മറക്കരുത് ഈ സന്ദേശം: ‘സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്ക് കില്‍സ്’

മറക്കരുത് ഈ സന്ദേശം: ‘സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്ക് കില്‍സ്’

പാസീവ് സ്‌മോക്കിംഗ് അഥവാ പാര്‍ശ്വ പുകവലിയുടെ ഇരകളായി വലിയ രോഗങ്ങള്‍ക്കു കീഴടങ്ങുന്ന നിരപരാധികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കാന്‍സര്‍ മുതല്‍ കടുത്ത ശ്വസനേന്ദ്രിയ രോഗങ്ങള്‍ക്കു വരെ കാരണമാകുന്ന പുകവലിക്കെതിരെയുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. പാര്‍ശ്വ പുകവലിയുടെ ദോഷങ്ങള്‍ പുകവലിക്കാരിലേക്കും പുക വലിക്കാത്തവരിലേക്കും എത്തിക്കാനുള്ള ശക്തമായ കാംപെയ്‌നുകള്‍ രൂപപ്പെടുത്തുന്നതിന് ഇത്തരുണത്തില്‍ വലിയ പ്രാധാന്യമുണ്ട്

പുകവലിക്കുമ്പോള്‍ ഊതി വിടുന്ന പുക, പുകവലിക്കാരെ മാത്രമല്ല പുക ശ്വസിക്കുന്ന മറ്റുള്ളവരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നുമെന്നു സൂചിപ്പിക്കുന്ന ഒരു കാംപെയിനുണ്ട്. 2002ലെ കാന്‍ അഡ്വര്‍ട്ടൈസിംഗ് ഫെസ്റ്റിവലില്‍ രണ്ട് ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരം നേടിയ ഈ കാംപെയിന്‍ അവതരിപ്പിച്ചത് പരസ്യ ഏജന്‍സിയായ ഒ ആന്‍ഡ് എമ്മിലെ വിഖ്യാത പരസ്യകാരന്‍ പീയുഷ് പാണ്ഡെയായിരുന്നു. ‘സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്ക് കില്‍സ്’ എന്ന തലക്കെട്ടില്‍ അവതരിപ്പിച്ച പ്രമേയം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ചത്തുകിടക്കുന്ന കുതിരയുടെ സമീപം വിഷണ്ണനായിരിക്കുന്ന കൗബോയിയെയായിരുന്നു ഇതില്‍ ചിത്രീകരിച്ചത്. പ്രശസ്തമായ മാള്‍ബറോ സിഗരറ്റിന്റെ പരസ്യത്തെ അനുകരിച്ചുകൊണ്ടുള്ളതായിരുന്നു ഇത്. തൊപ്പി ധരിച്ച് കുതിരയുടെ സമീപത്തു നിന്ന് സിഗരറ്റ് പുകയൂതി വിടുന്ന പുരുഷനായിരുന്നു മാള്‍ബറോ പരസ്യത്തിലെ യഥാര്‍ത്ഥ ദൃശ്യം. പാര്‍ശ്വ പുകവലി മറ്റുള്ളവരെയും ബാധിക്കുമെന്ന് സമര്‍ത്ഥിക്കുകയായിരുന്നു കാംപെയ്‌നിലൂടെ പീയുഷ് പാണ്ഡെ. പുകവലിക്കെതിരെ കാന്‍സര്‍ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷനു വേണ്ടി തയ്യാറാക്കിയതാണ് ഈ പൊതുജന താല്‍പ്പര്യാര്‍ത്ഥമുള്ള കാംപെയിന്‍.

പുകവലിക്കെതിരെ ധാരാളം കാംപെയിനുകള്‍ എപ്പോഴും നമുക്കു മുന്നിലെത്തുന്നുന്നുണ്ട്. അവയിലൊന്നു മാത്രമാണിത്. പക്ഷേ, കാലമെത്രയായാലും ഇത്തരം കാംപെയിനുകള്‍ക്ക് പ്രശസ്തി നഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണല്ലോ ഈ പുകവലി വിരുദ്ധ ദിനത്തിലും പുകയിലയുടെ ദൂഷ്യത്തെ ഓര്‍മിപ്പിക്കാനായി ഇതു ചൂണ്ടിക്കാട്ടാനാവുന്നത്. വഴിയോരങ്ങളിലും വാഹനങ്ങളിലും എന്തിന് വീടുകളില്‍ത്തന്നെയും പുകവലിക്കാത്തവരുടെ സാന്നിധ്യം കണക്കിലെടുക്കാതെ പുക ആസ്വദിക്കുന്നവരില്‍ എത്രപേര്‍ അറിയുന്നുണ്ട്, പുകവലി അവരുടെ മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യത്തെയും ദേഷകരമായി ബാധിക്കുന്നുണ്ടെന്ന്. അവര്‍ ഊതി വിടുന്ന പുക അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും അതിലടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യും. പുകവലിപോലെ തന്നെ അപകടകരമാണ് ഈ പുക അന്തരീക്ഷത്തില്‍ നിന്നും ശ്വസിക്കുന്നതും.

പൊതുസ്ഥലങ്ങളിലെ പുകവലിക്കാരില്‍ നിന്ന് ചിലരെങ്കിലും ഒഴിഞ്ഞുമാറി പോകാറുണ്ട്. നിര്‍ബന്ധമെന്നോണം പലര്‍ക്കും പുക ശ്വസിക്കപ്പെടേണ്ടിവരുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പുകവലി കാന്‍സറിനു കാരണമാകുമെന്ന് പൊതുവെ ജനങ്ങളില്‍ ധാരണയുണ്ട്. പക്ഷേ ഹൃദ്രോഗം തുടങ്ങി ശ്വാസകോശങ്ങള്‍ക്കും അത് വഴിവെക്കുമെന്നും ഓര്‍മിക്കണം. ഇപ്രാവശ്യത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ ആശയം തന്നെ പുകയിലയും ശ്വാസകോശ ആരോഗ്യവും എന്നതാണ്. കാന്‍സര്‍ മുതല്‍ കടുത്ത ശ്വസനേന്ദ്രിയ രോഗങ്ങള്‍ക്കു വരെ കാരണമാകുന്ന പുകവലിക്കെതിരെയുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നുണ്ട്.

പൊതുജനതാല്‍പ്പര്യാര്‍ത്ഥമുള്ള ഇത്തരം കാംപെയിനുകള്‍ എത്രപേരുടെ ശ്രദ്ധയില്‍പ്പെടുമെന്നും അവരിലെത്രപേര്‍ ഇതിനെ പോസീറ്റീവായി സ്വീകരിക്കുമെന്നും പറയാനാവില്ല. എന്നാലും അത് പലരെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മനസ്സിലേക്ക് തുളച്ചു കയറുന്ന വാചകവും ദൃശ്യവും നിറയുന്ന കാംപെയിനുകള്‍ ഒരു നിമിഷം നോക്കിയാല്‍ത്തന്നെ അത് വിജയിച്ചുവെന്നു പറയാം.

Categories: FK Special, Slider