പിഎന്‍ബിയുടെ നഷ്ടം 4750 കോടിയിലേക്ക് ചുരുങ്ങി, നീക്കിയിരുപ്പിലും കുറവ്

പിഎന്‍ബിയുടെ നഷ്ടം 4750 കോടിയിലേക്ക് ചുരുങ്ങി, നീക്കിയിരുപ്പിലും കുറവ്

സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 59,514.53 കോടി രൂപയിലെത്തി

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തിലെ പ്രകടന റിപ്പോര്‍ട്ട് പുറത്തുവിട്ടു. അറ്റ നഷ്ടം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 65 ശതമാനം ഇടിവോടെ 4750 കോടിയിലേക്ക് എത്തി. നിഷ്‌ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പില്‍ കുറവുണ്ടായതാണ് നഷ്ടം കുറയ്ക്കാന്‍ പിഎന്‍ബിയെ സഹായിച്ചത്. 2017-18 നാലാം പാദത്തില്‍ 13,417 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. വജ്ര വ്യാപാരികളായ മെഹുല്‍ ചോക്ക്‌സിയും നിരവ് മോദിയും നടത്തിയ തട്ടിപ്പായിരുന്നു അന്നത്തെ വലിയ നഷ്ടത്തിന് പ്രധാന കാരണം.

ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം 14,725.13 കോടി രൂപയിലേക്കെത്തി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 12,945.68 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 9,570.11 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും റെഗുലേറ്ററി ഫയലിംഗില്‍ പിഎന്‍ബി വ്യക്തമാക്കി. 2017-18ല്‍ 12,113.36 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 57,608.19ല്‍ നിന്ന് വര്‍ധിച്ച് 59,514.53 കോടി രൂപയിലെത്തി.

മൊത്തം നിഷ്‌ക്രിയാസ്തി അനുപാതം മെച്ചപ്പെടുത്താനും കഴിഞ്ഞ പാദത്തില്‍ പിഎന്‍ബിക്ക് സാധിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് അവസാനം 18.38 ശതമാനമായിരുന്നു നിഷ്‌ക്രിയാസ്തി അനുപാതമെങ്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അത് 15.50 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. അറ്റ നിഷ്‌ക്രിയാസ്തി അനുപാതത്തിലും കുറവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 11.24 ആയിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ പാദത്തിലത് 6.56 ശതമാനത്തിലേക്കെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴുള്ള കണക്ക് പ്രകാരം 78,472.70 കോടി രൂപയാണ് മൊത്തം നിഷ്‌ക്രിയാസ്തി. 30,037.66 കോടി രൂപയുടെ അറ്റ നിഷ്‌ക്രിയാസ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ആസ്തി നിലവാരം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ 9,153.55 കോടി രൂപയായി നിഷ്‌ക്രിയാസ്തിക്കായുള്ള നീക്കിയിരുപ്പ് നാലാം പാദത്തില്‍ കുറയ്ക്കാനായിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇത് 16,202.82 കോടി രൂപയായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള 5,908 കോടി രൂപയുടെ മൂലധന സഹായവും കഴിഞ്ഞ പാദത്തില്‍ ബാങ്കിന് ലഭിച്ചിരുന്നു.

Comments

comments

Categories: Banking
Tags: PNB