ഹ്യുണ്ടായ് വെന്യൂ ബുക്കിംഗ് 20,000 കടന്നു

ഹ്യുണ്ടായ് വെന്യൂ ബുക്കിംഗ് 20,000 കടന്നു

ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് വെന്യൂ

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച്ചയാണ് അവതരിപ്പിച്ചത്. ഒരാഴ്ച്ച കഴിയുന്നതോടെ ഇരുപതിനായിരത്തിലധികം ബുക്കിംഗ് നേടി കുതിക്കുകയാണ് ഹ്യുണ്ടായ് വെന്യൂ. ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് വെന്യൂ. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നിവയാണ് സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ എതിരാളികള്‍. ഇന്ത്യയിലെ ആദ്യ കണക്റ്റഡ് കാര്‍ കൂടിയാണ് ഹ്യുണ്ടായ് വെന്യൂ.

2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹ്യുണ്ടായ് കാര്‍ലിനോ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായ് വെന്യൂ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ വലിയ കാസ്‌കേഡിംഗ് ഗ്രില്‍, പ്രൊജക്റ്റര്‍ ലെന്‍സുകള്‍ സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍, ചതുരാകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ സവിശേഷതകളാണ്. നാല് വേരിയന്റുകളില്‍ ഹ്യുണ്ടായ് വെന്യൂ ലഭിക്കും. ഏഴ് മോണോടോണ്‍ നിറങ്ങള്‍ കൂടാതെ മൂന്ന് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഹ്യുണ്ടായ് വെന്യൂ ലഭ്യമാണ്.

രണ്ട് പെട്രോള്‍ എന്‍ജിനുകളും ഒരു ഡീസല്‍ എന്‍ജിനുമാണ് ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 118 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ലഭ്യമാണ്. 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.4 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ മോട്ടോര്‍ 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് കൂട്ട്.

ഇലക്ട്രിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ആര്‍കമിസ് സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫൈര്‍, വയര്‍ലെസ് ചാര്‍ജിംഗ്, വീല്‍ എയര്‍ കര്‍ട്ടനുകള്‍ എന്നിവ സവിശേഷതകളാണ്.

Comments

comments

Categories: Auto