനികള്‍ മുന്നോട്ട് പോകുന്നത്. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചും ജീവനക്കാരെ അടക്കം ഒഴിപ്പിക്കുന്നത് സംബന്ധിച്ചും പ്രശ്‌നസാധ്യത നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ചും കോര്‍പ്പറേറ്റ് ബോര്‍ഡുകളില്‍ നിന്നും സെക്യൂരിറ്റി എക്‌സിക്യുട്ടീവുകളില്‍ നിന്നും ചോദ്യങ്ങള്‍ വര്‍ധിച്ചു വരുന്നത് ഇതിന്റെ തെളിവാണെന്ന് റിസ്‌ക് മാനേജര്‍മാര്‍ അഭിപ്രായപ്പെടുന്നു.

യുഎഇയില്‍ ടാങ്കറുകള്‍ അക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതോടെ എക്‌സോണ്‍ മൊബീല്‍ കഴിഞ്ഞ മാസം ദക്ഷിണ ഇറാഖിലെ എണ്ണപ്പാടം മേഖലയില്‍ നിന്നും തങ്ങളുടെ നിരവധി വിദേശ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു.ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയിലെ ഒരു ഊര്‍ജ കമ്പനി ജീവനക്കാരെയും തൊഴിലാളികളെയും തീരപ്രദേശങ്ങളിലേക്ക് മാറ്റുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് കണ്‍സള്‍ട്ടന്റുകള്‍ വെളിപ്പെടുത്തുന്നു. മേഖലയിലെ പ്രധാന ഇന്റെര്‍നാഷ്ണല്‍ ബാങ്കുകളെല്ലാം തന്നെ തങ്ങളുടെ രക്ഷാ പദ്ധതികള്‍ വിലയിരുത്തുകയും പ്രൊഷണല്‍ കമ്പനികള്‍ പദ്ധതി ആസൂത്രണം സംബന്ധിച്ച് വര്‍ക്ക് ഷോപ്പ് നടത്തുകയും ചെയ്യുന്നു. യാത്രാ പദ്ധതികള്‍ മുതല്‍ സാമ്പത്തിക സാധ്യതകള്‍ വരെ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ആപത്ഘട്ടങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു സംഘത്തെ തന്നെ കമ്പനികള്‍ നിയമിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. റിസ്‌ക് രജിസ്റ്ററും ബിസിനസ് തുടര്‍ച്ചാ പദ്ധതിയും തയ്യാറാക്കി അവയുടെ ഫലപ്രാപ്തി പരിശോധിക്കയും വേണം.

Comments

comments

Categories: Arabia
Tags: UAE