#മീ ടൂ പോലെ, ജപ്പാനില്‍ #KuToo തരംഗമാകുന്നു

#മീ ടൂ പോലെ, ജപ്പാനില്‍ #KuToo തരംഗമാകുന്നു

ടോക്യോ: ഹാഷ് ടാഗ് ക്യാംപെയ്‌നുകളുടെ കാലമാണല്ലോ ഇത്. ഒരു പക്ഷേ മീ ടൂ ക്യാംപെയ്‌നായിരിക്കാം ഇതിനു തുടക്കമിട്ടത്. ഹോളിവുഡില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലായിരുന്നു മീ ടൂ ക്യാംപെയ്ന്‍. ഹോളിവുഡില്‍നിന്നും അധികം താമസിയാതെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും മീ ടൂ തരംഗം പടര്‍ന്നു. 2017 ഒക്ടോബറില്‍ ഹോളിവുഡ് നടി അലീസ മിലാനോയുടെ ട്വീറ്റിലൂടെയാണു മീ ടൂ ക്യാംപെയ്‌നിനു വലിയ പ്രചാരം ലഭിച്ചത്. മീ ടൂ പ്രധാനമായും കൈകാര്യം ചെയ്തത് ഒരു സ്ത്രീപക്ഷ പ്രശ്‌നമായിരുന്നു. മീ ടൂ പോലെ ഇപ്പോള്‍ ഇതാ ജപ്പാനില്‍ ഒരു പുതിയ ക്യാംപെയ്ന്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ പ്രചാരണവും സ്ത്രീപക്ഷ പ്രശ്‌നമാണു ഉയര്‍ത്തിക്കാട്ടുന്നത്. കു ടൂ മൂവ്‌മെന്റ് എന്നാണ് പേര്. വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ മീഡിയ ക്യാംപെയ്‌നാണിത്.

ജോലിയില്‍ സ്ത്രികള്‍ ഉയര്‍ന്ന ഹീലുള്ള ചെരുപ്പ് ധരിക്കാന്‍ കമ്പനികള്‍ ആവശ്യപ്പെടുന്ന രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു കു ടൂ പ്രചാരണത്തിന്റെ ഭാഗമായി സര്‍ക്കാരിന് ഏകദേശം 20,000 സ്ത്രീകള്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ്. കു ടൂ പ്രചാരണത്തിനു തുടക്കമിട്ടത് നടിയും ഫ്രീലാന്‍സ് എഴുത്തുകാരിയുമായ യുമി ഇഷികാവയാണ്. പാര്‍ട്ട് ടൈം ജോലിക്കിടെ ഇവരോട് ഹൈ ഹീല്‍ ചെരുപ്പ് ധരിക്കാന്‍ ആവശ്യപ്പെട്ട കാര്യം ട്വീറ്റ് ചെയ്തു കൊണ്ടാണ് യുമി ഇഷികാവ പ്രചാരണം തുടങ്ങിയത്. തൊഴിലിടങ്ങളില്‍ സ്ത്രീകളോട് ഹൈ ഹീല്‍ ചെരുപ്പ് ധരിക്കാന്‍ ആവശ്യപ്പെടുന്നത് ലിംഗപരമായ വിവേചനമാണെന്നു യുമി പറഞ്ഞു. അതൊരു പീഡനം കൂടിയാണെന്നും അവര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: FK News
Tags: #kutoo, Metoo