ബജാജ് ഡോമിനര്‍ 400 ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ബജാജ് ഡോമിനര്‍ 400 ആക്‌സസറികള്‍ പ്രഖ്യാപിച്ചു

985 രൂപ മുതല്‍ 3,680 രൂപ വരെയാണ് വില. ആദ്യ അമ്പത് ഉപയോക്താക്കള്‍ക്ക് 20 ശതമാനം വിലക്കിഴിവ് ലഭിക്കും

ന്യൂഡെല്‍ഹി : ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ ആക്‌സസറികള്‍ പ്രഖ്യാപിച്ചു. 985 രൂപ മുതല്‍ 3,680 രൂപ വരെയാണ് വിവിധ ആക്‌സസറികളുടെ വില. പുണെ ആസ്ഥാനമായ ഓട്ടോലോഗ് ഡിസൈനാണ് ബജാജ് ഡോമിനറിനുവേണ്ടി ആക്‌സസറികള്‍ നിര്‍മ്മിക്കുന്നത്. ആക്‌സസറികളുടെ ബുക്കിംഗ് ഓട്ടോലോഗ് ഡിസൈന്‍ സ്വീകരിച്ചുതുടങ്ങി.

ടാങ്ക് ഗ്രിപ്പ്, പില്യണ്‍ ബാക്ക്‌റെസ്റ്റ്, സാഡില്‍ സ്റ്റേ, ടോപ് റാക്ക്, എന്‍ജിന്‍ ബാഷ് പ്ലേറ്റ്, വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവയാണ് വിവിധ ആക്‌സസറികള്‍. ടിന്റഡ്, ക്ലിയര്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍ ലഭിക്കും. ആദ്യ അമ്പത് ഉപയോക്താക്കള്‍ക്ക് ഓട്ടോലോഗ് ഡിസൈന്‍ ഇരുപത് ശതമാനം വിലക്കിഴിവ് നല്‍കും.

ഒരു ജോടി ടാങ്ക് ഗ്രിപ്പുകള്‍ക്കാണ് 985 രൂപ വില. വിന്‍ഡ്‌സ്‌ക്രീനിന് 2,630 രൂപയും പില്യണ്‍ ബാക്ക്‌റെസ്റ്റിന് 2,045 രൂപയും ടോപ് റാക്കിന് 3,125 രൂപയും നല്‍കണം. സാഡില്‍ സ്‌റ്റേകള്‍ക്ക് 3,680 രൂപയും എന്‍ജിന്‍ ബാഷ് പ്ലേറ്റിന് 3,285 രൂപയും വില വരും. മുഴുവന്‍ കിറ്റും വാങ്ങണമെന്നുള്ളവര്‍ 12,500 രൂപയാണ് നല്‍കേണ്ടത്.

ആക്‌സസറികള്‍ നിര്‍മ്മിക്കുന്നത് ഓട്ടോലോഗ് ഡിസൈന്‍ ആണെങ്കിലും ഡീലര്‍ഷിപ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് ഓരോ ആക്‌സസറിയുടെയും നിലവാരം ബജാജ് ഓട്ടോ പരിശോധിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യ വാരത്തിലാണ് 2019 മോഡല്‍ ബജാജ് ഡോമിനര്‍ 400 വിപണിയില്‍ അവതരിപ്പിച്ചത്.

373.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി എന്‍ജിനാണ് 2019 ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 39 ബിഎച്ച്പി കരുത്തും 35 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ഗാമിയേക്കാള്‍ മികച്ച സസ്‌പെന്‍ഷന്‍ സംവിധാനം, കൂടുതല്‍ കരുത്ത്, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ഡോമിനര്‍ 400 വിപണിയിലെത്തിയത്.

Comments

comments

Categories: Auto