എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു? ഇതാ ഏഴ് കാരണങ്ങള്‍

എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു? ഇതാ ഏഴ് കാരണങ്ങള്‍

മോദി എന്ന വ്യക്തിയുടെ പ്രഭാവത്തിനൊപ്പം ബിജെപി എന്ന രാഷ്ട്രീയ കക്ഷി ദേശസുരക്ഷയ്ക്കായി നില കൊള്ളുന്നു എന്ന പ്രതീതി അവര്‍ മനോഹരമായി സാധാരണക്കാരുടെ കുടുംബകൂട്ടായ്മകളിലൂടെ എത്തിച്ചു

എ ആര്‍ രഞ്ജിത്

ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ഇലക്ഷന്‍ ജയിച്ചു വരണമെങ്കില്‍ അനേകം കടമ്പകള്‍ കടന്നേ പറ്റൂ.അത്തരം ചില കടമ്പകളെ കുറിച്ചും അത് കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതികളെ കുറിച്ചും ഒന്ന് വിശകലനം ചെയ്തു നോക്കാം. പ്രധാനമായും ഇവയെ ഏഴായി തിരിക്കാം.

1. തെരഞ്ഞെടുപ്പു കാലത്ത് ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന പ്രശ്‌നം/വാഗ്ദാനം
2. ലീഡര്‍ഷിപ്പ് അഥവാ നേതൃത്വപാഠവം
3. സ്ഥാനാര്‍ത്ഥികള്‍
4. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ പ്രവര്‍ത്തന രീതി
5. മറ്റു കക്ഷികളെ ഒപ്പം നിര്‍ത്താനുള്ള കഴിവ്
6. കാശ്, അധികാരം
7. മീഡിയ മാനെജ്‌മെന്റ്

തെരഞ്ഞെടുപ്പു കാലത്ത് ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന പ്രശ്‌നം/വാഗ്ദാനം

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ നോട്ട് നിരോധനം, ജിഎസ്ടി എന്നിവ ഉപകാരമാണോ ഉപദ്രവമാണോ എന്ന് പോലും പലര്‍ക്കും മനസിലായിരുന്നില്ല…പ്രത്യേകിച്ചും ഇതുമായി ഒന്നും ബന്ധമില്ലാത്ത ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക്. എന്നാല്‍ അതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനോ അതൊരു ചര്‍ച്ചയാക്കാനോ കൊണ്‍ഗ്രസിനു സാധിച്ചില്ല.

റഫാല്‍ പോലൊരു തുരുപ്പുചീട്ടു വീണു കിട്ടിയിട്ടു പോലും, അത് ഉപയോഗിക്കാന്‍ കഴിഞ്ഞുമില്ല. റഫാല്‍ എന്ന് കേട്ടിട്ട് പോലും കാണില്ല മധ്യപ്രദേശിലെയും രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സാധാരണ ജനക്കൂട്ടം. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ തുടങ്ങി, ദേശീയ സുരക്ഷ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു വികാരതരംഗം മെനഞ്ഞെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

മോദി എന്ന വ്യക്തിയുടെ പ്രഭാവത്തിനൊപ്പം ബിജെപി എന്ന രാഷ്ട്രീയ കക്ഷി ദേശസുരക്ഷയ്ക്കായി നില കൊള്ളുന്നു എന്ന പ്രതീതി അവര്‍ മനോഹരമായി സാധാരണക്കാരുടെ കുടുംബകൂട്ടായ്മകളിലൂടെ എത്തിച്ചു. ശൗചാലയം പോലുള്ള, ഒരു ഉത്തരേന്ത്യക്കാരന്റെ ദൈനംദിന പ്രശ്‌നങ്ങളെ മീഡിയ സ്ട്രാറ്റജികള്‍ ഉപയോഗിച്ച് പര്‍വതീകരിച്ചതിലൂടെ, ഇന്ധന വിലവര്‍ധന പോലുള്ള പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോയി. റിസര്‍വ് ബാങ്ക് അടക്കമുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ കൈ കടത്തി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ ശതമാനം എത്രയാണെന്നത് പോലും ആര്‍ക്കും ശരിയായി കണ്ടുപിടിക്കാന്‍ പറ്റാത്ത തരത്തിലേക്ക് ഗവണ്‍മെന്റ് സംവിധാനങ്ങളെ ഭരണപാര്‍ട്ടി ശരിയായി ഉപയോഗിച്ചു.

ലീഡര്‍ഷിപ്പ് അഥവാ നേതൃത്വപാഠവം

ഏതൊരു പ്രസ്ഥാനത്തിന്റെയും വളര്‍ച്ച അതിന്റെ നേതാവിനെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസമോ, ഭാഷകള്‍ ഉപയോഗിക്കാനുള്ള കഴിവോ ഒന്നുമല്ല ഈ നേതൃത്വപാഠവം. അത് സ്വന്തമായി പല കാര്യങ്ങളും തുടങ്ങാനും അത് ചെയ്ത് കാണിക്കാനും അതുവഴി ഒരുപാട് ആളുകളെ തന്റെ ഫോളോവേഴ്‌സ് ആക്കി മാറ്റാനുമുള്ള കഴിവാണ്. അതിന് ആളുകളെ പ്രചോദിപ്പിക്കാന്‍ സാധിക്കുന്ന രീതികള്‍, സംസാരം, ഊര്‍ജം എല്ലാം ആവശ്യമാണ്.

ദേശീയ തലത്തില്‍ അതിനാല്‍ തന്നെ രാഹുല്‍, മോദിയെ പോലെ മറ്റുള്ളവരെ സ്വാധീനിക്കാന്‍ മാത്രം ശേഷിയുള്ള ഒരു നേതാവല്ല എന്നു കാണാം. രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രശ്‌നവും ശക്തമായ നേതൃത്വത്തിന്റെ അഭാവം ആയിരുന്നു. നരസിംഹ റാവു, മന്മോഹന്‍ സിംഗ് എന്നിങ്ങനെയുള്ള ‘അക്കാഡമിഷന്‍സ്്’ ആയിരുന്നു ഇന്ത്യ ഭരിച്ചത്. അവരൊന്നും തന്നെ ആളുകളെ ആകര്‍ഷിക്കുന്ന, ആജ്ഞാശക്തിയുള്ള നേതാക്കന്മാരായിരുന്നില്ല.അതിനാല്‍ തന്നെ കൊണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടു.

നല്ല നേതാക്കന്മാര്‍ ഇല്ലാതിരുന്ന സംസ്ഥാനങ്ങളില്‍ അവരെ വാര്‍ത്തെടുക്കാനോ, നല്ല നേതാക്കന്മാര്‍ ഉള്ളിടത്ത് അവരെ ഒപ്പം നിര്‍ത്താനോ ഇവര്‍ക്കൊന്നും കഴിഞ്ഞില്ല. അങ്ങനെ കോണ്‍ഗ്രിസില്‍ നിന്ന് തൃണമൂലും വൈഎസ്ആറും ഒക്കെയുണ്ടായി…വേറെ കുറെ പേര്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറി.

എന്നാല്‍ മോദിയാകട്ടെ വളരെ വ്യക്തമായി തന്റെ ഇമേജ് ബില്‍ഡിംഗ് നടത്തിക്കൊണ്ടേയിരുന്നു. ധരിക്കുന്ന വസ്ത്രത്തില്‍, നടക്കുന്ന രീതിയില്‍, ക്യാമറ ആങ്കിളില്‍, പ്രസംഗങ്ങളില്‍ ഒക്കെ തന്റെ ബ്രാന്‍ഡ് അദ്ദേഹം നിര്‍മിച്ചെടുത്തു. പിന്നീട് നെഗറ്റീവ് പബ്ലിസിറ്റി പോലും പോസിറ്റീവ് ആകുന്ന രീതിയില്‍ ഈ ഇമേജ് ബില്‍ഡിംഗ് അദ്ദേഹത്തെ സഹായിച്ചതായി കാണാം. മാത്രമല്ല മോദി-അമിത് ഷാ കൂട്ടുകെട്ട് ബിജെപി എന്ന പാര്‍ട്ടിയെ മൂക്കുകയറിട്ടു നിയന്ത്രിക്കാന്‍ പോന്ന തരത്തില്‍ ശക്തരാവുകയും ചെയ്തു. ഇത് വളരെ പ്രൊഫഷണല്‍ ആയി നടപ്പിലാക്കി എന്നയിടത്താണ് ബിജെപി കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍

ശരിയായ സമയത്ത് ശരിയായ സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കുക, അയാളെ തന്നെ നിറുത്തുക എന്നത് ഒരു കലയാണ്. കോണ്‍ഗ്രസിനു തീരെ വശമില്ലാത്തതായ ഒന്ന്. ഇത്തവണ കേരളത്തില്‍ ഒരു പരിധി വരെ കോണ്‍ഗ്രസ് അത് ശരിയായി ചെയ്തു എന്നതാണ് ഒരേ ഒരു വ്യത്യാസം. ഷീല ദീക്ഷിതിനെയും അജയ് മാക്കനെയും ഒക്കെ ഡെല്‍ഹിയില്‍ പരീക്ഷിക്കുമ്പോള്‍ തോല്‍ക്കുമെന്ന് ഉറപ്പായിട്ടും ഒരഭിപ്രായവും പറയാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിയുടെ അവസ്ഥയാണ് കോണ്‍ഗ്രസില്‍ ആദ്യം മാറ്റിയെടുക്കേണ്ടത്. പ്രഗ്യ താക്കൂറിനെപ്പോലെ പ്രത്യക്ഷത്തില്‍ തന്നെ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന ഒരാളെ ശക്തമായി എതിരിടാന്‍ പോലും ഒരു സ്ട്രാറ്റജി പ്രയോഗിച്ചതായി കാണുന്നില്ല.

എന്നാല്‍ രാഹുലിനെതിരെ സ്മൃതി ഇറാനി വരുന്നത്, ഈസ്റ്റ് ഡെല്‍ഹിയില്‍ ആം ആദ്മിയുടെ

അതിഷി മാര്‍ലേനക്കെതിരെ ഗൗതം ഗംഭീറിനെ പരീക്ഷിക്കുന്നത്, പത്തനംതിട്ട പോലൊരു മണ്ഡലത്തിന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ സുരേന്ദ്രനെ തന്നെ നിറുത്തുന്നത് ഒക്കെ ബിജെപി എന്ന രാഷ്ട്രീയ കക്ഷി എത്രമാത്രം ഹോംവര്‍ക്ക് ചെയ്തു എന്നതിന്റെ തെളിവുകളാണ്. അധികാരമോഹവും കുതികാല്‍വെട്ടും ഒരു പരിധിക്ക് അപ്പുറമായാല്‍ ആര്‍ക്കും സംഭവിക്കാവുന്ന സ്വാഭാവിക പതനമേ കൊണ്‍ഗ്രസിനും സംഭവിച്ചുള്ളൂ. ബിജെപിക്ക് ഇത് നല്ലൊരു കേസ് സ്റ്റഡി തന്നെയാണ്.

പ്രവര്‍ത്തന രീതി

ഇന്ത്യയുടെ പലഭാഗത്തും പാര്ട്ടി ദുര്ബലമായതോടെ, ഇലക്ഷന്‍ സമയത്തു മാത്രം കേള്‍ക്കുന്ന ഒരു പദമായി മാറി കോണ്‍ഗ്രസ് എന്നത്. ശരിയായ രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ ഉണ്ടാക്കാനോ, പ്രവര്‍ത്തിക്കാനോ, സിസ്റ്റമാറ്റിക്കായ പ്രവര്‍്ത്തനം കാഴ്ച വെക്കാനോ ഒരിടത്തും കോണ്‍ഗ്രസിനു സാധിച്ചില്ല. മാത്രമല്ല കോണ്‍ഗ്രസിന്റെ പോഷകസംഘടനകള്‍ക്കും ഒന്നും ചെയ്യാനായില്ല. കാലം മാറുന്നതിന് അനുസരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തതനം നടത്താനും അവര്‍ക്ക്

സാധിച്ചില്ല.

മറ്റു കക്ഷികളെ ഒപ്പം നിര്‍ത്താനുള്ള കഴിവ്

ഒരു പാര്‍ട്ടിയുടെ മൊത്തം പ്ലാനിന്റെ ഭാഗമായിരിക്കണം ഇത്. മാത്രമല്ല ഓരോ സമയത്തുമുള്ള അവരുടെ ഭരണ സ്വാധീനം ഇതില്‍ വലിയ ഘടകവുമാണ്. പക്ഷെ കോണ്‍ഗ്രസിനെ പോലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് തങ്ങളുടെ സ്ട്രാറ്റജിയില്‍ വെള്ളം ചേര്‍ക്കുന്ന വേറൊരു പാര്‍ട്ടിയെ കാണാനാകില്ല. ഉത്തവാദിത്തമില്ലായ്മയുടെയും കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാന്‍ കഴിയാത്തതിന്റെയും അനന്തരഫലം കൂടിയാണിത്. ആം ആദ്മി, എസ്പി, ബിഎസ്പി, ജെഡിയു…പല സംസ്ഥാനങ്ങളിലും ഉണ്ടായിരുന്ന സാധ്യതകള്‍ പരിശോധിക്കുന്നതില്‍ ഉണ്ടായ പിഴവിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. വെറും വികാരത്തിന്റെ പുറത്തു മാത്രമല്ല സ്ട്രാറ്റജികള്‍ രൂപവല്‍ക്കരിക്കേണ്ടത്.

സ്വന്തമായി ജയസാധ്യത ഉണ്ടായിട്ടും, ശിവസേന, എഐഎഡിഎംകെ പോലുള്ള കക്ഷികള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്ന ബിജെപിയുടെ ദീര്‍ഘവീക്ഷണം കോണ്‍ഗ്രസും പകര്‍ത്തിയേ പറ്റൂ.1960ല്‍ കാമാരാജിനെപ്പോലുള്ള കിംഗ് മേക്കര്‍മാര്‍ ഉണ്ടായിരുന്ന പാര്‍ട്ടി യാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നോര്‍ക്കണം.

പണം /അധികാരം

സ്വാതന്ത്ര്യം നേടിയത് മുതല്‍ നില നിന്ന കോണ്‍ഗ്രസ് ഭരണത്തിന് ഒരു കാരണം അവര്‍ നേടിയ അധികാരവും പിന്നീട് വന്ന പണവും കൂടിയാണ്. അധികാരം ഓര്‍ഗാനിക്ക് ആയി ആളെ കൂട്ടുമ്പോള്‍, പണം ഇന്‍ഓര്‍ഗാനിക്ക് ആയി ആളെ കൂട്ടാന്‍ സഹായിക്കും. പക്ഷേ, അധികാരവും പ്രതാപവും നഷ്ടപ്പെട്ടതോടെ പല സ്ഥലങ്ങളിലും പ്രചാരണത്തിന് പോലും കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോയി കോണ്‍ഗ്രസ്. മാത്രമല്ല തങ്ങളുടെ അധികാരം ഉപയോഗിച്ച് പരമ്പരാഗതമായി ചേര്‍ത്ത് നിര്‍ത്തിയിരുന്ന ഉദ്യോഗസ്ഥ വൃന്ദത്തെയും അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ബിജെപി ഓരോ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും തങ്ങളുടേതായ പോയിന്റുകള്‍ ഉണ്ടാക്കിയെടുത്ത് വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി.

മീഡിയ മാനെജ്‌മെന്റ്

ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും ശ്രദ്ധിക്കേണ്ട മേഖലകളില്‍ ഒന്നാണിത്. തങ്ങളുടെ ആശയങ്ങള്‍ ശരിയായി ജനങ്ങളില്‍ എത്തിക്കാനും അവരില്‍ നിന്ന് ഫീഡ്ബാക്ക് എടുക്കാനും വേണ്ടി മീഡിയയെ മാനേജ് ചെയ്യുന്ന പരിപാടിയാണിത്. മോദിയടക്കം ഓരോ സ്ഥനാര്‍ത്ഥിയുടെയും ഇമേജ് ഉണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് ഹൗസുകള്‍ ആയി മാറുന്നതോടെ പല മാധ്യമങ്ങളും അവരുടെ പുറകെ പോകുന്നത് സ്വാഭാവികം. അവിടെയും പണം തന്നെയാണ് തുരുപ്പുഗുലാന്‍. ഒപ്പം സോഷ്യല്‍ മീഡിയ പോലെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോന്ന ലക്ഷങ്ങള്‍ ഉള്ള പ്ലാറ്റ്‌ഫോമുകളെ പ്രൊഫഷണല്‍ ആയി നിയന്ത്രിക്കാന്‍ ചട്ടം കെട്ടുക കൂടി ചെയ്താല്‍ പൂര്‍ണമായി. ബിജെപി എന്ന രാഷ്ട്രീയകക്ഷി എത്ര ഭംഗിയായി ആണത് ചെയ്തത് എന്ന് എന്നറിയാന്‍ തമിഴ്‌നാട്ടിലെ നമോ വാരിയേഴ്‌സിന്റെ കാര്യം മാത്രം എടുത്താല്‍ മതി. തമിഴ്‌നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ തമിഴ് സംസാരിക്കുന്ന പതിനായിരം പേരെയാണ് ബിജെപി ഓണ്‍ലൈന്‍ ഹണ്ടിലൂടെ തെരഞ്ഞെടുത്തത്. ഓരോ സംസ്ഥാനത്തും ഇത്തരത്തില്‍ ചിട്ടയായ പ്രവര്‍ത്തതനത്തിലൂടെ ഓരോ വോട്ടറുടെ മനസ്സിലും തങ്ങളുടെ സന്ദേശം എത്തിക്കുന്നതില്‍ കാണിച്ച ഈ മിടുക്കും കൂടിയാണ് ബിജെപിയുടെ വിജയത്തിനു കാരണം. എന്നാല്‍ കോണ്‍ഗ്രസ് ഐടി സെല്ലിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.

പക്ഷെ പലരും പറയുന്ന പോലെ കോണ്‍ഗ്രസ് ഇപ്പോഴും മരിച്ചിട്ടില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടി ഓരോ ഭാരതീയന്റെയും മനസ്സിലെ വികാരമാണ്, നൈര്‍മല്യമാണ്. അഴിമതിയുടെ കറ പുരളാതെ, സേവനത്തിന് പുതിയ അര്‍ഥങ്ങള്‍ നല്‍കി, കഴിവുള്ള, ആത്മാര്‍ത്ഥതയുള്ളവരെ കണ്ടെത്തി, കൂടെ കൂട്ടി, ശരിയായ സ്ട്രക്ചര്‍ ഉണ്ടാക്കി മുന്നോട്ടു പോയാല്‍ ഇനിയും പറന്നുയരും ഒരു ഫീനിക്‌സ് പക്ഷിയായി.

Categories: FK Special