യുഎഇയില്‍ നിന്നുള്ള പ്രവാസി പണത്തില്‍ വര്‍ധനവ് ; ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്ക്

യുഎഇയില്‍ നിന്നുള്ള പ്രവാസി പണത്തില്‍ വര്‍ധനവ് ; ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്ക്

ആകെ പ്രവാസി പണത്തിന്റെ 38.1 ശതമാനവും ഇന്ത്യയിലേക്ക്

ദുബായ്: യുഎഇയിലെ പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ 3 ശതമാനം അധികം പ്രവാസി പണം രാജ്യത്ത് നിന്നും വിവിധ രാഷ്ട്രങ്ങളിലേക്ക് അയച്ചതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണം അയച്ചിട്ടുള്ളത്.

2018ല്‍ ആകെ 169 ബില്യണ്‍ ദിര്‍ഹം പ്രവാസി പണമാണ് യുഎഇയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. എക്‌സ്‌ചേഞ്ചുകള്‍ വഴി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ 6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2017ല്‍ 121.6 ബില്യണ്‍ ദിര്‍ഹമായിരുന്നു ഇത്തരത്തില്‍ അയച്ചതെങ്കില്‍ ഇത്തവണ അത് 128.9 ബില്യണ്‍ ദിര്‍ഹം ആയി ഉയര്‍ന്നു. അതേസമയം ബാങ്കുകള്‍ വഴി അയക്കുന്ന പണത്തില്‍ 5.6 ശതമാനം കുറവ് രേഖപ്പെടുത്തി. 2017ല്‍ ബാങ്കുകള്‍ വഴി 42.7 ബില്യണ്‍ ദിര്‍ഹം അയച്ചപ്പോള്‍ 2018ല്‍ അത് 40.3 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു.

ഇന്ത്യയിലേക്കാണ് ഏറ്റവും അധികം പ്രവാസി പണം ഒഴുകിയിട്ടുള്ളത്. യുഎഇയില്‍ നിന്നും അയച്ചിട്ടുള്ള ആകെ പ്രവാസി പണത്തിന്റെ 38.1 ശതമാനവും ഇന്ത്യയിലേക്ക് ആയിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഈജിപ്ത്, യുഎസ്, യുകെ എന്നീ രാഷ്ട്രങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍.

യുഎസിന് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി പണം അയക്കുന്നത് യുഎഇയില്‍ നിന്നുമാണ്.

Comments

comments

Categories: Arabia
Tags: India, UAE