ബാങ്കുകളിലെ തട്ടിപ്പുകള്‍ 71,500 കോടി രൂപയില്‍ എത്തി

ബാങ്കുകളിലെ തട്ടിപ്പുകള്‍ 71,500 കോടി രൂപയില്‍ എത്തി

കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളിലായി 53,334 തട്ടിപ്പുകളാണ് ബാങ്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകളിലുണ്ടായ തട്ടിപ്പുമായി ബന്ധപ്പെട്ട് 6801 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 71,,542.9 കോടി രൂപയാണ് ഈ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ഒരു സര്‍വകാല റെക്കോഡായാണ് കണക്കാക്കപ്പെടുന്നത്. 2017-18ല്‍ 5,916 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 41,167.03 കോടി രൂപയാണ് ഇതുമായി ബന്ധപ്പെട്ട തുക. ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ള വാണിജ്യ ബാങ്കുകള്‍ 2018-19ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തട്ടിപ്പ് കേസുകളിലെ തുകയില്‍ 73 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളിലായി 53,334 തട്ടിപ്പുകളാണ് ബാങ്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട മൊത്തം തുക 2.05 ലക്ഷം കോടി രൂപയാണ്. 2008-09ല്‍ 4,372 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 1,860.09 കോടി രൂപയാണ് അതില്‍ ഉള്‍പ്പെട്ടിരുന്നത്. 2009-10ല്‍ അത് 4,669 കേസുകളായും 1,998.94 കോടി രൂപയായും വര്‍ധിച്ചു. 2010-11ല്‍ 4,534 കേസുകളില്‍ 3,815.76 കോടി രൂപയും 2011-12ല്‍ 4,093 കേസുകളിലായി 4,501.15 കോടി രൂപയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2012-13 ല്‍ 4,235 കേസുകളും 8,590.86 കോടി രൂപയും 2013-14ല്‍ 4,306 കേസുകളും 10,170.81 കോടി രൂപയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2014-15ല്‍ 4,639 കേസുകളിലായി ഉള്‍പ്പെട്ടിരുന്ന തുക 19,455.07 കോടി രൂപയായിരുന്നു. 2015-16ല്‍ 4,693 കേസുകളും 18,698.82 കോടി രൂപയും 2016-17ല്‍ 5,076 കേസുകളും 23,933.85 കോടി രൂപയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആര്‍ബി ഐക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് നിയമ-എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളില്‍ ബാങ്കുകള്‍ ക്രിമിനല്‍ നിയമ നടപടികള്‍ക്കായുള്ള പരാതി സമര്‍പ്പിക്കണം. തട്ടിപ്പു കേസുകളില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികള്‍ സംബന്ധിച്ചോ പൂര്‍ത്തിയാക്കിയ നടപടികള്‍ സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഉടന്‍നല്‍കാവുന്നതല്ലെന്നും ആര്‍ബിഐ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവ് മോദി, വിജയ് മല്യ തുടങ്ങിയവര്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വന്‍ തട്ടിപ്പുകളാണ് മൊത്തം തട്ടിപ്പു തുക വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Banking
Tags: Bank fraud