2020 എസ്ബിഐക്ക് നാഴികക്കല്ലാകുമെന്ന് രജ്‌നീഷ് കുമാര്‍

2020 എസ്ബിഐക്ക് നാഴികക്കല്ലാകുമെന്ന് രജ്‌നീഷ് കുമാര്‍

ഡിജിറ്റല്‍വല്‍ക്കരണം, വായ്പാ നവീകരണം തുടങ്ങിയ രംഗങ്ങളില്‍ ബാങ്ക് കൂടുതല്‍ ശ്രദ്ധ വെച്ച് മുന്നേറും

മുംബൈ: 2020 സാമ്പത്തിക വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരിക്കുമെന്ന വിശ്വാസത്തിലാണ് ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍. അദ്ദേഹം ബാങ്കിന്റെ ഓഹരിയുടമകള്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് 2020 സാമ്പത്തിക വര്‍ഷം എസ്ബിഐക്ക് പുതിയ നാഴികക്കല്ലിന്റേതാകുമെന്നാണ്.

മുന്‍വര്‍ഷത്തെ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യകരമായ വായ്പാ വളര്‍ച്ചയാണ് 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 10-12 ശതമാനം വായ്പാ വളര്‍ച്ചയുണ്ടായേക്കും. വായ്പാ മേഖല ഉണരുന്നതും വായ്പ തിരിച്ചുപിടിക്കലും ഇതിനോടകം തന്നെ ശുഭസൂചനകള്‍ നല്‍കിക്കഴിഞ്ഞു. 2020 സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ-രജ്‌നീഷ് കുമാര്‍ പറഞ്ഞു.

പോര്‍ട്ട്‌ഫോളിയോകളുടെ പുനക്രമീകരണവും റിസ്‌ക് കുറയ്ക്കാനുള്ള പദ്ധതികളും ബാങ്കിനെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്. ഘടനാപരമായ പല മാറ്റങ്ങളും ആവശ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആസ്തിയിന്മേലുള്ള നേട്ടം മെച്ചപ്പെടുന്നതിനും ബാധ്യത കുറയ്ക്കുന്നതിനുമാണ് ബാങ്ക് ശ്രമിക്കുന്നത്.

ഉപഭോക്തൃ സേവനം, കോര്‍പ്പറേറ്റ് വായ്പ പുനരുജ്ജീവനം, ബാങ്കിംഗ് സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങിയ ഘടകങ്ങളില്‍ ശ്രദ്ധയൂന്നിയായിരിക്കും എസ്ബിഐയുടെ വളര്‍ച്ചാ പദ്ധതി. ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്താനും എസ്ബിഐ ശ്രമിക്കും. ഡിജിറ്റല്‍ രംഗത്തും എടിഎം, മൊബീല്‍ ബാങ്കിംഗ് തുടങ്ങിയ മേഖലകളിലും ബാങ്കിന് ഇതിനോടകം നേതൃപദവിയുണ്ട്. യോനോ ആപ്പിലൂടെയുള്ള സേവനങ്ങള്‍ കുറച്ചുകൂടി വലുതാക്കും. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കായി സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ പദ്ധതികളും വിഭാവനം ചെയ്യും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിക്ക ബിസിനസ് വിഭാഗങ്ങളിലും ബാങ്കിന്റെ ഉപഭോക്തൃനിര വളരെ വലുതാണെന്നതും ശ്രദ്ധേയമാണ്. നിലവിലെ ഉപഭോക്താക്കളെ ഓരോ മേഖലയിലും നിലനിര്‍ത്തുകയെന്നതാകും ബാങ്ക് നേരിടുന്ന പ്രധാന വെല്ലുവിളി. കോര്‍പ്പറേറ്റ് ക്രെഡിറ്റ് സംവിധാനം നവീകരിക്കാനും ബാങ്കിന് പദ്ധതിയുണ്ട്. വായ്പാ പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതും സേവനങ്ങളും ഉല്‍പ്പന്നങ്ങളും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതും പ്രധാന പദ്ധതികളില്‍ പെടുമെന്നാണ് സൂചന.

2019 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 838.4 കോടി രൂപയാണ് എസ്ബിഐ ലാഭമായി രേഖപ്പെടുത്തിയത്. അതിന് തൊട്ട് മുമ്പുള്ള വര്‍ഷത്തിലെ ഇതേ പാദത്തില്‍ 7,718.12 കോടി രൂപയാണ് നഷ്ടം വന്നത്.

Comments

comments

Categories: FK News
Tags: SBI