ഇന്ത്യ ബിംസ്‌റ്റെക്കിന്റെ ഊര്‍ജ സ്രോതസാകും

ഇന്ത്യ ബിംസ്‌റ്റെക്കിന്റെ ഊര്‍ജ സ്രോതസാകും

ന്യൂഡെല്‍ഹി: പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ നടത്തുന്ന വന്‍ മുന്നേറ്റം ബിംസ്‌റ്റെക് സഖ്യത്തിലെ അംഗങ്ങളായ അയല്‍ രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് നിരീക്ഷണം. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് പുനരുപയോഗിക്കാവുന്ന സംശുദ്ധ ഊര്‍ജം നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2045 ഓടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി വ്യാപാരം 65,000 മെഗാവാട്ട് മുതല്‍ 95,000 മെഗാവാട്ട് വരെ ഉയരുമെന്ന് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍കോപ്പി ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടുന്നു. ലോക ബാങ്കും ഈ കണക്കുകള്‍ ശരി വെക്കുന്നുണ്ട്. ഊര്‍ജത്തിന്റെ ഈ ആവശ്യകത പൂര്‍ണമായും ഇന്ത്യക്ക് നിറവേറ്റാനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

2021 ഓടെ 20 ഗിഗാ വാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ബംഗ്ലാദേശും 2020 ആവുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജം 60% വര്‍ധിപ്പിക്കാന്‍ മാലിദ്വീപും ലക്ഷ്യമിട്ടിട്ടുണ്ട്. ബംഗ്ലാദേശിന് ഇന്ത്യ നിലവില്‍ തന്നെ വൈദ്യുതി നല്‍കുന്നുണ്ട്. ശ്രീലങ്കയും ശുദ്ധ ഊര്‍ജത്തിനായി ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു. 2022 ഓടെ 175 ഗിഗാ വാട്ട് സൗര, പവനോര്‍ജ ശേഷി കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. 2017 ല്‍ ഇത് 275 ഗിഗാ വാട്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്.

Categories: FK News, Slider
Tags: Bimstec, India