ആറ് ലക്ഷം വില്‍പ്പന താണ്ടി ബലേനോയുടെ കുതിപ്പ്

ആറ് ലക്ഷം വില്‍പ്പന താണ്ടി ബലേനോയുടെ കുതിപ്പ്

2015 ലാണ് ബലേനോ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ലീഡറായി വളര്‍ന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ 44 മാസത്തിനുള്ളില്‍ മാരുതി സുസുകി വിറ്റത് ആറ് ലക്ഷം യൂണിറ്റ് ബലേനോ. 2015 ലാണ് മാരുതി സുസുകി ബലേനോ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ബലേനോ ലീഡറായി വളര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ബിഎസ് 6 അനുസൃത ബലേനോ വിപണിയിലെത്തിച്ചു. മാരുതി സുസുകിയുടെ നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെയാണ് ബലേനോ വില്‍ക്കുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 11.5 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ബലേനോ കൈവരിച്ചത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ 27 ശതമാനമാണ് ബലേനോയുടെ വിപണി വിഹിതം. 44 മാസമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടിയത് ബലേനോയുടെ ജനപ്രീതി തെളിയിക്കുന്നതാണെന്ന് മാരുതി സുസുകി ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ ഡുവല്‍ജെറ്റ് ഡുവല്‍ വിവിടി എന്‍ജിനാണ് പുതിയ മാരുതി സുസുകി ബലേനോ ഉപയോഗിക്കുന്നത്. കൂടെ സുസുകിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും നല്‍കിയിരിക്കുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് വേര്‍ഷന്‍ കൂടാതെ 1.2 ലിറ്റര്‍ എന്‍ജിനില്‍ മാത്രമായും പുതിയ ബലേനോ പെട്രോള്‍ ലഭിക്കും. മാന്വല്‍, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പുതിയ എന്‍ജിന്‍ ഉയര്‍ന്ന ഇന്ധനക്ഷമത സമ്മാനിക്കുമെന്ന് മാരുതി സുസുകി അവകാശപ്പെട്ടു. 5.58 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Baleno