പലിശ നിരക്ക് വീണ്ടും കുറച്ചേക്കും

പലിശ നിരക്ക് വീണ്ടും കുറച്ചേക്കും

25 മുതല്‍ 50 ബേസിസ് പോയന്റ് വരെ പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചന

മുംബൈ: രാജ്യത്തെ പണലഭ്യതാക്ഷാമം പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന് സൂചന. നാളെ ആരംഭിക്കുന്ന ആര്‍ബിഐ ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 25 മുതല്‍ 50 ബേസിസ് പോയന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ. നാളെ മുതല്‍ മൂന്നു ദിവസത്തേക്കു ചേരുന്ന ധനയന അവലോകന യോഗത്തിന് ശേഷം രണ്ടു മാസത്തേക്കുള്ള നയം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച പ്രഖ്യാപിക്കും.

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസം സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞതായിട്ടാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ബ്ലൂംബെര്‍ഗ് സര്‍വേ പ്രവചിച്ച 6.9 ശതമാനത്തിലും താഴെയാണ് വളര്‍ച്ച. ഈ വര്‍ഷം രണ്ട് തവണ ആര്‍ബിഐ പലിശ നിരക്ക് കുറച്ചിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ കടബാധ്യത ഇനത്തിലെ ചെലവില്‍ വേണ്ടത്ര കുറവ് വന്നിട്ടില്ല. ആറാഴ്ച നീണ്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പണത്തിന്റെ ആവശ്യകത വര്‍ധിച്ച അവസരത്തില്‍ രാജ്യത്തെ പണലഭ്യതാ ക്ഷാമം അടുത്തിടെ കൂടിയിരുന്നു. ഇത് രാജ്യത്തെ ഉപഭോഗത്തിലും നിക്ഷേപത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കി. ഈ പരിതസ്ഥിതികളെല്ലാം കൂടുതല്‍ ഉദാരമായ നയം സ്വീകരിക്കാന്‍ കേന്ദ്ര ബാങ്കിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് നിരീക്ഷണം. നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് ആര്‍ബിഐ പലിശ നിരക്കില്‍ വലിയ കുറവ് വരുത്തേണ്ടിവരുമെന്നാണ് എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട്. ഈ മാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിക് പോയന്റ് കൂടി കുറയ്ക്കുമെന്ന്് ബ്ലൂംബെര്‍ഗ് ഇക്കണോമിക് സര്‍വേയും അഭിപ്രായപ്പെട്ടിരുന്നു.

ബജറ്റ് കമ്മി വര്‍ധിച്ച അവസരത്തില്‍ വായ്പ ലഭ്യതയും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കുന്നതിനായി പുതിയ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെയാകും ആശ്രയിക്കുക. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണ്. പൊതുവിപണിയില്‍ നിന്ന് കടപ്പത്രം വാങ്ങിയും വിദേശ വിനിമയം വഴിയും പണ ലഭ്യത വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ ശ്രമിച്ചുവെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമ്പത്തിക മേഖല സമ്മര്‍ദത്തിലാണ്. ഡ്യൂഷേ ബാങ്ക് എജിയുടെ അഭിപ്രായമനുസരിച്ച് കഴിഞ്ഞ ആറു മാസങ്ങളില്‍ എട്ട് ബില്യണ്‍ ഡോളറാണ് രൂപയുടെ ലഭ്യതയില്‍ അനുഭവപ്പെടുന്ന അറ്റകമ്മി. ബാങ്കിംഗ് ഇതര സാമ്പത്തിക സേവന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും ധനനയം കാര്യക്ഷമമായി നടപ്പിലാക്കിയും ആറു മാസത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ മുതല്‍ 4 ബില്യണ്‍ ഡോളര്‍ വരെ അധിക പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ ശ്രമിക്കും. പണലഭ്യതയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ നടപ്പിലായില്ലെങ്കില്‍ പലിശ നിരക്ക് കുറക്കുന്നതില്‍ നിന്ന് പൂര്‍ണമായി പ്രയോജനം ലഭിക്കില്ലെന്ന് മുംബൈയിലെ ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് മേധാവി സൂയേഷ് ചൗധരി അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Banking, Slider