സമ്പദ് വ്യവസ്ഥ മോദിക്ക് തലവേദനയാകുമെന്ന് ഫിക്കി

സമ്പദ് വ്യവസ്ഥ മോദിക്ക് തലവേദനയാകുമെന്ന് ഫിക്കി

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളാകുമെന്ന് ഫിക്കി

ന്യൂഡെല്‍ഹി: ഇന്ന് അധികാരമേല്‍ക്കുന്ന എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മോദി സര്‍ക്കാരിന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയാകും. സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ കുറവാണ് മോദി സര്‍ക്കാരിന്റെ പ്രധാന തലവേദനയെന്ന് വ്യവസായികളുടെ സംഘടനയായ ഫിക്കി.

ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായിരുന്നു. അഞ്ച് പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കായിരുന്നു ഇത്. അതേസമയം ഇതനുസരിച്ച് ആഭ്യന്തര ഉപഭോഗത്തിലും തളര്‍ച്ച അനുഭവപ്പെട്ടത് വലിയ ആശങ്കയാണുണ്ടാക്കുന്നതെന്ന് ഫിക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉപഭോഗത്തിലെ ഇടിവ് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന ആഘാതം വളരെ വലുതാകുമെന്ന് നേരത്തെ ചില സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.

സമ്പദ് വ്യവസ്ഥയില്‍ അടുത്തിടെയുണ്ടായ മന്ദത നിക്ഷേപത്തിലെയും കയറ്റുമതിയിലെയും കുറവ്‌കൊണ്ട് മാത്രമല്ല. മറിച്ച് ഉപഭോഗത്തിലുണ്ടായ തളര്‍ച്ചയും ബാധിച്ചു-ഫിക്കി വ്യക്തമാക്കി. അടുത്ത മാസം അവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍ വ്യവസായ ലോകത്തിന് ഗുണം ചെയ്യുന്ന നടപടികളുണ്ടാകണമെന്നും ഫിക്കിയുടെ പ്രസ്താവനയില്‍ പറയുന്നു. ഉപഭോഗത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയില്‍ അത് പ്രതിഫലിച്ചേക്കുമെന്നാണ് ഫിക്കിയുടെ മുന്നറിയിപ്പ്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്ന ആരോപണങ്ങളും സമ്പദ് വ്യവസ്ഥയിലെ മന്ദിപ്പുമെല്ലാം മറികടന്നാണ് ചരിത്രം തിരുത്തിയ ജനവിധിയിലൂടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുന്നത്.

കോര്‍പ്പറേറ്റ് നികുതിയും വ്യക്തിഗത നികുതിയും കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കണമെന്നും ഫിക്കി ആവശ്യപ്പെട്ടു. കയറ്റുമതി അധിഷ്ഠിത ഉല്‍പ്പാദകര്‍ക്ക് നികുതി ഇളവുകള്‍ നല്‍കണമെന്നും കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതിയുടെ വ്യാപ്തി കൂട്ടണമെന്നും വ്യവസായ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോഗം, നിക്ഷേപം, കയറ്റുമതി. ഈ മൂന്ന് മേഖലകളില്‍ ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക എന്നതാണ് മോദിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

Categories: FK News, Slider
Tags: FICCI