ഇന്‍ഷുറന്‍സ് ലയനം വേഗത്തിലാക്കും

ഇന്‍ഷുറന്‍സ് ലയനം വേഗത്തിലാക്കും

നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ ലയനം പ്രഖ്യാപിച്ചത് 2018 ബജറ്റില്‍

ന്യൂഡെല്‍ഹി: മൂന്നു പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തമ്മില്‍ ലയിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കുമെന്ന് സൂചന. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പദ്ധതിയുടെ സമയക്രമം സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചേക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ആറുമാസം വേണ്ടിവരുമെന്നാണ് അനുമാനം. 2018 ബജറ്റിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കോ ലിമിറ്റഡ് എന്ന സ്ഥാപനങ്ങള്‍ ലയിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഏണസ്റ്റ് & യംഗ് ആണ് ലയന പദ്ധതിയുടെ ഉപദേശകര്‍.

ബജറ്റില്‍ സമയക്രമം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായാലും മോശം സാമ്പത്തിക സ്ഥിതി, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്, ശാഖകളുടെ പുനസംഘടന, ജീവനക്കാരുടെ കാര്യക്ഷമമായ വിന്യാസം തുടങ്ങിയ വിഷയങ്ങള്‍ വലിയകടമ്പകളായേക്കും. അനിശ്ചിതമായി പദ്ധതി നീട്ടിവെക്കുന്നത് ഇന്‍ഷുറസ് മേഖലയില്‍ അസ്ഥിരതയ്ക്ക് കാരണമാകുമെന്നതിനാല്‍ എത്രയും വേഗം ലയനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദീപം), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ലയനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണ്. നിക്ഷേപ സമാഹരണത്തിനും പൊതുമേഖലയിലെ ഏകീകരണമെന്ന സര്‍ക്കാര്‍ നയം മുന്നോട്ട് കൊണ്ടുപോകാനും പരിപാടി സഹായിക്കും.

Categories: FK News, Slider