250 സിസി സുസുകി ഇന്‍ട്രൂഡര്‍ വരുന്നു

250 സിസി സുസുകി ഇന്‍ട്രൂഡര്‍ വരുന്നു

ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് സീരീസിനെ വെല്ലുവിളിക്കുകയാണ് ലക്ഷ്യം

ന്യൂഡെല്‍ഹി : ഇന്‍ട്രൂഡര്‍ മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ കരുത്തുറ്റ വേര്‍ഷന്‍ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്. 250 സിസി മോട്ടോര്‍ നല്‍കി സുസുകി ഇന്‍ട്രൂഡര്‍ വിപണിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് സീരീസിനെ വെല്ലുവിളിക്കുകയാണ് ലക്ഷ്യം. നിലവില്‍ 154.9 സിസി എന്‍ജിനിലാണ് ക്രൂസര്‍ ലഭിക്കുന്നത്. 2020 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സുസുകി ഇന്‍ട്രൂഡര്‍ 250 പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 150 സിസിക്കുമുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുസുകിയുടെ തീരുമാനം. പ്രീമിയം സെഗ്‌മെന്റില്‍ തിളങ്ങാന്‍ 250 സിസി ഇന്‍ട്രൂഡര്‍ ജാപ്പനീസ് കമ്പനിയെ സഹായിക്കും.

നിലവിലെ ഇന്‍ട്രൂഡറിന്റെ അതേ ഡിസൈന്‍ സൂചകങ്ങള്‍ 250 സിസി ഇന്‍ട്രൂഡറില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ സുസുകി ക്രൂസര്‍ ബൈക്കുകളുടെ ചില ഡിസൈനുകളും പുതിയ മോട്ടോര്‍സൈക്കിളില്‍ കണ്ടേക്കും. സുസുകി ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളിന്റെ മിക്ക സൈക്കിള്‍ പാര്‍ട്ടുകളും എന്‍ജിന്‍ ഘടകങ്ങളും ഉപയോഗിക്കും. എന്നാല്‍ ക്രൂസര്‍ മോട്ടോര്‍സൈക്കിളിനായി ഇവ പരിഷ്‌കരിക്കും. നീളമേറിയ സ്വിംഗ്ആം, അല്‍പ്പം മുന്നോട്ട് സ്ഥാപിച്ച ഫൂട്ട്‌പെഗുകള്‍, കൂടുതല്‍ സുഖപ്രദമായ റൈഡിംഗ് പൊസിഷന്‍ എന്നിവ പ്രതീക്ഷിക്കാം.

250 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക് എന്‍ജിന്‍ 26 ബിഎച്ച്പി കരുത്തും 22.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ക്രൂസര്‍ മോട്ടോര്‍സൈക്കിളിനായി പവര്‍ട്രെയ്ന്‍ ട്യൂണ്‍ ചെയ്യും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ സവിശേഷതകളായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കും. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറായിരിക്കും. രണ്ട് ലക്ഷം രൂപ വില പ്രതീക്ഷിക്കാം. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് കൂടാതെ യുഎം റെനഗേഡുമായും കൊമ്പുകോര്‍ക്കും.

Comments

comments

Categories: Auto