ഇളവുകള്‍ പ്രതീക്ഷിച്ച് എംഎസ്എംഇ മേഖല

ഇളവുകള്‍ പ്രതീക്ഷിച്ച് എംഎസ്എംഇ മേഖല

പലിശ നിരക്കില്‍ 4-5 ശതമാനം ഇളവാണ് മേഖല ആവശ്യപ്പെടുന്നത്

ന്യൂഡെല്‍ഹി: അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ) മേഖല. ജിഎസ്ടി റീഫണ്ട്, പ്രതികൂലമായ വിദേശ കറന്‍സി വിനിമയം, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുള്ള വ്യാപാര മുന്‍ഗണന പിന്‍വലിച്ചത് തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സമ്മര്‍ദത്തിലായ എംഎസ്എംഇ മേഖല കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ സഹായം അടക്കമുള്ള ആനുകൂല്യങ്ങളാണ് കേന്ദ്രബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്‍പുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പുനരവതരിപ്പിക്കണമെന്നും കുറഞ്ഞ പലിശ നിരക്കിലുള്ള ധനസഹായങ്ങള്‍ നല്‍കണമെന്നുമാണ് എംഎസ്എംഇ സംഘടനകള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പലിശ നിരക്കില്‍ 4-5 ശതമാനം
ഇളവാണ് സംഘടന ആവശ്യപ്പെടുന്നത്.

‘ജിഎസ്ടി നടപ്പിലാക്കിയശേഷം എല്ലാ ആനുകൂല്യങ്ങളും പിന്‍വലിച്ചു. ഇതിനൊപ്പം ഇറക്കുമതിക്ക് യുഎസ് നല്‍കിക്കൊണ്ടിരുന്ന റിബേറ്റും കുറഞ്ഞു. അതിനാല്‍ അധികം ചെലവ് കൈകാര്യം ചെയ്യുന്നതിന് എംഎസ്എംഇകള്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ആവശ്യമാണ്. വായ്പ എടുക്കുന്നതിന്റെ ചെലവ് വര്‍ധിച്ചിരിക്കുന്ന ഈ അവസരത്തില്‍ കുറഞ്ഞ പലിശ നിരക്കാണ് എംഎസ്ഇ മേഖല പ്രതീക്ഷിക്കുന്നത്,’ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസ് പ്രസിഡന്റ് അനിമേഷ് സക്‌സേന പറഞ്ഞു. ചെറുകിട സ്ഥാപനങ്ങള്‍ക്കായി അവതരിപ്പിച്ച, 59 മിനിറ്റിനകം വായ്പ ലഭ്യമാക്കുന്ന പദ്ധതി വേണ്ടത്ര വിജയകരമായിട്ടില്ല. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന മേഖലയെന്ന നിലയില്‍ ബജറ്റില്‍ എംഎസ്എംഇക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എംഎസ്എംഇ മേഖല 13.5 ദശലക്ഷം മുതല്‍ 14.9 ദശലക്ഷം വരെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായാണ് ഈ വര്‍ഷം ആദ്യം സിഐഐ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കല്‍ എന്നിവയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന സമയത്താണ് ഈ തൊഴിലസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

Categories: FK News, Slider
Tags: MSME Sector