ഹീറോ ഇലക്ട്രിക് സാന്നിധ്യം വിപുലീകരിക്കുന്നു

ഹീറോ ഇലക്ട്രിക് സാന്നിധ്യം വിപുലീകരിക്കുന്നു

രണ്ട് മാസത്തിനുള്ളില്‍ പതിനഞ്ച് ഡീലര്‍ഷിപ്പുകള്‍ തുറക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്ന് ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചു. കിഴക്കന്‍, മധ്യ ഇന്ത്യയിലാണ് പുതുതായി കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. മികച്ച നിലവാരമുള്ള സര്‍വീസ്, വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവ ഡീലര്‍ ശൃംഖലയുടെ സവിശേഷതയായിരിക്കും.

ആസാമിലെ ഗുവാഹാത്തി, ഗുജറാത്തിലെ ഉന, ഹരിയാണയിലെ കൈത്തല്‍, റോഹ്തക്, മധ്യപ്രദേശിലെ ബഡ്‌നഗര്‍, മഹാരാഷ്ട്രയിലെ ഷിര്‍വാള്‍, തമിഴ്‌നാട്ടിലെ തെങ്കാശി തുടങ്ങി എട്ട് സ്ഥലങ്ങളില്‍ ഇതിനകം പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ആമ്ത, മധ്യപ്രദേശിലെ ടിമര്‍ണി, ബിഹാറിലെ ഹാസിപുര്‍, ഛത്തീസ്ഗഢിലെ പ്രതാപുര തുടങ്ങിയ സ്ഥലങ്ങളിലായാണ് പതിനഞ്ച് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് വടക്ക് ശ്രീനഗര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെയും പടിഞ്ഞാറ് പോര്‍ബന്തര്‍ മുതല്‍ കിഴക്ക് ഗുവാഹാത്തി വരെയും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഹീറോ ഇലക്ട്രിക് ആഗ്രഹിക്കുന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ പരമാവധി ആളുകള്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഹീറോ ഇലക്ട്രിക്കിന്റെ ടച്ച്‌പോയന്റുകളുടെ എണ്ണം ഈയിടെ 600 കടന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സോഹീന്ദര്‍ ഗില്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1500 ഓളം ടച്ച്‌പോയന്റുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ വിദൂര സ്ഥലങ്ങളില്‍പോലും സാന്നിധ്യമറിയിക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto