ഇടി പരിശോധനയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട അമേസ്

ഇടി പരിശോധനയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട അമേസ്

ആഫ്രിക്കന്‍ വിപണികളിലേക്കുവേണ്ട സ്‌പെസിഫിക്കേഷനുകളോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഹോണ്ട അമേസാണ് നേട്ടം കൈവരിച്ചത്

ന്യൂഡെല്‍ഹി : ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട അമേസിന് 4 സ്റ്റാര്‍ റേറ്റിംഗ്. ആഫ്രിക്കന്‍ വിപണികളിലേക്കുവേണ്ട സ്‌പെസിഫിക്കേഷനുകളോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഹോണ്ട അമേസാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത സുസുകി ഇഗ്നിസ് 3 സ്റ്റാര്‍ റേറ്റിംഗ് നേടിയതും അഭിമാനകരമായി.

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ് ഇടി പരിശോധന നടത്തിയത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചാണ് ഹോണ്ട അമേസിന് 4 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ കഴിഞ്ഞത്. ഹോണ്ട അമേസിന്റെ ബേസ് വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് തെരഞ്ഞെടുത്തത്.

ഇരട്ട എയര്‍ബാഗുകള്‍, ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ആഫ്രിക്കന്‍ വിപണിയില്‍ വില്‍ക്കുന്ന ഹോണ്ട അമേസില്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന ഹോണ്ട അമേസില്‍ സ്പീഡ് വാണിംഗ് സിസ്റ്റം, രണ്ട് മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്.

എന്നാല്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ഒരു സ്റ്റാര്‍ മാത്രമാണ് ഹോണ്ട അമേസിന് നേടാന്‍ കഴിഞ്ഞത്. ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിച്ചാണ് കാറിന്റെ ഇടി പരിശോധന നടത്തിയത്. ഒന്നര വയസ്സ്, മൂന്ന് വയസ്സ് പ്രായമുള്ള പാവകളെ (ഡമ്മി) ഇടി പരിശോധനാസമയത്ത് കാറില്‍ ഇരുത്തിയിരുന്നു. എന്നാല്‍ ഈ ഡമ്മികളുടെ തലയില്‍ പരുക്കേല്‍ക്കാനുള്ള സാധ്യത ഗ്ലോബല്‍ എന്‍കാപ് സംഘം ചൂണ്ടിക്കാട്ടി.

ഒരേ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെയും ആഫ്രിക്കയിലെയും കാറുകളുടെ സുരക്ഷ ഗ്ലോബല്‍ എന്‍കാപ് പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ അമേസിന്റെ ഇടി പരിശോധനാ ഫലം ഇന്ത്യന്‍ മോഡലിനും ബാധകമാണ്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ രണ്ടാം തലമുറ ഹോണ്ട അമേസ് വിറ്റുതുടങ്ങിയത്.

Comments

comments

Categories: Auto