വാവേയ്ക്ക് ‘പ്ലാന്‍ ബി’ ഉണ്ട്, ചൈനയില്‍ ടിം കുക്കിന് ‘പ്ലാന്‍ ബി’ ഉണ്ടോ ?

വാവേയ്ക്ക് ‘പ്ലാന്‍ ബി’ ഉണ്ട്, ചൈനയില്‍ ടിം കുക്കിന് ‘പ്ലാന്‍ ബി’ ഉണ്ടോ ?

യുഎസ്-ചൈന വ്യാപാര യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന്റെ പ്രത്യാഘമുണ്ടാകുന്നത് ടെക് കമ്പനികള്‍ക്കു മേലാണ്. വാവേയ് എന്ന ചൈനീസ് കമ്പനിയെ യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അതിനെ മറികടക്കാനുള്ള സംവിധാനം അഥവാ പ്ലാന്‍ ബി തങ്ങളുടെ കൈവശമുണ്ടെന്നു വാവേയ് പറയുകയുണ്ടായി. വാവേയ് എന്ന ചൈനീസ് കമ്പനിക്കു നേരേ യുഎസ് തിരിഞ്ഞ സാഹചര്യത്തില്‍, ആപ്പിളിനെതിരേ ചൈന തിരിയാന്‍ സാധ്യതയേറിയിരിക്കുകയാണ്. കുറ്റമറ്റ വിതരണശൃംഖല തീര്‍ത്തും, ചൈനക്കാരെ ആകര്‍ഷിക്കും വിധം ഉത്പന്നങ്ങള്‍ നിര്‍മിച്ചുമാണ് ടിം കുക്ക് ചൈനയില്‍ ആപ്പിളിനു വിപണിയുണ്ടാക്കിയെടുത്തത്. അതിനു പിന്നില്‍ വര്‍ഷങ്ങളുടെ അധ്വാനമുണ്ടായിരുന്നു. ചൈന പോലൊരു വിപണിയെ ഇനി കണ്ടെത്തുക എന്നതും ആപ്പിളിനു വെല്ലുവിളി നിറഞ്ഞതായിരിക്കും.

ആപ്പിളിന്റെ മേധാവിയാകുന്നതിന് ഒത്തിരി മുമ്പ്, ടിം കുക്ക് കമ്പനിയുടെ വിതരണ ശൃംഖലയുമായി (സപ്ലൈ ചെയ്ന്‍) ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കുന്നതില്‍ വ്യാപൃതനായിരുന്ന കാലത്ത്, ആപ്പിളിന്റെ ഫോണ്‍ ഉല്‍പ്പാദന പ്രക്രിയയില്‍ ഭാഗമായ ചൈനയിലുള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ടു ചില പ്രശ്‌നങ്ങളുണ്ടെന്നു മനസിലാക്കി. ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ആരെങ്കിലും ഒരാള്‍ ചൈനയിലുണ്ടാകേണ്ടതായിരുന്നെന്ന് അദ്ദേഹം ആപ്പിള്‍ ജീവനക്കാരോട് പറഞ്ഞു. ഇതു പറഞ്ഞു കഴിഞ്ഞു മുപ്പത് മിനിറ്റിനു ശേഷവും കമ്പനിയിലെ ഉത്തരവാദപ്പെട്ട എക്‌സിക്യൂട്ടിവ് യാതൊരു കുലുക്കവുമില്ലാതെ ഒരു മേശയ്ക്കു സമീപം ഇരിക്കുന്നത് കുക്ക് കണ്ടു. ഇതു കണ്ടു ദേഷ്യം വന്ന കുക്ക് അയാളോട് വീണ്ടും ചോദിച്ചു.
‘ നിങ്ങള്‍ ഇപ്പോഴും എന്താണ് ഇവിടെയിരിക്കുന്നത് ‘ ? ആ എക്‌സിക്യൂട്ടിവ് എണീറ്റു, നേരെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലേക്കു പോയി, ചൈനയിലേക്കൊരു ടിക്കറ്റുമെടുത്തു.
രസകരമായ ഈ സംഭവകഥയെ കുറിച്ച് വാള്‍ട്ടര്‍ ഐസക്ക്‌സണ്‍സ് ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥയില്‍ വിസ്തരിച്ചു പറയുന്നുണ്ട്. 2011 ഒക്ടോബറില്‍ സ്റ്റീവ് ജോബ്‌സ് അന്തരിച്ചതിനെ തുടര്‍ന്ന് ആപ്പിളിന്റെ നേതൃസ്ഥാനമേറ്റെടുത്ത ടിം കുക്കിന്റെ മാനേജ്‌മെന്റ് ശൈലിയെ കുറിച്ചു വായനക്കാര്‍ക്ക് ഒരു ഉള്‍ക്കാഴ്ച തരുന്നതാണ് ഈ സംഭവകഥ. മുന്‍കോപിയായ സര്‍ഗാത്മക പ്രതിഭയായിരുന്നു (irascible creative genius) സ്റ്റീവ് ജോബ്‌സ്. ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഉല്‍പ്പന്നങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും ജോബ്‌സിന്റെ മിടുക്കും ബുദ്ധിയുമാണ്. ജോബ്‌സായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. എന്നാല്‍, ആപ്പിളിന്റെ വിജയത്തില്‍ നിര്‍ണായകമായ ബന്ധം സ്ഥാപിക്കലിന് (cement a relationship), അതും ചൈനയുമായി ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത് ടിം കുക്കിന്റെ മിടുക്കായിരുന്നു. അണിയറയില്‍ നിന്ന് പ്രവര്‍ത്തിക്കാനായിരുന്നു ടിം കുക്ക് ഇഷ്ടപ്പെട്ടിരുന്നതും-പുസ്തകത്തില്‍ വിവരിക്കുന്നു.

മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ അമേരിക്കയില്‍ നിര്‍മിക്കാനാണ് ആപ്പിളിന്റെ ആദ്യ കാലങ്ങളില്‍ ജോബ്‌സ് ആഗ്രഹിച്ചത്. എല്ലാം അമേരിക്കയില്‍ തന്നെ നിര്‍മിക്കണമെന്ന നിര്‍ബന്ധ ബുദ്ധി സ്റ്റീവ് ജോബ്‌സിനുണ്ടായിരുന്നു. ട്രേഡ്മാര്‍ക്ക് ബാധ കയറിയ വ്യക്തിയായിരുന്നു ജോബ്‌സ് എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ കുക്ക് 1998-ല്‍ ആപ്പിളില്‍ ജോലിക്കു ചേര്‍ന്നതോടെ, ഈ രീതികളെല്ലാം ഉടച്ചുവാര്‍ത്തു. ആപ്പിള്‍ കമ്പനിയില്‍ അദ്ദേഹം ഒരു തൊഴില്‍ നൈതികത (work ethic) സൃഷ്ടിച്ചു. ഏഷ്യയില്‍ വെല്ലുവിളിക്കാന്‍ പറ്റാത്ത വിധമുള്ള ഒരു വിതരണ ശൃംഖലയ്ക്ക് (സപ്ലൈ ചെയ്ന്‍) അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തു. ഇന്ന് ആപ്പിളിന്റെ ഏറെക്കുറെ എല്ലാ ഐ ഡിവൈസുകളിലും എഴുതിവച്ചിരിക്കുന്നത് ‘ Designed by Apple in California. Assembled in China’ (കാലിഫോര്‍ണിയയില്‍ ആപ്പിള്‍ രൂപകല്‍പ്പന ചെയ്തത്. ചൈനയില്‍ അസംബിള്‍ ചെയ്തത്) എന്നാണ്. ചൈനയുമായി അത്രയേറെ അടുത്തബന്ധമാണു ടിം കുക്ക് സ്ഥാപിച്ചെടുത്തത്.
ചൈനയെ ലക്ഷ്യമിട്ടു കൊണ്ടുള്ള കുക്കിന്റെ പരീക്ഷണങ്ങള്‍ ഫാക്ടറി സ്ഥാപിക്കുന്നതും കടന്ന് ഉപഭോക്താക്കളിലേക്കുമെത്താന്‍ അധികം കാലമെടുത്തില്ല. അതായത്, ചൈനയില്‍ ആപ്പിളിന്റെ ഫാക്ടറികള്‍ നിര്‍മിക്കുക മാത്രമല്ല, ചൈനക്കാരെ കൂടി ആകര്‍ഷിക്കും വിധം ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ചു ടിം കുക്ക്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ചൈന, ഹോങ്കോങ്, തായ്‌വാന്‍ ഉള്‍പ്പെടുന്ന പ്രദേശത്തു കഴിഞ്ഞ വര്‍ഷത്തെ ആപ്പിളിന്റെ വില്‍പ്പന 52 ബില്യന്‍ ഡോളറായിരുന്നെന്നു കേള്‍ക്കുമ്പോള്‍ മനസിലാക്കാം കുക്കിന്റെ വിജയം എത്രത്തോളമാണെന്ന്. 52 ബില്യന്‍ ഡോളറെന്നത് ആപ്പിളിന്റെ മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്നു വരും.

സമീപകാലത്തു ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാരയുദ്ധത്തിനു തുടക്കമിട്ടപ്പോള്‍ ടിം കുക്ക് വാഷിംഗ്ടണിലേക്കും ബീജിംഗിലേക്കും പറക്കുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരയുദ്ധത്തിന്റെ തീവ്രതയ്ക്കു ശമനമുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു കുക്ക് ശ്രമിച്ചത്. കുക്കിന് അറിയാം, വ്യാപാരയുദ്ധം തീവ്രമാവുകയാണെങ്കില്‍ അതിന്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത്, ആപ്പിളിനായിരിക്കുമെന്ന്. കാരണം ചൈനയില്‍ അമേരിക്കന്‍ വിരുദ്ധ വികാരം വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും അവിടെ ബഹിഷ്‌കരിച്ചേക്കാം. അതു പോലെ അമേരിക്ക, ചൈനയുടെ ടെക് ചാംപ്യനെന്നു വിശേഷിപ്പിക്കുന്ന വാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പകരം വീട്ടാന്‍ ചൈന ആപ്പിളിനെയായിരിക്കും തെരഞ്ഞെടുക്കുന്നത്. ഇൗ സാഹചര്യം ഒഴിവാക്കാനാണു കുക്ക് ശ്രമിച്ചത്. ഒരു പരിധി വരെ കുക്കിന്റെ ശ്രമങ്ങള്‍ വിജയം കണ്ടെന്നു വേണം അനുമാനിക്കാന്‍. കാരണം, ചൈനയില്‍നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്ത 250 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന വസ്തുക്കള്‍ക്കു നികുതി ചുമത്തിയ ട്രംപിന്റെ പ്രഹരത്തില്‍നിന്നും ആപ്പിളിനെ ഒഴിവാക്കാന്‍ ലോബിയിംഗിലൂടെ കുക്കിനു സാധിച്ചു. എങ്കിലും കഴിഞ്ഞ മാസം ആപ്പിളിന്റെ ഓഹരി മൂല്യം 12 ശതമാനത്തോളം ഇടിയുകയുണ്ടായി. ചൈന അമേരിക്കയിലേക്കു കയറ്റി അയച്ച വസ്തുക്കള്‍ക്കു നികുതി ചുമത്തിയ അമേരിക്കയുടെ തീരുമാനത്തിനെതിരേ ചൈനയും നടപടിക്കൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ചൈനയിലേക്ക് ഇറക്കുമതി ചെയ്ത അമേരിക്കയുടെ 60 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന വസ്തുക്കള്‍ക്കു ചൈനയും നികുതി ചുമത്താനിരിക്കുകയാണ്. വ്യാപാര യുദ്ധം കൂടുതല്‍ തീവ്ര തലത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ അമേരിക്കയിലേക്കു ചൈന ഇറക്കുമതി ചെയ്യുന്ന 300 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന വസ്തുക്കള്‍ക്കു 25 ശതമാനം നികുതി കൂടി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ അത് ആപ്പിളിന്റെ പ്രധാന വരുമാന സ്രോതസായ ഐ ഫോണിനെയും ബാധിക്കും. ഇപ്പോള്‍ വിപണിയില്‍ 999 ഡോളര്‍ വിലയുള്ള ഐ ഫോണ്‍ xs ന്റെ വില 160 ഡോളര്‍ കൂടി വര്‍ധിച്ച് 1159 ഡോളറിലെത്തുമെന്നാണു മോര്‍ഗന്‍ സ്റ്റാന്‍ലി ബാങ്ക് പ്രവചിക്കുന്നത്. ഇത്തരത്തില്‍ വരുന്ന അധിക ചെലവിന്റെ ഭാരം ആപ്പിള്‍ ഉപഭോക്താക്കളുടെ മേല്‍ കൈമാറാനും സാധ്യതയുണ്ട്. പക്ഷേ, എന്തു തന്നെയായാലും അത് ആത്യന്തികമായി ബാധിക്കുന്നത് ആപ്പിളിന്റെ ലാഭത്തെ തന്നെയായിരിക്കും.

ചൈനയെ ആപ്പിളിന് ഉപേക്ഷിക്കേണ്ടി വരുമോ

സമീപകാലത്തു ദേശീയ സുരക്ഷയ്ക്കും, വിതരണ ശൃംഖലയ്ക്കും ഭീഷണി ഉയര്‍ത്തുന്ന കാര്യങ്ങളെ നിയന്ത്രിക്കുന്നതിനായി ചൈന സൈബര്‍ സെക്യൂരിറ്റി റെഗുലേഷന്‍ എന്ന പേരില്‍ ഒരു കരട് രൂപം പുറത്തിറക്കുകയുണ്ടായി. ഈ നിയന്ത്രണം ചൈന അമേരിക്കയ്ക്ക് എതിരേ പ്രയോഗിക്കുകയാണെങ്കില്‍ അത് ആപ്പിള്‍ ഉള്‍പ്പെടുന്ന അമേരിക്കയുടെ ടെക് കമ്പനികളെയായിരിക്കും ബാധിക്കുക. പ്രത്യക്ഷത്തില്‍ ഈ നിയന്ത്രണം അമേരിക്കയ്ക്കു ദോഷകരമായി ഭവിക്കുമെന്നു തോന്നുമെങ്കിലും അതിന്റെ യഥാര്‍ഥ നഷ്ടം സംഭവിക്കുന്നത് ചൈനയ്ക്കു തന്നെയായിരിക്കുമെന്നു വിദഗ്ധര്‍ പറയുന്നു. കാരണം ആപ്പിള്‍ പ്രതിവര്‍ഷം ചൈനയുടെ സമ്പദ്ഘടനയ്ക്കു സമ്മാനിക്കുന്നത് ഏകദേശം 24 ബില്യന്‍ ഡോളറാണ്. ഇതുകൂടാതെ, 2.5 ദശലക്ഷം ചൈനീസ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ ആപ്പിളിന്റെ ഐഒഎസ് ഓപറേറ്റിംഗ് സിസ്റ്റത്തിനായി ആപ്പ് രൂപപ്പെടുത്തുന്നുമുണ്ട്. ആപ്പിളിനെതിരേ ചൈന തിരിയുകയാണെങ്കില്‍, ഒരു ബദല്‍ മാര്‍ഗം കണ്ടെത്തുകയെന്നത് ആപ്പിളിനു വെല്ലുവിളിയായിരിക്കും. ചൈനയില്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാതെ വില്‍പ്പന നടത്താവുന്ന ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വികസിപ്പിച്ചെടുക്കാനായിരിക്കും ആപ്പിള്‍ ശ്രമിക്കുന്നത്. സമീപകാലത്ത്, വീഡിയോ സ്ട്രീമിംഗ്, പെയ്‌മെന്റ്‌സ് പോലുള്ള സേവനങ്ങള്‍ ആപ്പിള്‍ ആരംഭിച്ചതും ഈയൊരു കാര്യം മുന്നില്‍ക്കണ്ടു കൊണ്ടായിരിക്കണം.

Comments

comments

Categories: Top Stories
Tags: huawei