ഇ-ഫാര്‍മ വിപണി 2.7 ബില്യണ്‍ ഡോളറിലേക്ക് 2023ഓടെ ഉയരും

ഇ-ഫാര്‍മ വിപണി 2.7 ബില്യണ്‍ ഡോളറിലേക്ക് 2023ഓടെ ഉയരും

ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ ടെക്, ഫിന്‍ടെക് എന്നിവയിലെ വന്‍ കമ്പനികളുടെയും നിക്ഷേപകരുടെയും ശ്രദ്ധ കൂടുതലായി ഇ- ഫാര്‍മസി മേഖലകളിലേക്ക് തിരിയും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഇ- ഫാര്‍മ വിപണിയില്‍ വരുന്ന വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഇ വൈ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023ഓടെ 2.7 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഇ- ഫാര്‍മ വിപണി എത്തുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 360 മില്യണ്‍ ഡോളറിന്റെ വലുപ്പമാണ് ഉള്ളതെന്നും ‘ ഇ- ഫാര്‍മ: ആരോഗ്യകരമായ ഫലങ്ങള്‍’ എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നത്, സ്മാര്‍ട്ട് ഫോണ്‍ വ്യാപനം, ദീര്‍ഘകാല അസുഖങ്ങളുടെ വര്‍ധന, പ്രതിശീര്‍ഷ വരുമാനം ഉയരുന്നതിലൂടെ ചികിത്സയ്ക്കായി ചെലവഴിക്കാവുന്ന തുകയില്‍ ഉണ്ടാകുന്ന വളര്‍ച്ച എന്നിവയെല്ലാമാണ് ഈ മേഖലയിലെ വളര്‍ച്ചാ പ്രതീക്ഷകളെ മുന്നോട്ടു നയിക്കുന്നത്.

ആഗോള തലത്തില്‍ നിലവില്‍ 9.3 ബില്യണ്‍ ഡോളറിന്റെ വലുപ്പമാണ് നിലവില്‍ ഇ-ഫാര്‍മ വ്യവസായത്തിനുള്ളത്. 2023ഓടെ 18.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ 18.1 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ദീര്‍ഘ കാല രോഗങ്ങള്‍ക്കായുള്ള മരുന്നുകളുടെ വിപണിയില്‍ 85 ശതമാനം വരെ പങ്കാളിത്തം സ്വന്തമാക്കാന്‍ ഇ-ഫാര്‍മസി മേഖലയ്ക്ക് സാധിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. രൂക്ഷതയുള്ള രോഗങ്ങള്‍ക്കായുള്ള മരുന്നുകളുടെ വിപണിയില്‍ 40 ശതമാനത്തോളം നാലുവര്‍ഷത്തിനുള്ളില്‍ ഇ- ഫാര്‍മസി സ്വന്തമാക്കുമെന്നാണ് കണക്കാക്കുന്നത്.

‘ ഇന്ത്യയിലിന്ന് ഇ-കൊമേഴ്‌സിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് പ്രകടമാകുന്നത്, ഈ സാഹചര്യം തിരിച്ചറിഞ്ഞ് ഓണ്‍ലൈന്‍ ഫാര്‍മസികളും വര്‍ധിച്ചിരിക്കുന്നു. ഡിജിറ്റല്‍ പേമെന്റുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതും അടുത്ത നാലു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണ് ഇ- ഫാര്‍മസി മേഖലയ്ക്ക് നല്‍കുന്നത്. ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പന മാത്രമല്ല, ബി ടു ബി ഇടപാടുകളും ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്ത് വര്‍ധിക്കും’ ഇവൈ ഇന്ത്യ പാര്‍ട്ണറും ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മേഖലകളിലെ വിദഗ്ധനുമായ അന്‍കുര്‍ പഹ്വ പറയുന്നു.

ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ ടെക്, ഫിന്‍ടെക് എന്നിവയിലെ വന്‍ കമ്പനികളുടെയും നിക്ഷേപകരുടെയും ശ്രദ്ധ കൂടുതലായി ഇ- ഫാര്‍മസി മേഖലകളിലേക്ക് തിരിയും. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച ഫണ്ട് സമാഹരണം സാധ്യമാക്കിയിട്ടുണ്ട്. ആരോഗ്യത്തിനായുള്ള പ്രതിശീര്‍ഷ ചെലവിടല്‍ വേഗത്തില്‍ വര്‍ധിക്കുന്ന രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ വിപുലമായ ശൃംഖലകളുള്ള സംരംഭങ്ങള്‍ക്ക് ഇ-ഫാര്‍മസി മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് അന്‍കുര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News
Tags: E Pharma

Related Articles