റോള്‍സ് റോയ്‌സ് കള്ളിനന്‍ ഇന്ത്യയില്‍

റോള്‍സ് റോയ്‌സ് കള്ളിനന്‍ ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 6.95 കോടി രൂപ

ചെന്നൈ : റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവിയായ കള്ളിനന്‍ ഇന്ത്യയിലെത്തി. ആഡംബര എസ്‌യുവി ചെന്നൈയില്‍ അനാവരണം ചെയ്തു. 6.95 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ചാണ് എസ്‌യുവി നിര്‍മ്മിക്കാന്‍ റോള്‍സ് റോയ്‌സ് തീരുമാനിച്ചതെന്ന് ഏഷ്യ പസിഫിക് സെയില്‍സ് മാനേജര്‍ ഡേവിഡ് കിം പറഞ്ഞു. ചെന്നൈ കെയുഎന്‍ മോട്ടോര്‍ കമ്പനി ഡീലര്‍ പ്രിന്‍സിപ്പല്‍ വാസന്തി ഭൂപതി, സിഇഒ കെ വെങ്കടേഷ്, ജനറല്‍ മാനേജര്‍ ജെ ഹിതേഷ് നായിക്, കേരള സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റോള്‍സ് റോയ്‌സിന്റെ പുതിയ ‘ആര്‍ക്കിടെക്ച്ചര്‍ ഓഫ് ലക്ഷ്വറി’ അഥവാ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് കള്ളിനന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 5341 എംഎം നീളവും 2164 എംഎം വീതിയുമാണ് കള്ളിനന്‍ എസ്‌യുവിയുടെ അളവുകള്‍. 3295 മില്ലി മീറ്ററാണ് വീല്‍ബേസ്.

കാബിനില്‍ സാങ്കേതികവിദ്യകളുടെ ഘോഷയാത്രയാണ്. ഡാഷ്‌ബോര്‍ഡില്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനുകള്‍ നല്‍കിയതുകൂടാതെ പിറകിലെ യാത്രക്കാര്‍ക്കായി മുന്‍ സീറ്റുകളുടെ പിന്നില്‍ 12 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ മോണിറ്ററുകള്‍ നല്‍കിയിരിക്കുന്നു. ബ്ലൂ-റേ പ്ലെയര്‍, ഡിജിറ്റല്‍ ടെലിവിഷന്‍, പതിനെട്ട് സ്പീക്കറുകള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.

സ്റ്റാന്‍ഡേഡ് ബൂട്ട് സ്‌പേസ് 560 ലിറ്ററാണ്. ഇത് 1930 ലിറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും. നൈറ്റ് വിഷന്‍ ഫംഗ്ഷന്‍, പെഡസ്ട്രിയന്‍ & വൈല്‍ഡ്‌ലൈഫ് അലര്‍ട്ട്, അലര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് വ്യൂ നല്‍കുന്ന നാല് കാമറകള്‍ എന്നിവ കൂടാതെ കൊളീഷന്‍, ക്രോസ്-ട്രാഫിക്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പുകള്‍ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

6.75 ലിറ്റര്‍, വി12 എന്‍ജിനാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്‌യുവിയുടെ ഹൃദയം. 563 ബിഎച്ച്പി കരുത്തും 850 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ മോട്ടോറിന് കഴിയും. 1600 ആര്‍പിഎമ്മില്‍ മുഴുവന്‍ ടോര്‍ക്കും പ്രദാനം ചെയ്യും.

Comments

comments

Categories: Auto