ഇറാനെ നിയന്ത്രിക്കണമെന്ന് അടിയന്തര ഉച്ചകോടിയില്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ

ഇറാനെ നിയന്ത്രിക്കണമെന്ന് അടിയന്തര ഉച്ചകോടിയില്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ

അറബ് ഉച്ചകോടിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇറാന്‍

മക്ക: ഇറാനെതിരെ ഗുരുതര ആരോപണങ്ങളുമായി സൗദി അറേബ്യ. പ്രാദേശിക, അന്തര്‍ദേശീയ സ്ഥിരതയ്ക്ക് ഭീഷണിയാകും വിധം ഇറാന്‍ ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുകയാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ അബ്ദുള്‍ അസീസ് രാജാവ് ആരോപിച്ചു. ഗള്‍ഫിലെ എണ്ണ സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ വര്‍ധിച്ചുവരുന്ന ഇറാന്‍ ഭീഷണികള്‍ക്കെതിരെ നടപടി എടുക്കേണ്ടത് അനിവാര്യമാണെന്ന് സല്‍മാന്‍ രാജാവ് അറബ് നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ സൗദി അറേബ്യ വിളിച്ചുചേര്‍ത്ത അറബ് ഉച്ചകോടിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി ഇറാന്‍ വിരുദ്ധ വികാരം രൂപപ്പെടുത്താനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ‘പ്രതീക്ഷയില്ലാത്ത’ ശ്രമത്തിനൊപ്പം സൗദി അറേബ്യയും അണി ചേര്‍ന്നിരിക്കുകയാണെന്നും ആരോപിച്ചു.

പശ്ചിമേഷ്യയിലെ ഇറാന്‍ സ്വാധീനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മക്കയില്‍ വിളിച്ചുചേര്‍ത്ത അടിയന്തര ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍, ഇസ്ലാമിക കോര്‍പ്പറേഷന്‍ സംഘടന, അറബ് ലീഗ് ഉച്ചകോടികളില്‍ രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇറാനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞത്.

സൗദി അറേബ്യയിലെ എണ്ണ പമ്പിംഗ് സ്‌റ്റേഷനുകള്‍ക്ക് നേരെയും യുഎഇയില്‍ കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായ സാഹചര്യത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പ്രതിരോധമൊരുക്കാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമുള്ള അവകാശങ്ങളെ പിന്തുണച്ച് ഗള്‍ഫ്-അറബ് രാഷ്ട്രങ്ങള്‍ വിജ്ഞാപനം പുറത്തിറക്കി. ടെഹ്‌റാനുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണം ലക്ഷ്യമിടുന്ന രാഷ്ട്രങ്ങള്‍ അത് മറ്റ് രാഷ്ട്രങ്ങളുടെ കാര്യങ്ങളില്‍ ഇടപെടില്ല എന്ന വ്യവസ്ഥ പാലിക്കണം എന്ന് പറയുന്ന അറബ് വിജ്ഞാപനത്തില്‍ ഇറാനും അമേരിക്കയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഇറാഖ് എതിര്‍പ്പ് പ്രകടിപ്പിച്ചു.

നഗ്നമായ സമാധാനലംഘനം

മറ്റ് രാഷ്ട്രങ്ങളുടെ വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഇറാനെ എന്ത് മാര്‍ഗം ഉപയോഗിച്ചും നിയന്ത്രിച്ച് നിര്‍ത്തണമെന്ന് അറബ്, മുസ്ലീം നേതാക്കളുടെ യോഗത്തില്‍ സല്‍മാന്‍ രാജാവ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഇറാന്‍ നടപടികള്‍ക്ക് കടിഞ്ഞാണിടാന്‍ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം കാണിക്കണമെന്നാണ് സല്‍മാന്‍ രാജാവ് പറഞ്ഞത്. മേഖലയിലും ലോകത്തില്‍ മറ്റിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നതില്‍ നിന്നും ഇറാനെ തടയണമെന്നും സൗദി ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

തങ്ങളുടെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും മേലുള്ള നഗ്നമായ കടന്നാക്രമണമാണ് ഇറാന്‍ നടത്തുന്നത്. ഇറാന്റെ നടപടികള്‍ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിനും ആഗോള എണ്ണ വിതരണത്തിനും ഭീഷണിയാണെന്നും ഐക്യരാഷ്ട്രസഭ ഉടമ്പടികളുടെ കൊടിയ ലംഘനമാണ് ഇറാന്‍ നടത്തുന്നതെന്നും സല്‍മാന്‍ രാജാവ് ആരോപിച്ചു. സമീപകാലത്ത് ഇറാന്‍ നടത്തിയ ക്രിമിനല്‍ നടപടികള്‍ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിനായി ജിസിസി രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് വെളിപ്പെടുത്തുന്നതെന്നും സൗദി ഭരണാധികാരി പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളില്‍ യുഎഇ തീരത്ത് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്കെതിരെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണവും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് വിനാശകരമാണെന്നും സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസഫ് അഭിപ്രായപ്പെട്ടു. ഇത്തരം ആക്രമണങ്ങളെ എല്ലാവിധ ശക്തിയോടും ദൃഢതയോടും കൂടി എതിരിടണമെന്നും ഇറാന്‍ പ്രതിനിധി കൂടി പങ്കെടുത്ത സമ്മേളനത്തില്‍ സൗദി മന്ത്രി അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയ്ക്ക് പുറമേ യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ജിസിസി രാഷ്ട്രങ്ങളും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സൗദി രാജാവ് സന്ദേശമയച്ചിരുന്നെങ്കിലും സൗദി, ബഹ്‌റൈന്‍, യുഎഇ രാജ്യങ്ങളുമായി സ്വരചേര്‍ച്ചയിലല്ലാത്ത ഖത്തര്‍ പ്രധാനമന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ നാസര്‍ അല്‍താനിയെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അയച്ചത്.

അക്രമസംഭവങ്ങളെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ അപലപിച്ചു

യുഎഇയില്‍ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെയും സൗദി അറേബ്യയിലെ എണ്ണ സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളെയും മക്കയില്‍ നടന്ന ഉച്ചകോടയില്‍ ഗള്‍ഫ് രാഷ്ടങ്ങള്‍ അപലപിച്ചു. ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം തന്ത്രപ്രധാന മേഖലയിലെ സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ സംഭവവികാസമാണന്നും പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിലും സുരക്ഷയിലും ലോക എണ്ണവിപണിയിലും അത് പ്രതികൂലമായി പ്രതിഫലിക്കുമെന്നും ഗള്‍ഫ് രാഷ്ട്രത്തലവന്മാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനെതിരെ യുഎഇ സ്വീകരിക്കുന്ന ഏത് നടപടിക്കും ജിസിസി രാഷ്ട്രങ്ങള്‍ സമ്പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വിജ്ഞാപനത്തില്‍ പറയുന്നു.

Comments

comments

Categories: Arabia

Related Articles