എമിറാറ്റികളുടെ തൊഴില്‍ നൈപുണി വികസനത്തിന് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതി

എമിറാറ്റികളുടെ തൊഴില്‍ നൈപുണി വികസനത്തിന് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതി

12 നൂതന ശേഷികളെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുക

ദുബായ്: എമിറാറ്റി ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തൊഴില്‍ നൈപുണി വികസനം ലക്ഷ്യമാക്കിയുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അഭിമാന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ‘സാമ്പത്തിക എഞ്ചിന്’ രൂപം നല്‍കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

അടുത്ത ഒരു വര്‍ഷം ഓരോ മാസവും പുതിയ അറിവുകളും അനുഭവങ്ങളും പകര്‍ന്ന് നല്‍കി ഭാവിയെ വെല്ലുന്ന പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൈ സ്‌കില്‍സ് 12×12 എന്ന കാംപെയിനാണ് ഷേഖ് മുഹമ്മദ് തുടക്കം കുറിച്ചത്. ദൂരവ്യാപകമായ ഈ പരിപാടി വരും ദശാബ്ദങ്ങളില്‍ യുഎഇയെ ലോകവേദിയില്‍ മുന്‍നിര രാജ്യങ്ങളിലൊന്നായി പ്രതിഷ്ഠിക്കുന്നതിനുള്ള 12 വ്യത്യസ്ത ശേഷികള്‍ക്ക് ഊന്നല്‍ നല്‍കിയാകും നടപ്പിലാക്കുക. ഞായറാഴ്ച യുഎഇ മന്ത്രിസഭ അംഗീകരിച്ച അഡ്വാന്‍സ്ഡ് സ്‌കില്‍സ് നാഷ്ണല്‍ പ്രോഗ്രാമിന് കീഴില്‍ വരുന്ന നയങ്ങളില്‍ ആദ്യത്തേതാണിത്. ‘എമിറാറ്റി സമൂഹത്തില്‍ ആജീവനാന്ത പഠനം’ എന്ന ആദര്‍ശമാണ് പദ്ധതി പിന്തുടരുന്നത്.

ശാസ്ത്രീയ സാക്ഷരത, സര്‍ഗാത്മകത, വിമര്‍ശനാത്മക ചിന്ത/ പ്രശ്‌ന പരിഹാരം, നേതൃത്വം, സഹാനുഭൂതി, സാങ്കേതിക സാക്ഷരത, സാമ്പത്തിക സാക്ഷരത, സഹപ്രവര്‍ത്തനം, ആശയവിനിമയം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശേഷി, സാമൂഹിക സാംസ്‌കാരിക അവബോധം, വളര്‍ച്ചാ കാഴ്ചപ്പാട് എന്നീ നൂതന ശേഷികള്‍ക്കായിരിക്കും പരിപാടിയില്‍ ഊന്നല്‍ നല്‍കുക. ജൂണ്‍ മാസത്തില്‍ വളര്‍ച്ചാ കാഴ്ചപ്പാടിനായിരിക്കും ശ്രദ്ധ നല്‍കുകയെന്ന് ഷേഖ് മുഹമ്മദ് അറിയിച്ചു.

വര്‍ക്ക്‌ഷോപ്പുകള്‍, പ്രബന്ധങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവയിലൂടെ എല്ലാ വിഭാഗത്തിലുമുള്ള എമിറാറ്റി സമൂഹത്തിന്റെ തൊഴില്‍ നൈപുണ്യത്തിന് മൂര്‍ച്ച കൂട്ടാനുള്ള അവസരമാണ് പരിപാടിയില്‍ ഒരുക്കിയിരിക്കുന്നത്. വളര്‍ച്ചാ കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വ്യക്തിപരമായി അഭിവൃദ്ധിപ്പെടേണ്ടതിന്റെ പ്രാധാന്യം, സാങ്കേതിക മേഖല മുതല്‍ ആരോഗ്യരംഗം വരെ ലോകത്ത് പല മേഖലകളിലുമുള്ള വികസനത്തിന് ഒപ്പം എത്തേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളായിരിക്കും ജൂണില്‍ എമിറാറ്റി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുക.

യുഎഇയിലെ 70ല്‍ അധികം അന്താരാഷ്ട്ര, സ്വകാര്യ സ്ഥാപനങ്ങളില്‍ വിശദമായ പഠനം നടത്തിയ ശേഷമാണ് പരിപാടിയില്‍ ഊന്നല്‍ നല്‍കേണ്ട 12 തൊഴില്‍ ശേഷികള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ, നൂതന ശേഷി സഹമന്ത്രി അഹമ്മദ് അല്‍ ഫലസി പറഞ്ഞു.

Comments

comments

Categories: Arabia