എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കാന്‍ ഒപെക് ഇടപെടും: സൗദി ഊര്‍ജമന്ത്രി

എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കാന്‍ ഒപെക് ഇടപെടും: സൗദി ഊര്‍ജമന്ത്രി

വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ഇടിഞ്ഞ എണ്ണവില സൗദി മന്ത്രിയുടെ ഉറപ്പില്‍ തിരിച്ചുകയറി

റിയാദ്: ആഗോള എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ഒപെക് ഇടപെടുമെന്ന സൗദി അറേബ്യയുടെ ഉറപ്പിനെ തുടര്‍ന്ന് തകര്‍ച്ചയിലായിരുന്ന എണ്ണവില തിരിച്ചുകയറി. അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പ് കുത്തിയ എണ്ണവില സൗദി ഊര്‍ജ മന്ത്രിഖാലിദ് അല്‍ ഫാലിയുടെ പ്രസ്താവനയെ തുടര്‍ന്ന് നില മെച്ചപ്പെടുത്തുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഫ്യൂച്ചേഴ്‌സ് വിപണിയില്‍ 1.7 ശതമാനത്തിന്റെ നേട്ടമുണ്ടായി. വെള്ളിയാഴ്ച്ചത്തെ താഴ്ച്ചയ്ക്ക് ശേഷമായിരുന്നു ഇത്. വ്യാപാര യുദ്ധം എണ്ണ ആവശ്യകത കുറയ്ക്കുമോയെന്ന ആശങ്കയില്‍ മേയ് മാസത്തിലുണ്ടായത് 16 ശതമാനം വിറ്റഴിക്കലായിരുന്നു. അതിന്റെ പരിസമാപ്തിയായിരുന്നു വിപണിയില്‍ വെള്ളിയാഴ്ച്ച ദൃശ്യമായത്.വിപണിയില്‍ സമീപകാലത്തുണ്ടായ ചാഞ്ചാട്ടം അനാവശ്യമാണെന്ന് ഖാലിദ് അല്‍ ഫാലി പറഞ്ഞു. ജൂണിന് ശേഷവും വിപണി സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒപെകും സഖ്യരാഷ്ട്രങ്ങളും വേണ്ട നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

പ്രധാനപ്പെട്ട നിരവധി ഉല്‍പാദകരുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും മുന്‍കാല റെക്കോഡുകളുടെയും അടിസ്ഥാനത്തില്‍ ജൂണിന് ശേഷവും വിപണി സ്ഥിരത ഉറപ്പ് വരുത്തുന്നതിനായി ഒപെക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന തന്റെ ഉറപ്പ് ആവര്‍ത്തിക്കുകയാണെന്ന് ഫാലി പറഞ്ഞു. വിപണി സ്ഥിരതയ്ക്കായി എന്ത് നടപടികളും സ്വീകരിക്കാന്‍ ഒപെക് ബാധ്യസ്ഥരാണെന്നുള്ള കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ഈ ഉറപ്പ് എപ്പോഴും പാലിച്ചിട്ടുണ്ട്. ഇക്കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

വ്യാപാര തര്‍ക്കം വിപണിയില്‍ ആശങ്കകള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് എണ്ണവില ഏപ്രില്‍ അവസാനത്തെ ഉയര്‍ന്ന നിലയില്‍ നിന്നും കഴിഞ്ഞ മാസം 18 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ന്യൂയോര്‍ക്കിലെ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ജൂലൈയിലേക്കുള്ള വെസ്റ്റ്‌ടെക്‌സാസ് ഇന്റര്‍മീഡിയറി ക്രൂഡിന് എണ്ണവില ബാരലിന് 93 സെന്റ് വര്‍ധിച്ച് 54.43 ഡോളര്‍ ആയി. നേരത്തെ ഇതിന് 1.39 ഡോളര്‍ വരെ വില ഇടിഞ്ഞിരുന്നു.

ആഗസ്റ്റിലേക്കുള്ള ബ്രെന്റ് ക്രൂഡിന് ലണ്ടനിലെ ഐസിഇ ഫ്യൂച്ചേഴ്‌സ് യൂറോപ്പ് എക്‌സ്‌ചേഞ്ചില്‍ ബാരലിന് 66 സെന്റ് വര്‍ധിച്ച് 62.65 ഡോളര്‍ ആയി വില കൂടി.

Comments

comments

Categories: Arabia
Tags: Oil crisis, OPEC