പ്രശ്‌നപരിഹാരത്തിന് 378 കമ്പനികള്‍

പ്രശ്‌നപരിഹാരത്തിന് 378 കമ്പനികള്‍

കമ്പനികളുടെ സംയുക്ത കടബാധ്യത 2,57,642 കോടി രൂപ

ന്യൂഡെല്‍ഹി: മാര്‍ച്ച് 31 വരെ പാപ്പരത്ത നിയമത്തിനു (ഐബിസി) കീഴില്‍ ആസ്തി വിറ്റഴിക്കല്‍ വഴിയുള്ള പരിഹാരമാര്‍ഗത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടത് 378 കമ്പനികള്‍. 2,57,642 കോടി രൂപയാണ് ഇവരുടെ സംയുക്ത കടബാധ്യതയെന്നാണ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപറ്റ്്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ഐബിബിഐ) കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ 64 കമ്പനികള്‍ക്കും (16 ശതമാനം) ആസ്തികളുടെ മൂല്യത്തേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള ലേല അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബിഡ്ഡര്‍മാര്‍ വാഗ്ദാനം ചെയ്ത പേമെന്റിന് കാലതാമസം വരുമെന്ന് ചൂണ്ടിക്കാട്ടി പല വായ്പാ ദാതാക്കളും ഇത് നിരസിച്ചു. ലാന്‍കോ ഇന്‍ഫ്രാടെക്, നിക്കോ കോര്‍പ്, ഭാരതി ഡിഫെന്‍സ്, ലോഹ ഇസ്പാത് തുടങ്ങിയവയ്ക്ക് ലഭിച്ച ഉയര്‍ന്ന ബിഡുകളാണ് ഇപ്രകാരം നിരസിക്കപ്പെട്ടത്.

അതേസമയം 2016 ഡിസംബറില്‍ പാപ്പരത്ത നിയമം നിലവില്‍ വന്നതു മുതല്‍ 88 കമ്പനികളുടെ പ്രശ്‌ന പരിഹാരം വിജയകരമായി പൂര്‍ത്തിയായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വായ്പാ ദാതാക്കള്‍ക്ക് അവകാശപ്പെട്ട തുകയുടെ 48 ശതമാനവും തിരിച്ചു പിടിക്കാനായി.

ബിഡുകള്‍ നിരസിക്കുന്നത് പോലെയുള്ള തീരുമാനങ്ങള്‍, കമ്പനിക്ക് സാമ്പത്തിക വായ്പ നല്‍കിയവരുടെ ഇഷ്ടപ്രകാരം കൈകൊള്ളുന്നവയായിരിക്കും. ഇത് ഓപ്പറേഷണല്‍ വായ്പാദാതാക്കളെ (കമ്പനിക്ക് ചരക്കും സേവനങ്ങളും നല്‍കിയവര്‍) പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാപ്പരത്ത നിയമത്തിനു കീഴില്‍ പരിഹാരത്തിനായി അപേക്ഷിക്കുമ്പോള്‍ ഓപ്പറേഷണല്‍ വായ്പാദാതാക്കള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള വ്യവസ്ഥ കമ്പനികള്‍ മുന്നോട്ട് വെക്കണമെന്നും എന്നാലേ കമ്പനി പുനരുജ്ജീവിപ്പിക്കാനാകൂവെന്നും ബിസിനസ് നിയമ ഉപദേശക സ്ഥാപനമായ കോര്‍പ്പറേറ്റ് പ്രൊഫഷണല്‍സിന്റെ ഇന്‍സോള്‍വന്‍സി & ട്രാന്‍സാക്ഷന്‍ അഡൈ്വസറി മേധാവിയായ മനോജ് കുമാര്‍ പറഞ്ഞു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി ലിക്വിഡേഷന് വിധേയമാകുമ്പോള്‍ അതില്‍ ഏറ്റവും നഷ്ടം നേരിടുന്നത് തിരിച്ചു കിട്ടാനുള്ള തുക താരതമ്യേന കുറവായ ഓപ്പറേഷണല്‍ വായ്പാ ദാതാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Categories: FK News, Slider

Related Articles