ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം കുറഞ്ഞു

ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം കുറഞ്ഞു
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ശതമാനം ഇടിവാണ് രാജ്യത്തേക്കുള്ള എഫ്ഡിഐയില്‍ ഉണ്ടായത്
  • ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറയുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തിന്റെ ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വൈദ്യുതി തുടങ്ങിയ മേഖലകളിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-2019) കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവ് ഉണ്ടാകുന്നത്. 2018-2019ല്‍ ഒരു ശതമാനം വാര്‍ഷിക ഇടിവാണ് രാജ്യത്തേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഉണ്ടായത്. 2017-2018ല്‍ 44.8 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44.4 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് രാജ്യത്തേക്കെത്തിയത്.

ടെലികോം മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 56 ശതമാനം ഇടിവുണ്ടായി. 2.7 ബില്യണ്‍ ഡോളര്‍ എഫ്ഡിഐയാണ് ഇക്കാലയളവില്‍ മേഖലയിലേക്ക് എത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലേക്കുള്ള നിക്ഷേപം 74 ശതമാനം കുറഞ്ഞ് 266 മില്യണ്‍ ഡോളറായി. വൈദ്യുതി മേഖലയില്‍ മുന്‍ സാമ്പത്തിക വര്‍ഷം 1.62 ബില്യണ്‍ ഡോളര്‍ നിക്ഷേപം വിദേശ നിക്ഷേപകര്‍ ഒഴുക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1.1 ബില്യണ്‍ ഡോളറായി ചുരുങ്ങി.

സേവനം, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍, വ്യാപാരം, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളിലേക്കുള്ള എഫ്ഡിഐയിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധന രേഖപ്പെടുത്തിയത്. 9.15 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ സേവന മേഖലയിലും 6.41 ബില്യണ്‍ ഡോളര്‍ നിക്ഷേപം കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ വിഭാഗത്തിലും 4.46 ബില്യണ്‍ ഡോളര്‍ നിക്ഷേപം വ്യാപാര രംഗത്തും 2.62 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിഭാഗത്തിലും വിദേശ നിക്ഷേപകര്‍ ഒഴുക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപം എത്തിയിട്ടുള്ളത് സിംഗപ്പൂരില്‍ നിന്നാണ്. മൗറീഷ്യസിനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എഫ്ഡിഐ സ്രോതസ്സായി സിംഗപ്പൂര്‍ മാറിയത്. 16.2 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് 2018-2019ല്‍ സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതേസമയം, മൗറീഷ്യസില്‍ നിന്നും 8.1 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ എത്തി.

ഇതിനുമുന്‍പ്, 2012-2013 സാമ്പത്തിക വര്‍ഷമാണ് ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്, 36 ശതമാനം. 2011-2012ല്‍ 35.12 ബില്യണ്‍ ഡോളര്‍ നിക്ഷേപമെത്തിയ സ്ഥാനത്ത് 2012-2013ല്‍ 22.42 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ രാജ്യത്ത് നടത്തിയത്. ഇതിനുശേഷം തുടര്‍ച്ചയായി എഫ്ഡിഐയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2017-2018 സാമ്പത്തിക വര്‍ഷത്തിലാണ് രാജ്യത്തേക്കുള്ള എഫ്ഡിഐയില്‍ റെക്കോഡ് വര്‍ധന അനുഭവപ്പെട്ടത്.

Comments

comments

Categories: FK News