മോദി 2.0 കരുത്തു കാട്ടുമോ?

മോദി 2.0 കരുത്തു കാട്ടുമോ?

സാര്‍ക്ക് പൊളിച്ചടുക്കി ബിംസ്‌ടെക്ക് സഖ്യം രൂപീകരിച്ച ഇന്ത്യ, ഈ കൂട്ടുകെട്ടിനെ കൂടുതല്‍ ബലവത്താക്കാനാണ് മോദിയുടെ സത്യപ്രതിജ്ഞയെ ഉപയോഗിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെ പ്രതീക്ഷകള്‍ വാനോളമാണ്. അന്‍പത് വര്‍ഷത്തിനിടെ തുടര്‍ ഭരണത്തിനായുള്ള വ്യക്തമായ ജനവിധി ലഭിച്ച ആദ്യ രാഷ്ട്രീയ നേതാവായ മോദി, രാജ്യം നല്‍കിയ ഈ വലിയ അംഗീകാരത്തെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നാണ് കാണേണ്ടത്. തുടക്കം തന്നെ ചില വ്യക്തമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. 2014 ലേതിനു സമാനമായി ചേര്‍ത്തു നിര്‍ത്തേണ്ടവരും അടുപ്പക്കാരുമായ രാഷ്ട്രങ്ങളുടെ തലവന്‍മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ഒരു വ്യത്യാസം പ്രകടമാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാത്രം ക്ഷണമില്ല. ഒരു തരത്തിലുമുള്ള സൗഹൃദമോ മൃദു സമീപനമോ പ്രതീക്ഷിക്കേണ്ടെന്ന ശക്തമായ സന്ദേശമാണ് ഇത് പാക്കിസ്ഥാന് നല്‍കുന്നത്. പുല്‍വാമ ഭീകരാക്രമണം ഇന്ത്യ പൊറുക്കില്ലെന്നും ബാലാകോട്ടിലെ വ്യോമാക്രമണത്തിലൂടെ തിരിച്ചടി അവസാനിച്ചെന്ന് പാക്കിസ്ഥാന്‍ ആശ്വസിക്കേണ്ടെന്നുമാണ് ഈ തിരസ്‌കരണം സൂചിപ്പിക്കുന്നത്. ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ചു പോവില്ലെന്ന ഇന്ത്യയുടെ നിലപാടിന്റെ ചുവടുപിടിച്ചു കൊണ്ടു തന്നെയുള്ള നടപടിയാണിത്.

പാകിസ്ഥാന്‍ പടിക്ക് പുറത്താണെങ്കിലും ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോന്‍ബേ ജീന്‍ബേക്കോവ്, മ്യാന്‍മാര്‍ പ്രസിഡന്റ് യു വിന്‍ മൈയിന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്‌നാഥ്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടെ ഷെറിംഗ്, തായ്‌ലന്‍ഡ് പ്രത്യേക പ്രതിനിധി ഗ്രിസാഡ ബൂണ്‍റാക് എന്നീ നേതാക്കള്‍ പങ്കെടുക്കുമെന്ന് വ്യക്തമായിട്ടുണ്ട്. പാകിസ്ഥാന്‍ കൂടി അംഗമായ സാര്‍ക്ക് പൊളിച്ചടുക്കി ബിംസ്‌ടെക്ക് സഖ്യം രൂപീകരിച്ച ഇന്ത്യ, ഈ കൂട്ടുകെട്ടിനെ കൂടുതല്‍ ബലവത്താക്കാനാണ് മോദിയുടെ സത്യപ്രതിജ്ഞയെ ഉപയോഗിക്കുന്നത്.

പാക്കിസ്ഥാന്റെ ശുഭചിന്തകരായ ചൈനയുടെ വിളയാട്ടങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയായാണ് ഇന്ത്യ ബിംസ്‌ടെക്കിനെ കാണുന്നത്. ബിംസ്‌ടെക്ക് രാജ്യങ്ങളിലെല്ലാം ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈന നിക്ഷേപം നടത്തുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുമായി ഈ രാജ്യങ്ങള്‍ക്കുള്ള പരമ്പരാഗത സൗഹൃദത്തെ തകര്‍ക്കാനും ഇന്ത്യക്കെതിരായി ഈ രാജ്യങ്ങളെ ഉപയോഗിക്കാനുമാണ് അടുത്തിടെവരെ ചൈന ഗാഢമായി ശ്രമിച്ചിരുന്നത്. എന്നാല്‍ ഇതു മുന്നില്‍ കണ്ട് ഇന്ത്യ ആവിഷ്‌കരിച്ച മറുതന്ത്രം ശ്രീലങ്കയും മാലിദ്വീപുമടക്കം വിവിധ രാജ്യങ്ങളില്‍ വിജയം കണ്ടിരിക്കുന്നു.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി നിശ്ചയിച്ചിരിക്കുന്ന ആദ്യ വിദേശ സന്ദര്‍ശനം തന്നെ സര്‍ക്കാരിന്റെ അടുത്ത അഞ്ചു വര്‍ഷത്തെ വിദേശ നയത്തിന്റെ സൂചനകള്‍ നല്‍കുന്നതാണ്. ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ മാലിദ്വീപിലേക്കാണ് മോദി പോകുന്നത്. ചൈനയുടെ കളിപ്പാവയായി മാറിയ അബ്ദുള്ള യാമീനെ പുറത്താക്കി ഇബ്രാഹിം മൊഹമ്മദ് സോലിഹിനെ പ്രസിഡന്റ് സ്ഥാനത്തിരുത്തിയ ജനവിധിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്ക് ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെട്ട രീതിയില്‍ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള ക്ഷണവും മോദിക്ക് ലഭിച്ചിട്ടുണ്ട്. വിദേശ നയതന്ത്രത്തില്‍ മികച്ച റെക്കോഡുള്ള ആദ്യ മോദി സര്‍ക്കാരിന്റെ വഴിയെ തന്നെ രണ്ടാം സര്‍ക്കാരും പ്രവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

Categories: Editorial, Slider