സൗദിയില്‍ യുബര്‍ വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ പുതിയ ബോസ്

സൗദിയില്‍ യുബര്‍ വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ പുതിയ ബോസ്

മുഹമ്മദ് ബേക്കര്‍ ഗസാസിനെ ജനറല്‍ മാനേജര്‍ ആയി നിയമിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മുഹമ്മദ് ബേക്കര്‍ ഗസാസിനെ യുബറിന്റെ പുതിയ ജനറല്‍ മാനേജര്‍ ആയി നിയമിച്ചു. രാജ്യത്ത് യുബറിന്റെ റൈഡ് ഷെയറിംഗ് ബിസിനസിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ മുന്നോട്ട് നയിക്കുക എന്ന ചുമതലയാണ് പുതിയ ജനറല്‍ മാനേജര്‍ക്കുള്ളതെന്ന് യുബര്‍ അറിയിച്ചു. റിയാദില്‍ നിന്നുള്ള ഗസാസ് സൗദി വിഷന്‍ 2030യുടെ ഭാഗമായുള്ള യുബറിന്റെ വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രവര്‍ത്തിക്കുക.

യുബറില്‍ ജനറല്‍ മാനേജര്‍ ആയി നിയമിതനാകും മുമ്പ് എന്‍സിബി ക്യാപ്പിറ്റലിലെ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവിയുമായിരുന്നു ഗസാസ്. ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്നും എക്‌സിക്യുട്ടീവ് എംബിഎ കരസ്ഥമാക്കിയ അദ്ദേഹം ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദവും നേടിയിട്ടുണ്ട്.

സൗദിയുടെ പരിവര്‍ത്തന കാലഘട്ടമെന്ന് വിലയിരുത്തപ്പെടുന്ന ഈ ഘട്ടത്തില്‍ യുബര്‍ വളര്‍ച്ചയുടെ അടുത്ത അധ്യായത്തില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്ന് ഗസാസ് പറഞ്ഞു. പ്രാദേശികമായുള്ള നിരവധി പദ്ധതികളിലൂടെയും മസരുകി പോലുള്ള സംരംഭങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയും പ്രാദേശിക ജനവിഭാഗത്തിന് പിന്തുണ നല്‍കുന്നതിലും ലക്ഷക്കണക്കിന് സൗദിക്കാര്‍ക്ക് പ്രാപ്യവും കീശയിലൊതുങ്ങുന്നതുമായ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിലും യുബറിന് അഭിമാനിക്കാമെന്നും ഗസാസ് കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്ക മേഖലയിലുമുള്ള യുബര്‍ വിപണികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വളരെ വേഗതയിലുള്ള വളര്‍ച്ച കൈവരിക്കുന്നതുമായ സൗദി വിപണിയുടെ ഡ്രൈവര്‍സ്ഥാനം മികച്ച കമ്പനികളില്‍ അനുഭവജ്ഞാനം ഉള്ള മുഹമ്മദ് ഗസാസിന് നല്‍കുന്നതില്‍ ആവേശഭരിതരാണെന്ന് യുബര്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിഭാഗം ജനറല്‍ മാനേജര്‍ അബ്ദേല്‍ലത്തീഫ് വക്കേദ് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Soudi Uber