20,000 വ്യാജ കമ്പനികള്‍ കൂടി നീക്കം ചെയ്യും

20,000 വ്യാജ കമ്പനികള്‍ കൂടി നീക്കം ചെയ്യും

ഇതുവരെ സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്നു ലക്ഷത്തോളം വ്യാജ കമ്പനികളെ; 17 ലക്ഷം വ്യാജ പ്രൊമോട്ടര്‍മാരെയും പുറത്താക്കി

ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ 20,000 വ്യാജ കമ്പനികളുടെ രജിസ്‌ട്രേഷന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണിത്. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടും ഉടമകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ‘നോ യുവര്‍ കസ്റ്റമര്‍’ റിപ്പോര്‍ട്ട് (കെവൈസി) സമര്‍പ്പിക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മാര്‍ച്ച് മാസത്തില്‍ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ അഞ്ചു ലക്ഷത്തോളം കമ്പനികളുടെ വിശദ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇനി അഞ്ച് മുതല്‍ ആറ് ലക്ഷം കമ്പനികളുടെ വിവരങ്ങളാണ് ലഭിക്കാനുള്ളത്. ജൂണ്‍ 15 ഓടെ ശേഷിക്കുന്ന കമ്പനികളും കെവൈസി വിവരങ്ങള്‍ നല്‍കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

2016 നവംബര്‍ എട്ടിന് നടപ്പാക്കിയ നോട്ട് അസാധുവാക്കലിന്റെ ചുവടു പിടിച്ചാണ് വ്യാജ കമ്പനികളെ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ വേഗം കൂട്ടിയിരുന്നത്. മൂന്നു ലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷനാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതിനകം റദ്ദാക്കിയത്. ഇടപാടുകളുടെ വിവരം നല്‍കുന്നതിലും നികുതി അടയ്ക്കുന്നതിലും വീഴ്ച വരുത്തിയ കമ്പനികളാണ് നടപടിക്ക് വിധേയമായത്. എല്ലാ കമ്പനികളുടെയും ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ 33 ലക്ഷം ഡയറക്റ്റര്‍മാരില്‍ 16 ലക്ഷം ആളുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം കെവൈസി വിവരങ്ങള്‍ നല്‍കിയത്. ശേഷിക്കുന്ന 17 ലക്ഷം ആളുകളെ സര്‍ക്കാര്‍ പുറത്താക്കി. ഡ്രൈവര്‍മാരെയും വീട്ടു വേലക്കാരെയും മറ്റും ഡമ്മി ഡയറക്റ്റര്‍മാരായി ഉള്‍പ്പെടുത്തുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

Comments

comments

Categories: FK News, Slider