‘ഡിസ്ട്രിക്റ്റ് കൂളിംഗ് ബിസിനസ് വില്‍ക്കുന്നു’ വാര്‍ത്ത തള്ളി ദുബായ് ഇമാര്‍

‘ഡിസ്ട്രിക്റ്റ് കൂളിംഗ് ബിസിനസ് വില്‍ക്കുന്നു’ വാര്‍ത്ത തള്ളി ദുബായ് ഇമാര്‍

വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ഇമാര്‍ വക്താവ്

ദുബായ്: ദുബായിലെ പ്രമുഖ ഡെവലപ്പറായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഡിസ്ട്രിക്റ്റ് കൂളിംഗ് യൂണിറ്റ് വില്‍ക്കാനൊരുങ്ങുന്നു എന്ന് വാര്‍ത്ത. വില്‍പ്പനയില്‍ സഹായിക്കുന്നതിനായി ഇമാര്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അടക്കമുള്ള പ്രശസ്ത കമ്പനികളെ ഉപദേശകരായി നിയമിച്ചുവെന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് പ്രതികരിച്ചു.

മൂല്യം വര്‍ധിപ്പിക്കുന്നതിനും കരുതല്‍ ധനത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനുമായി ചില റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ ഡിസ്ട്രിക്റ്റ് കൂളിംഗ് ബിസിനസ് അടക്കമുള്ള പ്രധാനമല്ലാത്ത, പണം പ്രതിഫലമായി ലഭിക്കുന്ന ബിസിനസുകള്‍ വില്‍ക്കുന്ന പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇമാര്‍ ഡിസ്ട്രിക്റ്റ് കൂളിംഗ് വില്‍ക്കാന്‍ കമ്പനി ആലോചിക്കുന്നതായി വാര്‍ത്ത പരന്നത്. ഇതിനായി പ്രമുഖ ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിനെ അടക്കം ഉപദേശകരായി ഇമാര്‍ നിയമിച്ചു എന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഇമാര്‍ വക്താവ് വസ്തുതാപരമായി ഈ വിവരം തെറ്റാണെന്നെന്നും വിപണിയിലെ സംശയങ്ങളോടും അപവാദങ്ങളോടും പ്രതികരിക്കാനില്ലെന്നും അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് വക്താവും വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയ്ക്ക് ഓഹരി ഉടമസ്ഥാവകാശം ഉള്ള നാഷ്ണല്‍ സെന്‍ട്രല്‍ കൂളിംഗ് കമ്പനി (തബ്രീഡ്) കഴിഞ്ഞ വര്‍ഷം അബുദാബിയിലെ റീം ദ്വീപില്‍ സേവനം നല്‍കുന്ന എസ് ആന്‍ഡ് ടി ഡിസ്ട്രിക്റ്റ് കൂളിംഗ് യൂണിറ്റില്‍ അള്‍ഡര്‍ പ്രോപ്പര്‍ട്ടീസിനുള്ള 50 ശതമാനം ഓഹരികള്‍ വാങ്ങിച്ചിരുന്നു. ഇടപാട് പൂര്‍ത്തിയായാല്‍ മേഖലയിലെ ഏറ്റവും വലിയ ഡിസ്ട്രിക്റ്റ് കൂളിംഗ് കമ്പനികളിലൊന്നായ തബ്രീഡിന് എസ് ആന്‍ഡ് ടി കൂള്‍ ഡിസ്ട്രിക്റ്റ് കൂളിംഗ് കമ്പനിയില്‍ 100 ശതമാനം ഉടമസ്ഥാവകാശം ലഭിക്കും. ദുബായിലെ മറ്റൊരു ഡെവലപ്പറായ യൂണിയന്‍ പ്രോപ്പര്‍ട്ടീസ് എമികൂളില്‍ കമ്പനിക്കുണ്ടായിരുന്ന മുഴുവന്‍ ഓഹരികളും 500 മില്യണ്‍ ദിര്‍ഹത്തിന് ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് വിറ്റിരുന്നു. എമികൂളില്‍ നേരത്തെ 50 ശതമാനം ഓഹരികള്‍ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് സ്വന്തമായി ഉണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും നീളമേറിയ ടവറായ ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ തുടങ്ങി ദുബായിലെ പല വന്‍കിട പദ്ധതികളുടെയും നിര്‍മാതാക്കളായ ഇമാര്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി അവരുടെ താരതമ്യേന പ്രധാനമല്ലാത്ത ആസ്തികള്‍ വിറ്റുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയില്‍ അബുദാബി നാഷ്ണല്‍ ഹോട്ടല്‍സ് (എഡിഎന്‍എച്ച്) ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഉപ സ്ഥാപനമായ ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പില്‍ നിന്നും അവരുടെ അഞ്ച് പ്രധാന ഹോട്ടലുകള്‍ വാങ്ങിയിരുന്നു. അഡ്രസ് ദുബായ് മാള്‍, അഡ്രസ് ബോളിവാര്‍ഡ്, അഡ്രസ് മറീന, വിദ ഡൗണ്‍ടൗണ്‍, അല്‍ മന്‍സില്‍ ഡൗണ്‍ടൗണ്‍ എന്നീ ഹോട്ടലുകളാണ് 2.2 ബില്യണ്‍ ദിര്‍ഹത്തിന് എഡിഎന്‍എച്ച് വാങ്ങിയത്.

2019 ആദ്യ പാദത്തില്‍ ദുബായിലെ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധനവാണ് ഇമാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 1.628 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് കഴിഞ്ഞ പാദത്തില്‍ നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം അധികമാണിത്. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കുള്ള വില്‍പ്പനയിലുണ്ടായ 123 ശതമാനം വര്‍ധനവാണ് കമ്പനിക്ക് നേട്ടമായത്. അന്താരാഷ്ട്ര ബിസിനസിലേക്ക് ഇമാര്‍ ശക്തമായി തിരിച്ചുവരുന്നു എന്ന സൂചനയാണ് ഇമാറിന്റെ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നത്.

Comments

comments

Categories: FK News