നിയന്ത്രകര്‍ക്കിടയിലെ ഭിന്നാഭിപ്രായം: ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഡിസംബര്‍ വരെ പറക്കാനിടയില്ലെന്ന് എമിറേറ്റ്‌സ്

നിയന്ത്രകര്‍ക്കിടയിലെ ഭിന്നാഭിപ്രായം: ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഡിസംബര്‍ വരെ പറക്കാനിടയില്ലെന്ന് എമിറേറ്റ്‌സ്

മാക്‌സ് വിഷയത്തില്‍ ആഗോള വ്യോമയാന അതോറിറ്റികളുടെ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്ന് അയാട്ട

സിയോള്‍: ആഗോള വ്യോമയാന സുരക്ഷാ നിയന്ത്രകര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നത മൂലം ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഡിസംബര്‍ വരെ പറക്കാന്‍ സാധ്യതയില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് ടിം ക്ലാര്‍ക്ക്. അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുടെ (അയാട്ട) 75ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്. ആഗസ്‌റ്റോടെയെങ്കിലും ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വീണ്ടും പറന്നേക്കുമെന്ന അയാട്ടയുടെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് എമിറേറ്റ്‌സിന്റെ പ്രവചനം.

മാക്‌സ് വിമാനങ്ങളുടെ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് എമിറേറ്റ്‌സിന്റെ സഹോദര സ്ഥാപനമായ ഫ്‌ളൈദുബായ്. ഈ സാഹചര്യത്തില്‍ മാക്‌സ് വാണിജ്യ രംഗത്തേക്ക് തിരികെ വരുന്ന സമയത്തെ ചൊല്ലി നിയന്ത്രകര്‍ക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങളില്‍ എമിറേറ്റ്‌സ് അടക്കമുള്ള ആഗോള വിമാനക്കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എത്യോപ്യയിലും ഇന്തോനേഷ്യയിലും 346 പേരുടെ ജീവനെടുത്ത മാക്‌സ് ഉള്‍പ്പെട്ട വിമാന അപകടങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ ബോയിംഗിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തെ തുടര്‍ന്ന് എമിറേറ്റ്‌സിന് പങ്കാളിത്തമുള്ള ഫ്‌ളൈദുബായിക്ക് 14ഓളം മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കേണ്ടതായി വന്നു. മാത്രമല്ല, ഫ്‌ളൈദുബായുടെ ഒരു ഡസനോളം മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡറും അനിശ്ചിതത്വത്തിലായി. അതേസമയം എമിറേറ്റ്‌സ് കമ്പനി മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല.

മാക്‌സ് വിമാനങ്ങളുടെ നിലത്തിറക്കില്‍ വ്യോമയാന ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ ക്ലാര്‍ക്ക് വിമാനം വീണ്ടും പറന്നുയരുന്നതിനുള്ള കാലതാമസത്തില്‍ പ്രതിഷേധിക്കുന്നതിന് പകരം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബോയിംഗ് കമ്പനി നിയന്ത്രകരുമായി സഹകരിച്ച് അവരെ തൃപ്തിപ്പടുത്താന്‍ ശ്രമിക്കണമെന്ന് ബോയിംഗ് കമ്പനിയോട് ആവശ്യപ്പെട്ടു. മാക്‌സ് വിഷയത്തില്‍ ആഗോള വ്യോമയാന അതോറിറ്റികളുടെ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്ന് അയാട്ടയും അഭിപ്രായപ്പെട്ടു. നിയന്ത്രകര്‍ക്കിടയിലെ ഭിന്നതയില്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന് അയാട്ടയുടെ ഡയറക്റ്റര്‍ ജനറല്‍ അലക്‌സാണ്ടര്‍ ഡി ജുനൈക് പറഞ്ഞു.

2020ഓടെ വിപണിയില്‍ ഇറങ്ങുന്ന ബോയിംഗിന്റെ അടുത്ത മോഡലായ ബോയിംഗ് 777എക്‌സ് വിമാനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ക്ലാര്‍ക്ക് നിയന്ത്രണ അതോറിറ്റികളോട് ആവശ്യപ്പെട്ടു. ഈ മോഡലിന്റെ ആദ്യ ഉപഭോക്താവ് എമിറേറ്റ്‌സ് ആണ്. നിലവിലുള്ള മോഡലിന്റെ പരിഷ്‌കരിച്ച മോഡലാണ് ബോയിംഗ് 777എക്‌സ് വിമാനങ്ങള്‍.

Comments

comments

Categories: Arabia
Tags: Boeing 777