ദുബായ് എക്‌സ്‌പോയ്ക്ക് മുന്നോടിയായി വന്‍ വികസന പദ്ധതികളുമായി ഇനോക്

ദുബായ് എക്‌സ്‌പോയ്ക്ക് മുന്നോടിയായി വന്‍ വികസന പദ്ധതികളുമായി ഇനോക്

ഒരു വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ പെട്രോള്‍ പമ്പുകളുടെ എണ്ണം 129ല്‍ നിന്നും 191 ആയി വര്‍ധിപ്പിക്കും

ദുബായ്: എക്‌സ്‌പോ 2020യ്ക്ക് മുന്നോടിയായി യുഎഇയിലും സൗദി അറേബ്യയിലും 2.2 ബില്യണ്‍ ഡോളറിന്റെ വന്‍ വികസന പദ്ധതികളുമായി ദുബായിലെ എമിറേറ്റ്‌സ് നാഷ്ണല്‍ ഓയില്‍ കമ്പനി(ഇനോക് ). ദുബായ് എക്‌സ്‌പോ 2020യ്ക്ക് എത്തുന്ന സന്ദര്‍ശകരുടെയും മറ്റ് ഉപഭോക്താക്കളുടെയും വര്‍ധിച്ച് വരുന്ന ഇന്ധന ആവശ്യങ്ങള്‍ കണക്കിലെടുത്ത് റീറ്റെയ്ല്‍ ശൃംഖലയും സര്‍വീസ് സ്റ്റേഷനുകളും വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇനോക് പദ്ധതിയിടുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദുബായ് എക്‌സ്‌പോയ്ക്ക് മുന്നോടിയായി യുഎഇയിലെ ഇനോക് പെട്രോള്‍ പമ്പുകളുടെ എണ്ണം 129ല്‍ നിന്നും 191 ആയി വര്‍ധിപ്പിക്കുമെന്ന് ഇനോക് റീറ്റെയ്ല്‍ ബിസിനസ് മാനേജിംഗ് ഡയറക്റ്റര്‍ സെയിദ് അല്‍ ഖുഫൈദി പറഞ്ഞു. സൗദി അറേബ്യയിലെ റീറ്റെയ്ല്‍ രംഗത്ത് എട്ടിരട്ടി വികസനമാണ് കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ സൗദിയില്‍ 14 ഇനോക് സ്്‌റേഷനുകളാണ് ഉള്ളത്. 2030 ആകുമ്പോഴേക്കും ഇത് 124 ആക്കി വര്‍ധിപ്പിക്കും. സൗദിയിലെ ഇനോക് ഓപ്പറേറ്റര്‍മാരുടെ ലാഭ വിഹിതം വര്‍ധിക്കുകയായാണെങ്കില്‍ സ്റ്റേഷനുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിച്ചേക്കും.

12 ബില്യണ്‍ ലിറ്റര്‍ എണ്ണയാണ് യുഎഇയുടെ പ്രതിവര്‍ഷ എണ്ണ ഉപഭോഗം. 566 പെട്രോള്‍ പമ്പുകളാണ് ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങള്‍ നിറവേറുന്നതിനായി യുഎഇയില്‍ ആകെയുള്ളത്. ഓരോ സ്‌റ്റേഷനിലും പ്രതിദിനം ഏകദേശം 60,000 ലിറ്റര്‍ എണ്ണയാണ് ചിലവാകുന്നത്. പ്രതിദിനം 35,000 ലിറ്ററെന്ന ആഗോള ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണിത്. ഈ വസ്തുത കണക്കിലെടുത്താണ് ഇനോക് റീറ്റെയ്ല്‍ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങുന്നത്. സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടുന്നത് വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യം പരിഹരിക്കാനും സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനും സഹായകമാകുമെന്ന് അല്‍ ഖുഫൈദി പറഞ്ഞു.

2019ല്‍ അഞ്ച് പെട്രോള്‍ പമ്പുകളും മൂന്ന് മൊബീല്‍(കോംപാക്റ്റ്) സ്റ്റേഷനുകളും അടക്കം ദുബായില്‍ പതിനഞ്ച് പുതിയ സര്‍വ്വീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് ഇനോകിന്റെ പദ്ധതി. ആഗസ്റ്റ് ആദ്യം ഷാര്‍ജയില്‍ അഞ്ചും ഫുജെയ്‌റയിലും റാസ് അല്‍ ഖൈമയിലും ഓരോ സ്‌റ്റേഷനുകള്‍ വീതവും ആരംഭിക്കും. 2020 ആകുമ്പോഴേക്കും ഷാര്‍ജയില്‍ 25ഉം ദുബായില്‍ 15ഉം(മൂന്നെണ്ണം എക്‌സ്‌പോ 2020 വേദിയില്‍) റാസ് അല്‍ ഖൈമ, അജ്മാന്‍, ഫുജെയ്‌റ, ഉം അല്‍ കുവൈന്‍ എന്നിവിടങ്ങളില്‍ ഓരോന്നും മൂന്ന് മൊബീല്‍ സ്‌റ്റേഷനുകളും അടക്കം ആകെ 47 പുതിയ ഇനോക് സ്‌റ്റേഷനുകള്‍ യുഎഇയില്‍ ആരംഭിക്കും.

20 മില്യണില്‍ അധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ദുബായ് എക്‌സ്‌പോയുടെ നടത്തിപ്പിന് പര്യാപ്തമായി യുഎഇയിലെ ഇന്ധന മേഖലയില്‍ മികച്ച റീറ്റെയ്ല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇനോകിന് ബാധ്യതയുണ്ടെന്ന് കമ്പനി ഗ്രൂപ്പ് സിഇഒ സെയ്ഫ് ഹുമൈദ് അല്‍ ഫലസി പറഞ്ഞു. എക്‌സ്‌പോ വേദിയില്‍ ആരംഭിക്കുന്ന സര്‍വ്വീസ് സ്റ്റേഷനുകള്‍ പുതിയ ഡിസൈന്‍ ആശയമായ വഹ്നി മരങ്ങളുടെ മാതൃകയിലായിരിക്കും നിര്‍മിക്കുകയെന്ന് ഇനോക് അറിയിച്ചു. യുഎഇ ഈ വര്‍ഷം സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്നതിന്റെ പ്രതീകമായാണ് ഇത്.

സൗദി അറേബ്യയില്‍ ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതോടെ രാജ്യത്തെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനേഴാകും. അടുത്ത അഞ്ച് വര്‍ഷത്തില്‍ 45 സ്റ്റേഷനുകളും 2028 ഓടെ 65ഉം സ്‌റ്റേഷനുകള്‍ ആരംഭിച്ച് ദശാബ്ദത്തിനൊടുവില്‍ രാജ്യത്തെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 124 ആയി വര്‍ധിപ്പിക്കും. ദമാം, ജിദ്ദ, റിയാദ് എന്നീ സൗദി നഗരങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കുക. പുതിയതായി പദ്ധതിയിടുന്ന സ്റ്റേഷനുകളിലൂടെ 500 തൊഴിലവസരങ്ങളാണ് ഇനോക് രാജ്യത്ത് സൃഷ്ടിക്കുക.

യുഎഇയില്‍ ശരാശരി 20 മില്യണ്‍ ദിര്‍ഹമാണ് ഒരു പുതിയ സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ഇനോകിന് ചിലവ് വരിക. സൗദിയില്‍ നിലവിലുള്ള സറ്റേഷനുകള്‍ വാങ്ങുന്നതിന് 10 മില്യണ്‍ റിയാലും ചിലവ് വരും. സൗദിയില്‍ ഇനോകിന് ലാഭം കുറവാണെങ്കില്‍ കൂടിയും അഥവാ യുഎഇയിലെ മൂന്നിലൊന്ന് ലാഭം മാത്രമേ ഉള്ളൂവെങ്കില്‍ കൂടിയും രാജ്യത്തെ ഓപ്പറേറ്റര്‍മാരുടെ ലാഭം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ നിലവില്‍ പദ്ധതിയിടുന്ന 124 സ്റ്റേഷനുകള്‍ ഇരട്ടിയാക്കാനും ഇനോക് ഒരുക്കമാണെന്ന് ഖുഫൈദി പറഞ്ഞു. ഇക്കാര്യത്തില്‍ ജൂണ്‍ ആദ്യം തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണവിലയിലെ ചാഞ്ചാട്ടം കാരണം 2019 ഊര്‍ജ മേഖലയ്ക്ക് പൊതുവെ ക്ലേശകരമായിരിക്കുമെന്നും എന്നാല്‍ ജൂണ്‍ മുതല്‍ സ്ഥിതിഗതികള്‍ ഭേദപ്പെടുമെന്നും ഖുഫൈദി പ്രതീക്ഷ പ്രകടിപ്പിച്ചു.

മൊബീല്‍ അഥവാ കോംപാക്റ്റ് സ്‌റ്റേഷനുകള്‍

കഴിഞ്ഞ വര്‍ഷം ദുബായില്‍ ആരംഭിച്ച നൂതന പെട്രോള്‍ പമ്പുകളാണ് മൊബീല്‍ സ്റ്റേഷനുകള്‍ അഥവാ കോംപാക്റ്റ്് സ്റ്റേഷനുകള്‍. റെസിഡന്‍ഷ്യല്‍ മേഖലകളിലും നഗരങ്ങളില്‍ അല്ലാത്ത ഉള്‍നാടന്‍ മേഖലകളിലും ഉള്ള ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങള്‍ നിറവേറുക എന്ന മികച്ച ആശയമാണ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന(മൊബീല്‍) കോപാക്റ്റ് സ്റ്റേഷനുകള്‍ക്ക് ഉള്ളത്.

രണ്ട് പമ്പുകളും ഭൂമിക്ക് മുകളിലുള്ള എണ്ണ ടാങ്കുമാണ് ഇത്തരം സ്റ്റേഷനുകള്‍ക്കുള്ളത്. ആവശ്യമെങ്കില്‍ മുപ്പത് ദിവസത്തിനുള്ളില്‍ മറ്റൊരു മേഖലയിലേക്ക് ഇവയെ മാറ്റി സ്ഥാപിക്കാനും സാധിക്കും. പശ്ചിമേഷ്യയില്‍ തന്നെ ഇത്തരമൊരു സ്റ്റേഷന്‍ ആദ്യമായി നിലവില്‍ വന്നത് ദുബായിലാണ്. 30,000 ലിറ്റര്‍ സ്‌പെഷ്യല്‍ 95 എണ്ണ സംഭരിക്കാനുള്ള ശേഷിയുള്ള ടാങ്കാണ് കോപാക്റ്റ് സ്റ്റേഷനുകളിലുള്ളത്. ഒരു ദിവസം 400 കാറുകളില്‍ എണ്ണ നിറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും.

ആദ്യഘട്ടത്തില്‍ ദുബായിലാണ് ഇവ വന്നതെങ്കിലും ഭാവിയില്‍ ഇമാര്‍, മെയ്ദാന്‍ എന്നിവയ്ക്ക് കീഴിലുള്ള റെസിഡന്‍ഷ്യല്‍ മേഖലകളിലും ഇവ ആരംഭിക്കും.

Comments

comments

Categories: Arabia
Tags: Dubai expo

Related Articles