ദീര്‍ഘകാല വിസ നേട്ടത്തില്‍ എന്‍ആര്‍ഐകള്‍

ദീര്‍ഘകാല വിസ നേട്ടത്തില്‍ എന്‍ആര്‍ഐകള്‍

ആസാദ് മൂപ്പനും ഭാര്യയ്ക്കും പത്ത് വര്‍ഷ വിസ ലഭിച്ചു

ദുബായ്: മലയാളിയായ ഡോ.ആസാദ് മൂപ്പനും ഭാര്യ നസീറ ആസാദിനും യുഎഇയില്‍ പത്ത് വര്‍ഷ വിസ ലഭിച്ചു. ദീര്‍ഘകാല വിസ ലഭിക്കുന്ന യുഎഇയിലെ ആദ്യ ഇന്ത്യക്കാരില്‍ ഒരാളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ആസാദ് മൂപ്പന്‍.

സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ദീര്‍ഘകാല വിസ നല്‍കുമെന്ന യുഎഇയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ നാളുകളില്‍ ചില ബിസിനസ് പ്രമുഖന്മാര്‍ക്ക് യുഎഇ പത്ത് വര്‍ഷ വിസ അനുവദിച്ചിരുന്നു. റീഗല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ വാസു ഷ്രോഫ്, ഖുഷി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും അല്‍ നിസാര്‍ സിനിമ ഫിലിം മാനേജിംഗ് ഡയറക്റ്ററുമായ ഖുഷി ഖത്‌വാനി, ഡനൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദീര്‍ഘകാല വിസ ലഭിച്ച ഇന്ത്യക്കാരില്‍ പ്രമുഖരാണ്.

രാജ്യത്തെ ആരോഗ്യ രംഗത്തെ കേന്ദ്രീകരിച്ച് യുഎഇയിലെ ബിസിനസ് രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയിലുള്ള ദീര്‍ഘകാല വിസ വലിയ ആദരവോടെയാണ് കാണുന്നതെന്ന് ആസാദ് മൂപ്പന്‍ പ്രതികരിച്ചു. മലപ്പുറം സ്വദേശിയായ ആസാദ് മൂപ്പന്‍ 1987ല്‍ ദുബായില്‍ ആരംഭിച്ച ചെറിയ ക്ലിനിക്കില്‍ നിന്നുമാണ് 24 ആശുപത്രികളും 116 ക്ലിനിക്കുകളും 219 ഫാര്‍മസികളും ഉള്‍പ്പെടുന്ന ഇന്ന് കാണുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എന്ന സാമ്രാജ്യം ഉണ്ടാകുന്നത്. ഇന്ന് യുഎഇയിലെ ഹെല്‍ത്ത് കെയര്‍ ബിസിനസിലെ പ്രധാനിയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍.

Comments

comments

Categories: Arabia