ജൂണ്‍ ഒന്നു മുതല്‍ 1% പ്രളയസെസ്

ജൂണ്‍ ഒന്നു മുതല്‍ 1% പ്രളയസെസ്

കലാമിറ്റി സെസ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം; ലക്ഷ്യം 600 കോടി അധിക വരുമാനം

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ജിഎസ്ടിക്ക് പുറമെ ഒരു ശതമാനത്തിന്റെ അധിക നികുതിയും പിരിക്കാന്‍ ഉത്തരവായി. രാജ്യത്ത് കലാമിറ്റി സെസ് ചുമത്തുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ജിഎസ്ടിയുള്ള എല്ലാ സാധന, സേവനങ്ങള്‍ക്കും പ്രളയ സെസ് ഈടാക്കും. ഗോതമ്പ്, ഭക്ഷ്യ എണ്ണ പോലുള്ള നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍, കയര്‍, കൈത്തറി തുടങ്ങി അഞ്ചു ശതമാനം വരെ ജിഎസ്ടി ചുമത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയസെസ് ബാധകമായിരിക്കില്ല. ജിഎസ്ടി പരിധിയില്‍പെടാത്ത സാധനങ്ങള്‍ക്കും സെസ് ഉണ്ടാകില്ല.

സംസ്ഥാനത്തിനകത്തെ വില്‍പ്പനക്ക് മാത്രമാണ് പ്രളയസെസ് ബാധകം. പുറത്തു നിന്നു വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസുണ്ടാവില്ല. രണ്ടു വര്‍ഷകാലത്തേക്കാണ് പ്രളയസെസ് ചുമത്തുകയെന്നാണ് അനൗദ്യോഗിക വിവരം. ഇതിലൂടെ ഒരു വര്‍ഷം 600 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വരുമാനം പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരം നല്‍കാനുമായി ഉപയോഗിക്കും.

സംസ്ഥാനത്ത് ജിഎസ്ടി രജിസ്‌ട്രേഷനുള്ള എല്ലാവര്‍ക്കും പ്രളയസെസ് ബാധകമാണ്. പ്രളയസെസ് ഇനത്തില്‍ പിരിക്കുന്ന തുക ബില്ലില്‍ പ്രത്യേകം കാണിച്ച് റിട്ടേണുകള്‍ക്കൊപ്പം സമര്‍പ്പിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. വ്യാപാരികള്‍ അതത് മാസത്തെ പ്രളയസെസ് വിവരങ്ങള്‍ ഫോറം നമ്പര്‍ കെ എഫ്.സി-എ കേരള ഫ്‌ളഡ് സെസ് റൂള്‍സ് 2019 ല്‍ ചേര്‍ത്ത് www.keralataxes.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. കോമ്പൗണ്ടിംഗ് നികുതി രീതി അവലംബിക്കുന്ന ഒന്നരകോടിവരെ വിറ്റുവരവുള്ള വ്യാപാരികള്‍ സെസ് പിരിക്കേണ്ടതില്ല. അതിനാല്‍ ഈ വ്യാപാരികളില്‍ നിന്നു വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സെസ്സില്ല. ഇവര്‍ സെസ് ഈടാക്കുന്നില്ലെന്ന വിവരം കൗണ്ടറിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

വില ഉയരും

അഞ്ച് ശതമാനത്തിനു മുകളില്‍ ജിഎസ്ടിയുള്ള ഹോട്ടല്‍ ഭക്ഷണം, സിനിമ ടിക്കറ്റ് എന്നിവക്കും എല്ലാത്തരം സേവനങ്ങള്‍ക്കും ഒരു ശതമാനം സെസ് ബാധകമാണ്. ഉണക്കിയ പഴവര്‍ഗങ്ങള്‍, നെയ്യ്, പായ്ക്ക് ചെയ്ത ഭക്ഷണം, കുപ്പിയിലാക്കിയ പാനീയങ്ങള്‍, ബോള്‍ പേന, മെഴുകുതിരി, മെഡിക്കല്‍ പരിശോധനാ ഉപകരണങ്ങള്‍, പഞ്ചസാര, കാപ്പി, തേയില, ഷാംപൂ, സോപ്പ്, കംപ്യൂട്ടര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍, ഫാന്‍, ഫ്രിഡ്ജ്, എസി, കാര്‍ എന്നിവക്കെല്ലാം വിലകൂടും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് 0.25 ശതമാനം സെസ് നല്‍കേണ്ടിവരും.

Categories: FK News, Slider