ഇറാനെതിരെ ഇനി ഒറ്റക്കെട്ട് : അമേരിക്ക-യുഎഇ പ്രതിരോധ സഹകരണ കരാര്‍ നിലവില്‍ വന്നു

ഇറാനെതിരെ ഇനി ഒറ്റക്കെട്ട് : അമേരിക്ക-യുഎഇ പ്രതിരോധ സഹകരണ കരാര്‍ നിലവില്‍ വന്നു

ഫുജെയ്‌റയിലെ കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഏറക്കുറെ ഉറപ്പായതായി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ്

അബുദാബി ഇറാനുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് അമേരിക്കയും യുഎഇയും ഇനി ഒറ്റക്കെട്ടായി നീങ്ങും. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള പ്രതിരോധ സഹകരണ കരാര്‍ ബുധനാഴ്ച രാത്രി നിലവില്‍ വന്നു. അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ യുഎഇ സന്ദര്‍ശന വേളയിലാണ് പ്രതിരോധ സഹകരണം നടപ്പിലാക്കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചത്.

പ്രതിരോധ സഹകരണ കരാറില്‍ നേരത്തെ ഒപ്പുവെച്ചതാണെങ്കിലും ബുധനാഴ്ച രാത്രിയാണ് കരാര്‍ നിലവില്‍ വന്നതായി സംയുക്ത പ്രസ്താവനയിലൂടെ ഇരു രാഷ്ട്രങ്ങളും അറിയിച്ചത്. യുഎഇയും അമേരിക്കയും തമ്മില്‍ നിലവിലുള്ള ഫലപ്രദമായ സൈനിക, രാഷ്ട്രീയ, സാമ്പത്തിക കൂട്ടുകെട്ടിന് കൂടുതല്‍ സൈനിക സഹകരണം ഉറപ്പാക്കുന്ന കരാര്‍ ശക്തി പകരുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ ജോണ്‍ ബോള്‍ട്ടന്‍ ഫുജെയ്‌റയില്‍ ഈ മാസം ആദ്യം നടന്ന കപ്പല്‍ ആക്രമണത്തില്‍ ഇറാനെ പരസ്യമായി വിമര്‍ശിച്ചു. ഇറാനില്‍ നിന്നുള്ള ജല ബോംബുകളാണ് ആക്രമണം നടത്തിയതെന്ന് ഏറെക്കുറെ ഉറപ്പായെതായി ബോള്‍ട്ടന്‍ പറഞ്ഞു. സൗദി അറേബ്യയിലെ അറബ് നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായാണ് ബോള്‍ട്ടന്‍ യുഎഇയില്‍ എത്തിയത്.

പുതിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതിനെതിരെ ബോള്‍ട്ടന്‍ ഇറാന് താക്കീത് നല്‍കി. പശ്ചിമേഷ്യയിലെ സൈന്യബലം വര്‍ധിപ്പിച്ച അമേരിക്ക ഉത്തരവാദിത്വമുള്ളതും ജാഗ്രതയോട് കൂടിയതുമായ നയമാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇറാനോ കൂട്ടാളികളോ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും വളരെ ശക്തമായ മറുപടി ഉണ്ടാകുമെന്നും ബോള്‍ട്ടന്‍ മുന്നറിയിപ്പ് നല്‍കി.

മേയ് 12നാണ് ഫുജെയ്‌റ തുറമുഖത്തിനടുത്ത് വെച്ച് സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകളും നോര്‍വെ, യുഎഇ എന്നീ രാഷ്ട്രങ്ങളുടെ ഓരോ ചരക്ക് കപ്പലുകളും അക്രമിക്കപ്പെട്ടത്. സംഭവം പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് ആക്കം കൂട്ടി. ആക്രമണം സംബന്ധിച്ച അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാത്ത യുഎഇ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് പറഞ്ഞത്. അമേരിക്ക, നോര്‍വെ തുടങ്ങിയ രാഷ്ട്രങ്ങളും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്നാല്‍ ഫുജെയ്‌റ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമായതായി അബുദാബിയിലെ അമേരിക്കന്‍ എംബസിയില്‍ വെച്ച് ബോള്‍ട്ടന്‍ പറഞ്ഞു. വേറെയാരാണ് അത് ചെയ്യുകയെന്നും നേപ്പാളില്‍ നിന്ന് ആരെങ്കിലും അതിന് തുനിയുമോ എന്നും ബോള്‍ട്ടന്‍ ചോദിച്ചു. വാഷിംഗ്ടണില്‍ ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമില്ലെന്നും ഉത്തരവാദികള്‍ ആരാണെന്നുള്ള കാര്യം തങ്ങള്‍ക്ക് അറിയാമെന്ന കാര്യം ഇറാന്‍ നേതൃത്വം അറിഞ്ഞിരിക്കണമെന്നും ബോള്‍ട്ടന്‍ പറഞ്ഞു.

എന്നാല്‍ ബോള്‍ട്ടന്റെ അവകാശവാദങ്ങള്‍ ചിരിക്ക് വക നല്‍കുന്നതാണെന്ന് ഇറാനിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസാവി പ്രതികരിച്ചു.

അന്വേഷണവുമായി അമേരിക്കയും സഹകരിക്കുന്നുണ്ടെന്ന് പറഞ്ഞ ബോള്‍ട്ടന്‍ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടെത് അതില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളും കപ്പല്‍ കമ്പനികളും ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സൗദിയിലെ എണ്ണക്കയറ്റുമതി തുറമുഖമായ യന്‍പുവില്‍ കഴിഞ്ഞിടെ നടന്ന ആക്രമണശ്രമം ഇറാന്റെയും അവരുടെ കൂട്ടാളികളുടെയും ഭാഗത്ത് നിന്നും ഈ മാസം ഉണ്ടാകുന്ന നാലാമത്തെ ആക്രമണശ്രമമാണെന്നും ബോള്‍ട്ടന്‍ പറഞ്ഞു.

സൗദി അറേബ്യയിലെ എണ്ണ പെപ്പ്‌ലൈനുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍ ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത് ഇറാന്‍ ആണെന്ന് സൗദി അറേബ്യ ആരോപിച്ചു. മേയ് 19ന് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്റെ പിന്തുണയുള്ള തീവ്രവാദികളാണെന്നാണ് ആരോപണം.

Comments

comments

Categories: Arabia
Tags: Iran, US-UAE