ആഗോള നിലവാരത്തിലുള്ള കാംപസിലേക്ക് ഐഐഐടിഎംകെ

ആഗോള നിലവാരത്തിലുള്ള കാംപസിലേക്ക് ഐഐഐടിഎംകെ

പുതിയ കോഴ്‌സുകളും സ്‌കൂളുകളുമായി ഐഐഐടിഎംകെ ടെക്‌നോസിറ്റിയിലെ ആധുനിക കാംപസിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഐടി പഠന ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആഗോള നിലവാരത്തിലുള്ള കാംപസിലേക്ക് മാറുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.

ലോകോത്തര അത്യാധുനിക സൗകര്യങ്ങളുള്‍പ്പെടുന്ന കാംപസിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതോടൊപ്പം സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് ഡിസൈന്‍ ആന്‍ഡ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ബയോസയന്‍സസ്, സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് ഡിജിറ്റല്‍ ലിബറല്‍ ആര്‍ട്‌സ് എന്നീ അഞ്ച് സ്വതന്ത്ര സ്‌കൂളുകള്‍ രൂപീകരിക്കുന്നതിനും ഐഐഐടിഎംകെ പദ്ധതിയിടുന്നുണ്ട്.

എല്ലാ സ്‌കൂളുകളിലും എംടെക്, പിജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും വിവിധ പഠന മേഖലകള്‍ സംയോജിപ്പിക്കുന്ന കോഴ്‌സുകളും (ഇന്റര്‍ഡിസിപ്ലിനറി പ്രോഗ്രാം) നടത്താന്‍ ഐഐഐടിഎംകെയ്ക്ക് സാധിക്കും.

ഓഡിറ്റോറിയം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, വിദ്യാര്‍ഥി ഹോസ്റ്റല്‍, ലൈബ്രറി, ലബോറട്ടറി ബ്ലോക്ക്, ഡയറക്റ്റര്‍ക്കും അധ്യാപകര്‍ക്കും താമസ സൗകര്യം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള ബൃഹത്തായ അടിസ്ഥാന സൗകര്യങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള അന്തരീക്ഷവും ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക മേഖലകളെ കൈപ്പിടിയിലൊതുക്കാവുന്ന അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ സജ്ജമാക്കുന്നത്.

ടെക്‌നോപാര്‍ക്കിന്റെ ബില്‍ഡിംഗ് മാന്വല്‍ അനുശാസിക്കുന്ന ക്രമത്തില്‍ ദേശീയ ഹരിത നിര്‍മാണ ചട്ടങ്ങളനുസരിച്ച് ‘സില്‍വര്‍ റേറ്റിംഗ്’ പ്രകാരം ഗ്രീന്‍ കാംപസ് മാതൃകയിലാണ് അഞ്ചു ലക്ഷത്തിലേറെ ചതുരശ്രയടി നിര്‍മ്മാണ സ്ഥലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ശാസ്ത്ര, സാങ്കേതിക മേഖലയിലെ മുന്‍നിര മികവിന്റെ കേന്ദ്രമാണ് ടെക്‌നോപാര്‍ക്കില്‍ 2000ല്‍ സ്ഥാപിതമായ ഐഐഐടിഎംകെ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയയുടെ അംഗീകാരത്തോടെ സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ലേണിംഗ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ്, ഡാറ്റ അനലിറ്റിക്‌സ് ആന്‍ഡ് ജിയോ സ്‌പേഷ്യല്‍ അനലറ്റിക്‌സ് എന്നിവയില്‍ എംഎസ്‌സി പ്രോഗ്രാമുകളാണ് നിലവില്‍ ഐഐഐടിഎംകെ നല്‍കുന്നത്. ഡോക്ടറല്‍ പോഗ്രാമുകളെക്കൂടാതെ കമ്പ്യൂട്ടര്‍ സയന്‍സിലും ഇക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സിലും എംഫില്‍ പ്രോഗ്രാമുകളും നടത്തുന്നുണ്ട്.

ഇല്ലിനോയി അര്‍ബാന ഷാംപെയ്ന്‍ യൂണിവേഴ്‌സിറ്റിയും (യുഐയുസി), സ്റ്റീവെന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായും നിലവില്‍ ഐഐഐടിഎംകെയ്ക്ക് സഹകരണമുണ്ട്. പ്രത്യേക മേഖലകളില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായും( എസ്സിഐഎംഎസ്ടി) ഐഐടികളുമായും സഹകരണ പ്രോജക്ടുകളും ഉണ്ട്.

കൊഗ്‌നിറ്റീവ് ടെക്‌നോളജി, ബിഗ്ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്‌ചെയിന്‍ ആന്‍ഡ് ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ നൈപുണ്യമുള്ള ഐഐഐടിഎംകെ ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് കരുത്തേകുന്ന ജിയോസ്‌പേഷ്യല്‍ അനലറ്റിക്‌സില്‍ ഗവേഷണ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ആരംഭിച്ച കേരള ബ്ലോക്‌ചെയിന്‍ അക്കാദമി (കെബിഎ)ക്കു പുറമെ ഡേറ്റ എന്‍ജിനീയറിംഗ്, സൈബര്‍ സെക്യൂരിറ്റി, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ പഠനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.

Comments

comments

Categories: FK News
Tags: iiitmk