എംജി മാക്‌സസ് ഡി90 എസ്‌യുവി അടുത്ത വര്‍ഷമെത്തും

എംജി മാക്‌സസ് ഡി90 എസ്‌യുവി അടുത്ത വര്‍ഷമെത്തും

എംജി മോട്ടോറിന്റെ ചൈനീസ് മാതൃ കമ്പനിയായ സായിക്കിന്റെ വാഹന നിരയില്‍നിന്നാണ് മാക്‌സസ് ഡി90 ഇന്ത്യയിലെത്തുന്നത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വാഹന മോഡലുകള്‍ ഓരോന്നായി അതിവേഗം പുറത്തിറക്കാനാണ് എംജി മോട്ടോര്‍ നീക്കം നടത്തുന്നത്. ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തിച്ചശേഷം ഈ വര്‍ഷം തന്നെ ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് ബ്രാന്‍ഡ് വ്യക്തമാക്കിയിരുന്നു. 2020 ദീപാവലിക്കുമുമ്പ് മറ്റൊരു എസ്‌യുവി കൂടി എംജി മോട്ടോര്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എംജി മോട്ടോറിന്റെ ചൈനീസ് മാതൃ കമ്പനിയായ സായിക്കിന്റെ വാഹന നിരയില്‍നിന്നാണ് മാക്‌സസ് ഡി90 ഇന്ത്യയിലെത്തുന്നത്. സായിക്കിന്റെ ഉപ ബ്രാന്‍ഡായ മാക്‌സസിന്റെ എസ്‌യുവിയാണ് ഡി90.

ഹെക്ടര്‍ എസ്‌യുവിയേക്കാള്‍ അല്‍പ്പം വലുതായിരിക്കും എംജി മാക്‌സസ് ഡി90 എസ്‌യുവി. 5005 എംഎം നീളം, 1932 എംഎം വീതി, 1875 എംഎം ഉയരം എന്നിങ്ങനെയായിരിക്കും വലുപ്പം സംബന്ധിച്ച അളവുകള്‍. 2950 മില്ലി മീറ്ററായിരിക്കും വീല്‍ബേസ്.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വലിയ ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ (17 ഇഞ്ച് മുതല്‍ 21 ഇഞ്ച് വരെ), വലുതും നീളമേറിയതുമായ കാബിന്‍ എന്നിവ സവിശേഷതകളായിരിക്കും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂള്‍ഡ്/ഹീറ്റഡ് സീറ്റുകള്‍, 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി കാമറ തുടങ്ങിയവ ചൈനാ സ്‌പെക് മാക്‌സസ് ഡി90 എസ്‌യുവിയുടെ സവിശേഷതകളാണ്.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ചൈനീസ് വിപണിയിലെ ഡി90 എസ്‌യുവി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 224 എച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍/6 സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇന്ത്യയില്‍ ഡീസല്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.

ഇന്ത്യന്‍ വിപണിയില്‍ ടോപ് വേരിയന്റിന് 30-35 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍ തുടങ്ങിയ മോഡലുകളായിരിക്കും ഇവിടെ എംജി മാക്‌സസ് ഡി90 എസ്‌യുവിയുടെ എതിരാളികള്‍. ഇന്ത്യയില്‍ മറ്റൊരു പേര് നല്‍കിയേക്കും.

Comments

comments

Categories: Auto