സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് വരുന്നു

സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് വരുന്നു
  • സ്വാസ്ഥ്യ കേന്ദ്രങ്ങളിലെ പശ്ചാത്തല സൗകര്യമടക്കം 11 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി റാങ്കിംഗ്
  • മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ മെച്ചപ്പെടല്‍ വിലയിരുത്തും
  • 15 സംസ്ഥാനങ്ങളിലെ ഒരു സ്വാസ്ഥ്യ കേന്ദ്രത്തിന് പോലും മതിയായ നിലവാരമില്ലെന്ന് കണ്ടെത്തല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ഒന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ (പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന) നടത്തിപ്പ് മെച്ചപ്പെടുത്താന്‍ കര്‍മ പദ്ധതികളുമായി കേന്ദ്രം. ഗ്രാമീണ മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി (ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍) പരിവര്‍ത്തനം ചെയ്യാനുള്ള പരിപാടിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം വേഗം കൂട്ടുകയാണ്. സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ നിലവാരം മൂന്നു മാസങ്ങള്‍ കൂടുമ്പോള്‍ വിലയിരുത്തി റാങ്കിംഗ് നല്‍കുന്ന സംവിധാനമാണ് പുതിയതായി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, ചികിത്സ നല്‍കുന്ന രോഗികളുടെ എണ്ണം, ആരോഗ്യ പരിപാലകരുടെ നിശ്ചിത എണ്ണം ഉറപ്പാക്കല്‍, രോഗ നിര്‍ണയത്തിലെ കൃത്യത തുടങ്ങി 11 മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം നിലവാരമുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് നല്‍കും.

ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡിന്റെ (ഐപിഎച്ച്എസ്) മാനദണ്ഡങ്ങളനുസരിച്ച് നിലവാരമുള്ള സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ എണ്ണം രാജ്യത്ത് വെറും ആറ് ശതമാനം മാത്രമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവയെ മെച്ചപ്പെടുത്താനുദ്ദേശിച്ച് റാങ്കിംഗ് കൊണ്ടുവരുന്നത്. 1.58 ലക്ഷം ആരോഗ്യ ഉപ കേന്ദ്രങ്ങളില്‍ 11,000 മാത്രമാണ് ഐപിഎച്ച്എസ് നിലവാരം പുലര്‍ത്തുന്നത്. 25,700 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 3,000 സെന്ററുകളും (12 ശതമാനം) 5,600 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 728 സ്ഥാപനങ്ങളും മാത്രമാണ് മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. ഫെബ്രുവരിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ ഒരു സ്വാസ്ഥ്യ കേന്ദ്രത്തിന് പോലും മതിയായ നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 10 കോടി കുടുംബങ്ങളിലെ 50 കോടിയോളം ആളുകള്‍ക്കാണ് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി നല്‍കേണ്ടത്. ആരോഗ്യ ഉപ കേന്ദ്രങ്ങളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും മതിയായ നിലവാരമുള്ള ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 2019 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 18,000 സെന്ററുകളാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്തിരിക്കുന്നത്. 2022 ആവുമ്പോഴേക്കും 1.5 ലക്ഷം സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റാങ്കിംഗ് സംവിധാനം കൊണ്ടുവരുന്നതോടെ പദ്ധതിയുടെ വേഗം വര്‍ധിപ്പിക്കാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

റാങ്കിംഗ് മാനദണ്ഡങ്ങള്‍

  • സബ് സെന്ററുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്വാസ്ഥ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് 25% റാങ്കിംഗ് പോയന്റ് ലഭിക്കും
  • കെട്ടിടം, മരുന്നുകളുടെ ലഭ്യത, രോഗ നിര്‍ണയം, ജീവനക്കാരുടെ പരിശീലനം തുടങ്ങിയവ വിലയിരുത്തി 20 % പോയന്റുകള്‍ നല്‍കും
  • അര്‍ഹരായ, ഏറ്റവും കൂടുതല്‍ ജനങ്ങളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 15 ശതമാനം പോയന്റ്
  • ഗര്‍ഭിണികളുടെ പരിശോധന, പ്രസവം, വാക്‌സിനേഷന്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ലഭിക്കും
Categories: FK News, Slider