ദേശീയ രാഷ്ട്രീയവും പൊന്നരിവാള്‍ അമ്പിളിയും

ദേശീയ രാഷ്ട്രീയവും പൊന്നരിവാള്‍ അമ്പിളിയും

പൊതുതെരഞ്ഞെടുപ്പില്‍ സമാനതകളില്ലാത്ത പരാജയമാണ് കേരളമൊഴിച്ച് ദേശീയ തലത്തില്‍ കോണ്‍ഗ്രസും കേരളത്തിലടക്കം രാജ്യമെങ്ങും ഇടതു പാര്‍ട്ടികളും ഏറ്റുവാങ്ങിയത്. ദശാബ്ദം മുന്‍പുവരെ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് ആ സ്ഥാനം ബിജെപി തട്ടിയെടുത്തിരിക്കുന്നു. ആദ്യ ലോക്‌സഭയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ഇടതുപക്ഷം അവരുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നെല്ലാം കുടിയിറക്കപ്പെട്ടിരിക്കുന്നു. നെഹ്‌റുവിലൂടെ ഇടതുപക്ഷ പ്രത്യയശാസ്ത്രം രാജ്യത്ത് നേടിയെടുത്ത നിര്‍ണായക ഭരണസ്വാധീനം, ദേശീയത ആയുധമാക്കിയ ബിജെപിയുടെ വരവോടെ ഏതാണ് പൂര്‍ണമായും ക്ഷയിച്ചു. എന്നാല്‍ തിരിച്ചു വരവിന് ഇനിയും സാധ്യതകളുണ്ടെന്ന് നിരീക്ഷിക്കുകയാണ് ലേഖകന്‍

”ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്‍ക്കായ്‌ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മ്മല പൗര്‍ണ്ണമി”

– അക്കിത്തം

ആദ്യ ലോക്‌സഭ 1952 ല്‍ ആണ് നിലവില്‍ വന്നത്. ആകെയുള്ള 489 സീറ്റുകളില്‍ 364 സീറ്റിലാണ് സ്വാതന്ത്ര്യ സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വിജയിച്ചത്. കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്ന പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ 16 സീറ്റില്‍ ജയിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ കെ ഗോപാലന്‍ പ്രതിപക്ഷത്തെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്നൊരു ഔദ്യോഗിക പദവി അന്ന് ഉണ്ടായിരുന്നില്ല. (1977 ല്‍ ആണ് അത് വന്നത്). ലോക്‌സഭാംഗങ്ങളുടെ എണ്ണം നോക്കിയാല്‍ കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഒരു കാലത്ത് തങ്ങള്‍ ഇന്ത്യ ഭരിക്കുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വസിക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചടക്കിയേക്കുമെന്ന് കോണ്‍ഗ്രസ്സ് ഭയക്കുകയും ചെയ്തു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ആന്ധ്രയില്‍ നിന്ന് തുടങ്ങുമെന്ന് രണ്ടു കൂട്ടരും കരുതി.

രാജ്യം കെട്ടിപ്പടുക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്റു മാതൃകയാക്കിയത് സ്റ്റാലിന്റെ സോവിയറ്റ് യൂണിയനെ ആണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആണെങ്കില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഭാഗവും. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയ ശാസ്ത്ര സമസ്യ ഈ വൈരുദ്ധ്യാത്മകതയില്‍ ആണ് ആരംഭിക്കുന്നത്. കോണ്‍ഗ്രസ്സിനെ ദേശീയ ബൂര്‍ഷ്വാസിയുടെ പ്രതിനിധി ആയി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം കണ്ടപ്പോള്‍, കോണ്‍ഗ്രസ്സില്‍ യാതൊരു ബൂര്‍ഷ്വാ സ്വഭാവവും കാണാത്ത മറ്റൊരു കൂട്ടര്‍ക്ക് ആയിരുന്നു പാര്‍ട്ടിയിലെ മേല്‍ക്കമ്മറ്റികളില്‍ ആധിപത്യം. ഇതൊക്കെയാണ് സ്വതവേ മെലിഞ്ഞ പ്രകൃതമായിരുന്നു പാര്‍ട്ടി പിളരാന്‍ കാരണമെന്ന് പാര്‍ട്ടി ക്ലാസുകളില്‍ ഒന്നും പോകാത്ത നമ്മള്‍ സാധാരണ ഉത്തമന്‍മാര്‍ 55 വര്‍ഷമായി വിശ്വസിക്കുന്നു. മാല്യങ്കര മണ്ഡലത്തിലെ പാര്‍ട്ടിയുടെ അറിയപ്പെടുന്ന ബുദ്ധിജീവികള്‍ക്ക് കൂടുതല്‍ അറിയുമായിരിക്കും.

മാന്നാര്‍ മത്തായി ചോദിച്ച പോലെ ‘സത്യത്തില് നിനക്ക് പോക്കറ്റടീണ്ടോ?’ എന്ന് കോണ്‍ഗ്രസിനോട് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചോദിച്ച് കാണില്ല. വിചാരിക്കാത്ത ഒരു ഉത്തരം കിട്ടി വെറുതെ ടെന്‍ഷന്‍ അടിക്കണ്ടല്ലോ. പക്ഷേ കോണ്‍ഗ്രസ്സ് ദേശീയ ബൂര്‍ഷ്വാസിയുടെ പ്രതിനിധി ആണെന്ന് ഉറച്ച് വിശ്വസിച്ചവരും കോണ്‍ഗ്രസിന് പിന്തിരിപ്പന്‍ പാളിച്ചകള്‍ ഉണ്ടെങ്കിലും ദേശീയ ബൂര്‍ഷ്വാസിയെ അതേപടി വാര്‍ത്തെടുത്തതല്ല എന്ന് വിശ്വസിച്ച റിവിഷണലിസ്റ്റുകളും സാക്ഷാല്‍ ദേശീയ ബൂര്‍ഷ്വാസിയെ നേരിട്ട് കണ്ടതായി അറിവില്ല.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും എന്ന് നമ്പൂതിരിപ്പാട് പറഞ്ഞപ്പോള്‍ ‘തിരുമേനി ദൈവത്തില്‍ വിശ്വസിക്കുന്നില്ലല്ലോ, പിന്നെയെങ്ങനെയാണ് ചെകുത്താന്‍ എന്ന പദം ഉപയോഗിച്ചത്?’ എന്ന ഉപരിപ്ലവമായ ചോദ്യത്തിലാണ് നമ്മള്‍ അഭിരമിച്ചത്. ദൈവത്തിനും ചെകുത്താനും ഒരേ പ്രകൃതമാണ്; നേരിട്ട് പ്രത്യക്ഷപ്പെടില്ല. എല്ലാം പ്രതിപുരുഷന്മാരിലൂടെയാണ്. അതുപോലെയാണ് ബൂര്‍ഷ്വാസിയും. ദേശീയമായാലും അന്തര്‍ദേശീയമായാലും നേരിട്ട് അവതരിക്കില്ല. കോണ്‍ഗ്രസ്സിന് ബൂര്‍ഷ്വാസിയുടെ വക്കാലത്തില്ല എന്ന് പറഞ്ഞവരും അന്ന് ഒരു കാര്യം അറിഞ്ഞില്ല; തവാന്തകന്‍ ഭൂമിതലേ പിറന്നത്.

നെഹ്റു കോണ്‍ഗ്രസ് നേതാവായിരുന്നെങ്കിലും അദ്ദേഹം ഒരു ഉറച്ച കമ്യൂണിസ്റ്റ് ആയിരുന്നു (കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ കമ്യൂണിസ്റ്റ് ആണെങ്കില്‍). ഗുലാന്‍ പറഞ്ഞപോലെ അദ്ദേഹമായിട്ട് അത് ആരോടും പറഞ്ഞില്ല എന്നേയുള്ളൂ. അനുയായികളും പറഞ്ഞില്ല (അവര്‍ക്കൊട്ട് മനസ്സിലായതുമില്ല എന്നും കൂട്ടാം). ഉല്‍പ്പാദനോപാധികള്‍ പൊതു ഉടമസ്ഥതയില്‍ വേണമെന്ന് അദ്ദേഹം വാശി പിടിച്ചത് അതിനാലാണ്. ടാറ്റയുടെ കൈയിലിരുന്ന എയര്‍ ഇന്ത്യ മുതല്‍ ഇന്‍ഷുറന്‍സ് വരെ പല വ്യവസായങ്ങളും അദ്ദേഹം ദേശസാല്‍ക്കരിച്ചു. ദേശീയ ഉടമസ്ഥതയില്‍ ഇരുമ്പുരുക്ക് മുതല്‍ ഖനി തുരക്കല്‍ വരെ. കൃഷിയാണ് ദേശസമ്പത്തിന്റെ ഉറവിടമെന്ന് മനസ്സിലാക്കിയതും അദ്ദേഹമാണ്. ദേശസുരക്ഷയോടൊപ്പം തന്നെ ഭക്ഷ്യസുരക്ഷയും. അതാണ് അദ്ദേഹം ‘ജയ്ജവാന്‍, ജയ്കിസാന്‍’ എന്ന് മുദ്രാവാക്യം വിളിച്ചത്. അത് നെട്ടൂരാന്‍ വിളിച്ച മുദ്രാവാക്യത്തേക്കാള്‍ കൂടുതല്‍ വിപ്ലവകരമായിരുന്നു. വടക്ക് ഭക്രാ-നംഗല്‍ മുതല്‍ തെക്ക് മലമ്പുഴ വരെ സാഗരത്തിന്‍ മാറിലണയാന്‍ വേണ്ടിമാത്രം ശാന്തമാം നദിയിലൊഴുകിയ വെള്ളം, വിണ്ട വന്‍പാടത്തിന്റെ തപ്തമാം മാറിലൂടെ നനവായി കുളിരായി ഒഴുകി നീന്തി. എങ്ങും പച്ചപ്പ് പൊടിച്ചു. തളിര്‍ത്തുതഴച്ചു; കൃഷിയും വ്യവസായവും.

ആയിരത്തിത്തൊള്ളായിരത്തി അന്‍പത് മുതല്‍ അറുപതുകളുടെ അവസാനം വരെയായിരുന്നു ഇന്ത്യന്‍ സാമ്പത്തിക ഘടനയുടെ സുവര്‍ണ്ണകാലം. കാരണം അന്നാണത് വളര്‍ന്നു യൗവ്വനയുക്തയായത്. ഭൈമീകാമുകര്‍ എല്ലാം സിന്‍ഡിക്കേറ്റ് കൂടി അവളുടെ പുറകെ പൂവാല്‍ വിടര്‍ത്തി ആര്‍ത്തു. കോഴി വാലുപൊക്കുന്നത് എന്തിനാണെന്ന് നല്ലപോലെ മനസ്സിലാക്കിയ നെഹ്രുപുത്രി, അച്ഛന്‍ മകള്‍ക്ക് എഴുതാതെ എഴുതിയ കത്തുകളിലെ സന്ദേശങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തു. അത് ബാങ്ക് ദേശസാല്‍ക്കരണത്തിലും സാമ്പത്തികസംവിധാനങ്ങളുടെ ജനകീയവത്കരണത്തിലും എത്തി. ദേശീയ ബൂര്‍ഷ്വാസിയുടെ കൈയില്‍ വളരുന്ന കാര്‍ ഉല്‍പ്പാദനം കൂടി ഏറ്റെടുക്കാന്‍ ഒരു ചെറുകാര്‍ സംരംഭം പ്യൂപ്പദശയില്‍ വളര്‍ന്നു. 1984 വരെ ഭാരതത്തില്‍ ഭരണത്തില്‍ ഇരുന്ന സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളുടെ ജനിതകസ്വഭാവം കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് മുളപൊട്ടിയതായിരുന്നു. ഇതിനിടയില്‍ മൂന്ന് വര്‍ഷത്തോളം നിലവില്‍ വന്ന കോണ്‍ഗ്രസിതര സര്‍ക്കാരും കൊക്കക്കോള-പെപ്‌സി നിരോധനം മുതല്‍ പതിനായിരം, അയ്യായിരം നോട്ടുകള്‍ പിന്‍വലിച്ചത് വരെ പല ഭാവപ്രകടനങ്ങളിലും സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ മുന്‍സര്‍ക്കാറുകളുടെ മുന്തിയ തുടര്‍ച്ച ആയിരുന്നു. അടിയന്തിരാവസ്ഥയുടെ ഉപോല്‍പ്പന്നം എന്ന നിലയില്‍ അവര്‍ക്ക് സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയില്‍ ഇന്ദിരാഗാന്ധിയുടേതില്‍ നിന്ന് വ്യത്യസ്തമായി ഉദാരമനസ്‌കര്‍ ആവേണ്ടി വന്നു എന്ന് മാത്രം. അതുകൊണ്ടാണ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന നമ്പൂതിരിപ്പാടിന് തല്‍ക്കാലത്തേക്കെങ്കിലും അദ്വാനിക്ക് വേണ്ടിയും നിലകൊള്ളേണ്ടി വന്നത്.

ദേശീയ ബൂര്‍ഷ്വാസിയ്ക്ക്, പക്ഷെ, കോണ്‍ഗ്രസിനെ ഒട്ടുംതന്നെ വിശ്വാസം ഉണ്ടായിരുന്നില്ല. അവസരം വരാത്തതു കൊണ്ട് തനിനിറം പുറത്ത് കാണിച്ചില്ല എന്ന് മാത്രം. വിഘടനവാദം അമര്‍ച്ച ചെയ്തതിലുള്ള പ്രതികാരമെന്നോണം ഭീകരരുടെ പിണിയാളുകള്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ വധിക്കുന്നു. ഇന്ദിരയുടെ മരണശേഷം അധികാരത്തര്‍ക്കം മൂലം ചിന്നഭിന്നമാവാനിരുന്ന കോണ്‍ഗ്രസ്സിന്റെ കോക്പിറ്റിലേയ്ക്ക് രാജീവ് ഗാന്ധി കയറിയിരുന്നു. അദ്ദേഹവും രാജ്യ ശത്രുക്കളാല്‍ കൊല്ലപ്പെട്ടു. പിന്നാലെ, രാജ്യഭരണം കൈയിലുള്ള കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കമേറുന്നു. തര്‍ക്കം തീര്‍ക്കാന്‍ നെഹ്റു കുടുംബം പിന്നെയും ഒരു തണല്‍ പോലെ നില്‍ക്കേണ്ടിവന്നു. പഴയ വൃക്ഷമല്ലേ, അല്‍പ്പം ജീര്‍ണ്ണിപ്പൊക്കെ അതിനും വന്നു. ഇലഭാരം താങ്ങാന്‍ ശാഖകള്‍ക്ക് ശക്തിപോരാതെയായി. ഉള്ളിലെ കാതലും ദ്രവിച്ചു തുടങ്ങി. സങ്കര വൃക്ഷമാണെന്ന് നസ്യം കേട്ടു. ആലും മാവും ചേര്‍ത്തൊട്ടിച്ച് സ്വരുക്കൂട്ടിയ ആത്മാവ് ആണെന്നും അതിന് നാട്ടുപേരാലിന്റെ രക്തശുദ്ധിയില്ലെന്നും ഉള്ള തെക്കിനിയുടെ പിന്നാമ്പ്രത്തെ പഴയ കുശുകുശുപ്പ് ഇപ്പോള്‍ ഉമ്മറക്കോലായില്‍ ഇരുന്ന് വിളിച്ച് പറയുന്നത് കേള്‍ക്കായി. ഇത് ദേശീയ ബൂര്‍ഷ്വാസിയ്ക്ക് നല്ല അവസരം നല്‍കി. ഈ സമയത്താണ് അവര്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം പ്രതിനിധിയെ അധികാരത്തിന്റെ ഇടനാഴികള്‍ പരിചയപ്പെടുത്തുന്നത്. ശേഷം ചരിത്രം.

മറ്റുള്ളവര്‍ക്ക് വേണ്ടി കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ ആത്മാവില്‍ ആയിരം സൗരമണ്ഡലം ഉദിക്കുന്ന കാലമൊക്കെ കഴിഞ്ഞെന്ന് തോന്നുന്നു. എന്നാലും ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ചെലവാക്കാന്‍ ഉള്ളില്‍ ശുദ്ധിയുള്ളവര്‍ ഇനിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസിലും ഉണ്ട്. ആ മന്ദസ്മിതത്തിന് പൗര്‍ണ്ണമിയുടെ നിത്യനിര്‍മ്മല സംശുദ്ധി ചേരുമ്പോള്‍ പൊന്നരിവാള്‍ അമ്പിളി വീണ്ടും മനുഷ്യമനസ്സില്‍ തെളിയും.

Categories: FK Special, Slider