ഇ- സിഗരറ്റ് രുചിഘടകങ്ങള്‍ ധമനീകോശങ്ങളെ നശിപ്പിക്കും

ഇ- സിഗരറ്റ് രുചിഘടകങ്ങള്‍ ധമനീകോശങ്ങളെ നശിപ്പിക്കും

പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് യുഎസില്‍ യുവാക്കള്‍ക്കിടയില്‍ പ്രീതി നേടിയ ഇ- സിഗരറ്റുകളുടെ ഉപയോഗം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ് അധികൃതര്‍. സാദാ സിഗരറ്റുകളേക്കാള്‍ ഇവയെ ആകര്‍ഷണീയമാക്കുന്നത് രുചിയും മണവുമാണ്. വിവിധ ഫ്‌ളേവറുകളില്‍ ഇവ ലഭിക്കുമെന്നതാണ് കൗമാരക്കാരുടെ ഇടയില്‍ ഇവ വ്യാപകമകാന്‍ കാരണം. എന്നാല്‍ ഇ-സിഗരറ്റിനു സുഗന്ധം പകരുന്ന ഘടകങ്ങള്‍ നിങ്ങളുടെ ഹൃദയധമനികളിലെ കോശങ്ങളെ നശിപ്പിക്കാനും ഹൃദ്രോഗത്തിനും കാരണമാകും. ഇവയില്‍ ഉള്ള ഇ-ദ്രവങ്ങള്‍ കോശങ്ങളുടെ അതിജീവനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമാകുന്നു. സാദാ സിഗരറ്റുകളില്‍ നിക്കോട്ടിനാണ് പ്രധാന ഹാനികാരിയെങ്കില്‍ ഇ- സിഗരറ്റുകളില്‍ ഇ- ലിക്വിഡുകളാണ് ഹൃദ്രോഗമടക്കമുള്ള രോഗങ്ങള്‍ക്കു കാരണം. ഇ-സിഗരറ്റുകള്‍ സുരക്ഷിതമാണെന്ന് പൊതുവേ തെറ്റിദ്ധാരണയുണ്ടെന്ന് ഗവേഷണം നടത്തിയ സ്റ്റന്‍ഫോര്‍ഡ് കാര്‍ഡിയോവാസ്‌കുലാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ജോസഫ് വു പറയുന്നു.

ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം ഇ- സിഗരറ്റുകളില്‍ കുറവാണെന്നതു മാത്രമല്ല, പഴങ്ങളുടെ രുചിയും മണവും മധുരവും ഉള്ളതാണ് ഇവ കൂടുതല്‍ വിറ്റഴിയാന്‍ കാരണം. ഇതിന്റെ ഫലമായി ധാരാളം കുട്ടികള്‍ ഇ-സിഗരറ്റ് വലിക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണക്കു പ്രകാരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനവും ഇ-സിഗരറ്റ് വലിക്കുന്നുു. ഇതു കുട്ടികളുടെ ബുദ്ധിവികാസത്തെ തടസപ്പെടുത്തുന്നതിനൊപ്പം നിക്കോട്ടിന്‍ ലഹരി അവരെ വലിയ പുകവലിക്കാരും മയക്കുമരുന്ന് അടിമകളുമാക്കും. ആറിനം ഇ-ലിക്വിഡുകളുള്‍പ്പെടുത്തിയ പുതിയ പഠനങ്ങളില്‍ വിഷവസ്തുക്കളുടെ തെളിവുകള്‍ കണ്ടെത്തി, ഇത് കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിനൊപ്പം വീക്കം വര്‍ധിപ്പിക്കുകയും ഹൃദയ ധമനികളിലെ രക്തപ്രവാഹത്തിന്റെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും ഇ-സിഗരറ്റ് ശീലമാക്കിയവര്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു.

Comments

comments

Categories: Health
Tags: E-cigarette