ആ ‘നെറ്റിപ്പട്ടം’ മോദിക്കായി നിര്‍മല വീണ്ടെടുക്കുമോ?

ആ ‘നെറ്റിപ്പട്ടം’ മോദിക്കായി നിര്‍മല വീണ്ടെടുക്കുമോ?
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കിതച്ചുനില്‍ക്കുമ്പോഴാണ് നിര്‍മലയുടെ വരവ്. അത്ര ശുഭാരംഭമല്ല കാര്യങ്ങള്‍. ആനയ്ക്ക് നെറ്റിപ്പട്ടം പോലെ, ഇന്ത്യയുടെ കുതിപ്പ് അടയാളപ്പെടുത്താന്‍ അവസരത്തിലും അനവസരത്തിലുമെല്ലാം നമ്മുടെ രാഷ്ട്രീയക്കാര്‍ ആഘോഷിച്ച, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ആ വിശേഷണം നഷ്ടമായി. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സാമ്പത്തികപരമായും ഏറ്റവും വെല്ലുവിളി നേരിടുന്ന ടീം മോദിയിലെ മന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ്

ക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിപണിയെ അല്‍പ്പമൊന്ന് അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ധനമന്ത്രിയെ തെരഞ്ഞെടുത്തത്. ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ, രാജ്യത്തിന്റെ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തിളങ്ങിയ നിര്‍മല സീതാരാമനാണ് പുതിയ സാമ്പത്തിക ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. അരുണ്‍ ജയ്റ്റ്‌ലി ഒഴിച്ചിട്ടുപോയ കസേരയില്‍ പീയുഷ് ഗോയല്‍ എത്തുമെന്നായിരുന്നു ആദ്യം കരുതിയത്. വിപണിക്ക് താല്‍പ്പര്യവും അതായിരുന്നു. പിന്നീട് കേട്ടതാകട്ടെ, ‘ശക്തരില്‍ ശക്ത’നായ അമിത് ഷായുടെ പേര്. അതും കഴിഞ്ഞുള്ള സര്‍പ്രൈസായിരുന്നു നിര്‍മല.

ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനകാര്യവകുപ്പിന്റെ അമരത്തെത്തുന്ന ആദ്യ വനിതയെന്നുള്ള ആഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ തകൃതിയാണ്. ഇന്ദിര പ്രധാനമന്ത്രിയായിരിക്കെയാണ് ഒരു വര്‍ഷത്തോളം ധനകാര്യവകുപ്പിന്റെ ചുമതലകൂടി വഹിച്ചത്. അതിനാല്‍ തന്നെ രാജ്യത്തിന്റെ ആദ്യ മുഴുവന്‍സമയ വനിതാധനകാര്യമന്ത്രിയെന്ന് നിര്‍മലയെ വിശേഷിപ്പിക്കുന്നതാകും ഉചിതം.

ആരംഭം ശുഭമല്ല

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായും ഇന്ത്യ ആഘോഷിക്കപ്പെട്ടു, മേയ് 31 വെള്ളിയാഴ്ച്ച വരെ. ആനയ്ക്ക് നെറ്റിപ്പട്ടം പോലെ, ഇന്ത്യയുടെ കുതിപ്പ് അടയാളപ്പെടുത്താന്‍ നമ്മുടെ രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ധരും കുറച്ച് നാളുകളായി ഉപയോഗിച്ചുവരുന്ന വിശേഷണമായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യ വരവില്‍ നടപ്പാക്കിയ ചില ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളെ തുടര്‍ന്ന് വിവിധ വ്യവസായ മേഖലകളില്‍ തിരിച്ചടി നേരിട്ടിരുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തെയും ഓട്ടോമൊബീല്‍ മുതല്‍ റിയല്‍ എസ്‌റ്റേറ്റ് വരെയുള്ള മേഖലകളെയുമെല്ലാം അത് സാരമായി ബാധിക്കുകയും ചെയ്തു. ‘നമോണോമിക്‌സി’ന്റെ ‘തച്ചുടയ്ക്കല്‍’ ദീര്‍ഘകാലനന്മ ലാക്കാക്കിയാണെന്നായിരുന്നു ഒരു കൂട്ടം സാമ്പത്തികവിദഗ്ധരുടെ പക്ഷം.

ട്രെയ്ന്‍ പാളം മാറുമ്പോള്‍ ചെറിയൊരു കുലുക്കവും കുറച്ചുസമയത്തേക്ക് യാത്രയുടെ വേഗത കുറയുമെന്നുമുള്ള ന്യായീകരണത്തില്‍ കാര്യവും കാര്യമില്ലായ്മയുമുണ്ടെങ്കിലും, സാമ്പത്തികരംഗത്ത് ഒരു ഉടച്ചുവാര്‍ക്കലുണ്ടായി എന്നത് നേരുതന്നെയാണ്. സമ്പദ് വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണമെന്നെല്ലാം സിദ്ധാന്തവല്‍ക്കരിക്കാമെങ്കിലും അതിന് കടകവിരുദ്ധമായ പല കാര്യങ്ങളുമുണ്ടായി എന്നതും വിസ്മരിക്കരുത്.

എന്തായാലും അതിന്റെയെല്ലാം ആഘാതം മാഞ്ഞുതുടങ്ങിയെന്നും കാര്യങ്ങള്‍ പയ്യെ പയ്യെ ട്രാക്കിലേക്ക് കയറിയെന്നുമെല്ലാമായിരുന്നു സമീപകാലത്തുവന്ന വിലയിരുത്തലുകള്‍. എന്നാല്‍ നിര്‍മല സീതാരമന്‍ ധനമന്ത്രിയായി ചുമതലയേറ്റ വെള്ളിയാഴ്ച്ച അവരെ സ്വീകരിച്ച വാര്‍ത്തകളൊന്നും ശുഭകരമായിരുന്നില്ല.

ഉപഭോഗത്തിനൊപ്പം അടിയന്തര ശ്രദ്ധ നല്‍കേണ്ട മറ്റ് രണ്ട് വിഷയങ്ങളാണ് കയറ്റുമതിയും സ്വകാര്യ നിക്ഷേപവും. അറ്റ നിഷ്‌ക്രിയാസ്തികൊണ്ട് പൊറുതി മുട്ടിയ ബാങ്കിംഗ് രംഗത്തെ കരകയറ്റാന്‍ നൂതനാത്മകമായ വഴികള്‍ നിര്‍മല അവതരിപ്പിക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്. ജയ്റ്റ്‌ലിയുടെ ബാങ്ക് ലയന പദ്ധതികള്‍ വലിയ കുഴപ്പങ്ങളില്ലാതെ നടപ്പാക്കേണ്ടത് പുതിയ ധനമന്ത്രിയുടെ ചുമതലയാണ്

17 പാദങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് രാജ്യം രേഖപ്പെടുത്തിയെന്നതായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയമായത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച് ജനുവരി-മാര്‍ച്ച് പാദത്തില്‍ കേവലം 5.8 ശതമാനം മാത്രമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 6.6 ശതമാനമായിരുന്നു ഇത്.

രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്, ‘അഭിനവ സൂപ്പര്‍ പവറാ’കാന്‍ തുനിഞ്ഞിറങ്ങിയെങ്കിലും കാലിടറിപ്പോകുന്ന ചൈനയുടേതിനേക്കാള്‍ കുറഞ്ഞുപോയി എന്നതാണ് ജനുവരി-മാര്‍ച്ച് പാദത്തിന്റെ സവിശേഷത. 2018-19 സാമ്പത്തിക വര്‍ഷത്തെ മുഴുനീള മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമാണ്, 2017-18ല്‍ ഇത് 7.2 ശതമാനവും 2016-17ല്‍ 8.2 ശതമാനവുമായിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വളര്‍ച്ചാ മന്ദ്യം തന്നെ.

പാദ കണക്കുകള്‍ നോക്കിയാലും തുടര്‍ച്ചയായ ഇടിവ് പ്രകടമാണ്. 2018 സാമ്പത്തികവര്‍ഷത്തിലെ അവസാന പാദത്തിലെ വളര്‍ച്ചാ നിരക്ക് 8.1 ശതമാനമായിരുന്നു. 2019 സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് എട്ട് ശതമാനമായും രണ്ടാം പാദത്തില്‍ 7 ശതമാനമായും മൂന്നാം പാദത്തില്‍ 6.6 ശതമാനമായും ഒടുവില്‍ നാലാം പാദത്തില്‍ 5.8 ശതമാനമായും കുറഞ്ഞു. അവസാന പാദത്തില്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ ആറ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നത് പരിഗണിക്കുമ്പോള്‍ അതിവേഗത്തില്‍ വളരുന്ന രാജ്യമെന്ന വിശേഷണം ഇന്ത്യക്ക് നഷ്ടമായിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാന്‍ നിര്‍മലയ്ക്ക് സാധിക്കുമോയെന്നതാണ് ‘മില്യണ്‍ ഡോളര്‍’ ചോദ്യം.

2018-19 സാമ്പത്തിക വര്‍ഷത്തെ മുഴുനീള മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമാണ്, 2017-18ല്‍ ഇത് 7.2 ശതമാനവും 2016-17ല്‍ 8.2 ശതമാനവുമായിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വളര്‍ച്ചാ മന്ദ്യം തന്നെ

സാമ്പത്തികശാസ്ത്രത്തിലാണ് നിര്‍മലയുടെ ബിരുദമെങ്കിലും സാമ്പത്തികരംഗത്തുള്ള അവരുടെ അനുഭവക്കുറവില്‍ പല വിപണി വിദഗ്ധരും ആശങ്ക പരസ്യമാക്കിയിട്ടുമുണ്ട്. അത്തരം ആശങ്കകളെ അപ്രസക്തമാക്കാന്‍ പ്രാപ്തിയുള്ള നേതാവിന്റെ ലക്ഷണങ്ങള്‍ അവര്‍ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രകടമാക്കിയിട്ടുണ്ടെന്നതിനാല്‍ പ്രതീക്ഷയിലാണ് ഇന്ത്യ ഇന്‍ക്.

അതിജീവിക്കേണ്ട വെല്ലുവിളികള്‍

ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും തഥൈവ! സ്വകാര്യ നിക്ഷേപത്തിലും കയറ്റുമതിയിലുമെല്ലാം കയറ്റിറക്കങ്ങള്‍ സഹിക്കാമെങ്കിലും ഉപഭോഗരംഗത്ത് വരുന്ന ഇടിവ് ഇന്ത്യക്ക് ഇപ്പോള്‍ താങ്ങാനാകില്ല. ഏപ്രില്‍ മാസത്തിലെ ഓട്ടോമൊബീല്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചുണ്ടായ ഇടിവ് 17 ശതമാനമാണ്. അതിവേഗം വിറ്റുപോകുന്ന ഉപഭോക്തൃ സാധനങ്ങളുടെ (നമ്മുടെ ഷാംപൂ, ബിസ്‌ക്കറ്റ് ഇത്യാദി സര്‍വതും പെടും-എഫ്എംസിജി രംഗം) വില്‍പ്പനയും കുറഞ്ഞുവെന്നത് ധനകാര്യവകുപ്പിന്റെ സമ്മര്‍ദം ഇരട്ടിപ്പിക്കും. ഏത് സാഹചര്യത്തിലും സ്ഥിരത കാണിക്കുമെന്ന് വിശ്വാസമുള്ള മേഖലയായിരുന്നു ഇത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വരെ പലരും വിശേഷിപ്പിക്കുന്ന മേഖല.

നിക്ഷേപവും കയറ്റുമതിയുമെല്ലാം കുറയുമ്പോഴും ഉപഭോഗത്തില്‍ അത്ര ഇടിവുണ്ടായിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചുകഴിഞ്ഞു. പൊതുവെയുള്ള സാമ്പത്തിക മന്ദത മുതല്‍ ബാങ്ക് ഇതര ധനകാര്യ സേവനമേഖലയിലെ പ്രശ്‌നങ്ങള്‍ കാരണം വിപണിയിലേക്ക് പണമെത്താതുവരെയുള്ള നിരവധി കാരണങ്ങള്‍ ഈ തിരിച്ചടിക്കുണ്ട്. എത്രയും പെട്ടെന്ന് ഉപഭോക്തൃ വിപണിയെ ചലനാത്മകമാക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാരിന് സ്വീകരിച്ചേ മതിയാകൂ. 2017-18 സാമ്പത്തികവര്‍ഷത്തിലെ തൊഴിലില്ലായ്മ നിരക്കാണെങ്കില്‍ 6.1 ശതമാനമെന്ന ഉയര്‍ന്ന നിലയിലുമെത്തിയതായാണ് കണക്കുകള്‍. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഉപഭോഗത്തിനൊപ്പം അടിയന്തര ശ്രദ്ധ നല്‍കേണ്ട മറ്റ് രണ്ട് വിഷയങ്ങളാണ് കയറ്റുമതിയും സ്വകാര്യ നിക്ഷേപവും. അറ്റ നിഷ്‌ക്രിയാസ്തികൊണ്ട് പൊറുതി മുട്ടിയ ബാങ്കിംഗ് രംഗത്തെ കരകയറ്റാന്‍ നൂതനാത്മകമായ വഴികള്‍ നിര്‍മല അവതരിപ്പിക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്. ജയ്റ്റ്‌ലിയുടെ ബാങ്ക് ലയന പദ്ധതികള്‍ വലിയ കുഴപ്പങ്ങളില്ലാതെ നടപ്പാക്കേണ്ടത് പുതിയ ധനമന്ത്രിയുടെ ചുമതലയാണ്.

ലയനശേഷവും ബാങ്കുകളുടെ കഷ്ടകാലം തീര്‍ന്നില്ലെങ്കില്‍ അതിനും പഴികേള്‍ക്കേണ്ടി വന്നേക്കാം. ഇതിനെല്ലാമുപരി നിര്‍മല സീതാരാമന്‍ നേരിടുന്ന ഏറ്റവും അടിയന്തര വെല്ലുവിളി ബജറ്റ് തന്നെയായിരിക്കും. പുതിയ സര്‍ക്കാരിലെ പുതിയ ധനമന്ത്രിയുടെ എല്ലാകാലത്തെയും ശ്രമകരമായ ദൗത്യമാണത്. ജൂലൈയിലാണ് ബജറ്റെന്ന സ്ഥിരീകരണവും വന്നുകഴിഞ്ഞു. നികുതി, ചെലവിടല്‍, കടം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ നിര്‍മല എന്ത് നയമായിരിക്കും സ്വീകരിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ പ്രതികരണം.

 

Comments

comments