റെഡിമെയ്ഡ് ഭക്ഷണങ്ങളും ഐസ്‌ക്രീമും അകാലമരണം സമ്മാനിക്കുമെന്നു പഠനം

റെഡിമെയ്ഡ് ഭക്ഷണങ്ങളും ഐസ്‌ക്രീമും അകാലമരണം സമ്മാനിക്കുമെന്നു പഠനം

ലണ്ടന്‍: ബ്രേക്ക്ഫാസ്റ്റ് സെറിള്‍സ് (breakfast cereals) മുതല്‍ വില്‍പനയ്ക്കു തയാറാക്കി വച്ചിരിക്കുന്ന ഭക്ഷണം അഥവാ റെഡിമെയ്ഡ് ഫുഡ്, മഫിന്‍ (ഒരു തരം ഗോതമ്പപ്പം), ഐസ്‌ക്രീം എന്നിവ വരെയായി വലിയ തോതില്‍ പ്രോസസ് ചെയ്ത, സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക്, അകാലമരണം എന്നിവയുണ്ടാക്കാന്‍ കാരണമാകുമെന്ന് രണ്ട് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സ്, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ചേരുവകള്‍ ഉള്‍പ്പെടുത്തി ഫാക്ടറികളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍ക്കു കാന്‍സര്‍, അമിതവണ്ണം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി ഓഫ് പാരീസിലെ ഗവേഷകര്‍ 105,000 പേരുടെ ഡയറ്റ്, അഥവാ ആഹാരക്രമം, ആരോഗ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം കാലം ഇത് പഠനത്തിനായി നിരീക്ഷിച്ചു. അപ്പോള്‍ കണ്ടെത്തിയതാകട്ടെ, അള്‍ട്രാ പ്രോസസ്ഡ് അഥവാ അമിതമായ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിച്ചവരില്‍ സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്, മറ്റ് ഹൃദയസംബന്ധിയായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യത കൂടുതലായിരുന്നെന്നാണ്. പ്രോസസ്ഡ് ഫുഡ്‌സ് ദീര്‍ഘകാലം നില നില്‍ക്കാനും രുചികരമാക്കുവാനും വേണ്ടി ഉപ്പ്, എണ്ണ, മധുരം എന്നിവ ചേര്‍ക്കും. ഉദാഹരണമായി ചീസ്, ടിന്നിലടച്ച പഴങ്ങള്‍, പച്ചക്കറികള്‍, ബിയര്‍, ബ്രെഡ്, പന്നിയിറച്ചി. ഇവ ഭക്ഷിക്കുന്നതാകട്ടെ, ആരോഗ്യത്തിനു ഹാനികരമായി മാറുകയും ചെയ്യുന്നു. പ്രോസസ്ഡ് ഫുഡ്‌സിനു പുറമേ അള്‍ട്രാ പ്രോസസ്ഡ് ഫുഡ്‌സുമുണ്ട്. ഇവയാകട്ടെ വ്യാവസായിക തലത്തില്‍ കൂടുതല്‍ പ്രോസസിംഗിനു വിധേയമാകുന്നു. കൂടുതല്‍ ചേരുവകളും ചേര്‍ക്കുന്നു. ബ്രേക്ക്ഫാസ്റ്റ് സെറിള്‍സ്, ചോക്കലേറ്റ്, ഐസ്‌ക്രീം, കേക്ക്, ഞൊടിയിടെ തയാറാക്കി ലഭിക്കുന്ന സൂപ്പ്, മധുരമുള്ളതും നുരയുള്ളതുമായ പാനീയങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്.

Comments

comments

Categories: Health