തലയ്‌ക്കേല്‍ക്കുന്ന ഒരു ആഘാതവും ചെറുതല്ല

തലയ്‌ക്കേല്‍ക്കുന്ന ഒരു ആഘാതവും ചെറുതല്ല

നിസാര മസ്തിഷ്‌ക മുറിവുകള്‍ പോലും ആളുകളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കും

തലയ്‌ക്കേല്‍ക്കുന്ന ചെറിയ ആഘാതം പോലും ആളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാനുള്ള സാധ്യതയേറെയാണെന്ന് യുഎസ് പഠനം സൂചിപ്പിക്കുന്നു. മസ്തിഷ്‌കത്തിനേല്‍ക്കുന്ന ഗുരുതര മുറിവുകളുടെ ഫലമായി ദീര്‍ഘകാല തിരിച്ചറിയല്‍ പ്രശ്‌നങ്ങളും ശാരീരിക വൈകല്യങ്ങളുമുണ്ടാകുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചെറിയ തട്ടലോ മുറിവോ പോലും നിത്യജീവിതത്തിലെ താളം തെറ്റിക്കുമെന്നാണ് ജാമ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നത്. പഠനത്തില്‍ തലയ്ക്കു ചെറിയ മുറിവേറ്റ 1,154 രോഗികളെയും എല്ലുകള്‍ക്ക് ഒടിവോ ചതവോ ഉള്ള 299 രോഗികളെയുമാണ് പങ്കാളികളാക്കിയത്. എന്നാല്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.

പരുക്കേറ്റ് രണ്ട് ആഴ്ചകള്‍ക്കു ശേഷം, തലയ്ക്ക് പരുക്കേറ്റ 87 ശതമാനം രോഗികളും മറ്റ് പരുക്കുകള്‍ പറ്റിയ 93 ശതമാനം രോഗികളും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പരിമിതി അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആറുമാസം കഴിഞ്ഞും ഇതേ ഗ്രൂപ്പുകള്‍ ഇത്തരം ചലനപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് തുടര്‍ന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം, മസ്തിഷ്‌കത്തിനു പരുക്കേറ്റ രോഗികളുടെ നില കൂടുതല്‍ വഷളായി. ഈ ഘട്ടത്തില്‍, ഇവരില്‍ 53 ശതമാനം പേര്‍ ഇത്തരം ശാരീരികാവശതകള്‍ നേരിട്ടപ്പോള്‍ മറ്റ് ട്രോമ രോഗികളില്‍ 38 ശതമാനം മാത്രമാണ് അവശതയനുഭവിച്ചത്. ദൗര്‍ഭാഗ്യവശാല്‍, തലച്ചോറിന് പരുക്കേറ്റ പല രോഗികളും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നില്ല.

തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ രോഗികള്‍ക്ക് മിക്കവാറും ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗൗരവമേറിയ പരിചരണം ലഭിക്കുന്നുണ്ടെങ്കിലും നിസാരപരുക്കേല്‍ക്കുന്നവരെ എങ്ങനെ ചികില്‍സിക്കണമെന്ന കാര്യത്തില്‍ ഒരു സമവായമുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. വളരെ നിസാരമെന്നു കരുതപ്പെടുന്ന മസ്തിഷ്‌കാഘാതങ്ങള്‍ പോലും നിരന്തര ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതു കാലക്രമത്തില്‍ ശാരീരികവൈകല്യങ്ങള്‍ക്കും അംഗവൈകല്യങ്ങള്‍ക്കും അവശതകള്‍ക്കും കാരണമാകുന്നു. ഇത്തരം അപകടങ്ങള്‍ നിസാരമെന്നു കരുതി ആളുകള്‍ ചികില്‍സിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ച്.

വാഹനാപകടങ്ങളാണ് ഏറ്റവും കൂടുതല്‍ തലയ്ക്കു പരുക്കുകള്‍ ഉണ്ടാക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമായി, 36 ശതമാനം. തൊട്ടുപിന്നിലായി 24 ശതമാനം നിരക്കില്‍ വീഴ്ച മൂലമുണ്ടാകുന്ന പരുക്കുകളാണ്. തലയ്ക്കു പരുക്കേറ്റ രോഗികളില്‍ മിക്കവര്‍ക്കും ബോധം നഷ്ടപ്പെടുകയും നാലില്‍ മൂന്നു പേര്‍ക്ക് സ്മൃതിഭ്രംശം ഉണ്ടാകുകയും ചെയ്യുന്നു. മറ്റു പരുക്കുകളേറ്റ രോഗികളില്‍ ഇത്തരം അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരുക്കുകള്‍ പറ്റി രണ്ടാഴ്ച്ചക്കുള്ളില്‍, പലപ്പോഴും പലര്‍ക്കും ജോലിയും മറ്റ് സങ്കീര്‍ണ്ണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇവരുടെ സാമൂഹ്യവല്‍ക്കരണ പ്രവര്‍ത്തനവും വഷളാക്കുമായിരുന്നു.

ഒരു വര്‍ഷത്തിനുശേഷം ഇരു ഗ്രൂപ്പുകളിലുമുള്ള രോഗികളില്‍ 17 ശതമാനത്തിനും ജോലിചെയ്യാനും മറ്റ് സങ്കീര്‍ണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. തലയ്ക്കു പരുക്കേറ്റ രോഗികളില്‍ 17 ശതമാനത്തിനും മറ്റ് അവയവങ്ങള്‍ക്ക് പരുക്കേറ്റവരില്‍ 18 ശതമാനത്തിനും സാമൂഹ്യവല്‍ക്കരണത്തിനു ക്ലേശമനുഭവപ്പെട്ടിരുന്നു. തലയ്ക്കു പരുക്കേല്‍ക്കുന്ന എല്ലാവരും അത് നിസാരമായി തള്ളാതെ ചികില്‍സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ പരക്കെ സ്വീകരിക്കപ്പെടുന്ന ചികില്‍സ വിശ്രമമാണ്. പരുക്കുകള്‍ക്ക് ചികില്‍സ തേടുന്നത് രോഗികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നത് തടയാന്‍ സഹായിക്കും. ഇത് രണ്ടാമത് വരാനിടയുള്ള ആഘാതങ്ങള്‍ മൂലം പ്രശ്‌നം വഷളാകാതിരിക്കാനും തിരിച്ചറിയല്‍ ശേഷി നഷ്ടപ്പെടാതിരിക്കാനും ഗുണകരമാണ്.

Comments

comments

Categories: Health