മടുത്തു, ഇനി വിനോദസഞ്ചാരികളെ വേണ്ടെന്ന് ആംസ്റ്റര്‍ഡാം

മടുത്തു, ഇനി വിനോദസഞ്ചാരികളെ വേണ്ടെന്ന് ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം (നെതര്‍ലാന്‍ഡ്‌സ്): സഹിഷ്ണുതയ്ക്കു പേരു കേട്ട രാജ്യമാണു നെതര്‍ലാന്‍ഡ്‌സ്. അവിടെയുള്ള വീതിയേറിയ കനാലുകളും, ചെറിയ വീടുകളും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്ന ഘടകങ്ങളാണ്. പക്ഷേ, നെതര്‍ലാന്‍ഡ്‌സിന്റെ ക്ഷമ നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. കാരണം അമിത തോതിലെത്തുന്ന വിനോദസഞ്ചാരികള്‍ തന്നെ. 17 ദശലക്ഷം പേര്‍ മാത്രമുള്ള നെതര്‍ലാന്‍ഡ്‌സില്‍ 2017-ലെത്തിയത് 18 ദശലക്ഷം ടൂറിസ്റ്റുകളാണ്. 2030 ആകുമ്പോഴേക്കും ഇത് 29 ദശലക്ഷമാകുമെന്നും കണക്കാക്കുന്നു. ഇത്തരത്തില്‍ അമിത തോതില്‍ വിനോദസഞ്ചാരികളെത്തുമ്പോള്‍ അത് കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കി തീര്‍ക്കുമെന്നാണു നെതര്‍ലാന്‍ഡ്‌സ് അധികൃതര്‍ പറയുന്നത്.

ടൂറിസത്തിലൂടെ നെതര്‍ലാന്‍ഡ്‌സിന്റെ സമ്പദ്ഘടനയ്ക്ക് 82 ബില്യന്‍ യൂറോയുടെ വരുമാനം പ്രതിവര്‍ഷം നേടാന്‍ സാധിക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ തീരുമാനിക്കുകയാണ് അധികൃതര്‍. ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ അഥവാ അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ അനുയോജ്യ ഇടമെന്ന നിലയില്‍ നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം പേരുകേട്ടതാണ്. റ്റുലിപ് എന്ന പുഷ്പം പൂത്തുലഞ്ഞു നില്‍ക്കുന്ന ഉദ്യാനവും കാറ്റാടി പാടങ്ങളും ആംസ്റ്റര്‍ഡാമിന്റെ പ്രത്യേകതകളാണ്. ഇൗ കാഴ്ച കാണാന്‍ ദിനംപ്രതിയെത്തുന്നവര്‍ നിരവധിയാണ്. ഇതാകട്ടെ, പ്രദേശവാസികള്‍ക്കു ശല്യമാവുകയുമാണ്. ആംസ്റ്റര്‍ഡാമിന്റേതു പോലെ നെതര്‍ലാന്‍ഡ്‌സിലെ മറ്റ് ടൂറിസ്റ്റ് ഹോട്ട് സ്‌പോട്ടിലും സൈ്വര്യ ജീവിതത്തിനു തടസമാവുകയാണ് അമിത തോതിലെത്തുന്ന ടൂറിസ്റ്റുകളെന്നു നെതര്‍ലാന്‍ഡ്‌സ് ബോര്‍ഡ് ഓഫ് ടൂറിസം ആന്‍ഡ് കണ്‍വെന്‍ഷന്‍സ് (എന്‍ബിടിസി) തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നെതര്‍ലാന്‍ഡ്‌സില്‍ പ്രധാനമായും ടൂറിസ്റ്റുകളായെത്തുന്നത് ജര്‍മനി, യുകെ, ബെല്‍ജിയം, ഫ്രാന്‍സ്, യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്.

Comments

comments

Categories: World