നിപ; ജാഗ്രതയോടെ പ്രതിരോധിക്കാം

നിപ; ജാഗ്രതയോടെ പ്രതിരോധിക്കാം

ഭയപ്പെടാതെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന മുന്‍കരുതലുകള്‍ വിശ്വാസത്തിലെടുത്ത് നിപയെ പ്രതിരോധിക്കുന്നതിന് ഒറ്റക്കെട്ടായി നിലകൊള്ളാം

പനി ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ആശങ്കയുടെ നാളുകളിലേക്ക് എത്തിയിരിക്കുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് നിപ സംബന്ധിച്ച സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ യുവാവിന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയത്. സാധാരണ ജനജീവിതം മുതല്‍ സാമ്പത്തിക രംഗത്തെ വരെ ബാധിക്കാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ തന്നെ കനത്ത ജാഗ്രതയോടെ വേണം നിപയെ പ്രതിരോധിക്കാന്‍. ഭയപ്പാടോ വ്യാജപ്രചരണങ്ങളോ ഇല്ലാതെ നിപയെക്കുറിച്ച് മനസിലാക്കിയുള്ള പ്രതിരോധമാണ് കൈക്കൊള്ളേണ്ടത്.

രോഗിയുമായി ബന്ധപ്പെട്ട നാല് പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരുടെയും അവസ്ഥ ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. നിരവധി പേര്‍ നിരീക്ഷണത്തിലുമുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2018 മേയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് അപ്രതീക്ഷിതമായിരുന്നു രോഗത്തിന്റെ വരവെന്നതിനാല്‍ തന്നെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമായിരുന്നു നമ്മള്‍ നേരിട്ടത്. എന്നാല്‍ ആ അവസ്ഥയെ അതിജീവിക്കാന്‍ സാധിച്ചതിന്റെ കരുത്തുമായാണ് ഇപ്പോള്‍ നിപയെ നേരിടുന്നത്. വലിയ കാലതാമസമില്ലാതെ നിപയെ നിയന്ത്രണവിധേയമാക്കാനും നിപ ബാധിച്ചുള്ള മരണസംഖ്യ 17ല്‍ നിര്‍ത്താനും കേരളത്തിന് സാധിച്ചു. അന്ന് നിപ ബാധിച്ച രോഗികള്‍ എത്തിയാല്‍ പരിചരിക്കാനുള്ള സംവിധാനം പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. മുന്‍കരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കല്‍ കോളെജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളത്തിനോട് സമീപമുള്ള ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡ് സൗകര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചികില്‍സയ്ക്ക് റിബാവിറിന്‍ മരുന്ന് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നുള്ള ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസമേകുന്നതാണ്.

നിപയെ പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാരും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. രോഗത്തെ നേരിടുന്നതിന്റെ ഭാഗമായി ഡെല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നതിനായി പ്രത്യേകം വിമാനം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഭയപ്പാടല്ല ഈ അവസരത്തില്‍ വേണ്ടത്, മറിച്ച് ജാഗ്രതയാണ്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ തയാറാകണം. നിപ്പയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നുവരുന്ന വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം വിശ്വസിക്കുക. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണിത്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യത. അതിനാല്‍ വവ്വാലുകള്‍ ഭക്ഷിച്ചുവെന്ന് സംശയിക്കുന്ന പഴങ്ങള്‍ എല്ലാം ഒഴിവാക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണം. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന മാര്‍ഗരേഖകള്‍ എല്ലാവരും അറിഞ്ഞിരിക്കുന്നതും ഗുണം ചെയ്യും.

Categories: Editorial, Slider