പര്‍വതാരോഹണം: സാഹസിക ഉദ്ദ്യമമോ മരണക്കെണിയോ ?

പര്‍വതാരോഹണം: സാഹസിക ഉദ്ദ്യമമോ മരണക്കെണിയോ ?

എവറസ്റ്റ് കൊടുമുടിയുടെ ജനപ്രീതി എന്നത്തേക്കാളുമധികം മാരകമായി ഇന്നു മാറിയിരിക്കുകയാണ്. കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ ഈ സീസണില്‍ 11 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശാസ്ത്രീയമായ പരിശീലനം ആര്‍ജ്ജിക്കാത്തതിന്റെ അഭാവം, മോശം കാലാവസ്ഥ എന്നിവ അപകട കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സമീപകാലത്ത് എവറസ്റ്റ് കീഴടക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ലോകത്തെ ഏതൊരു വന്‍നഗരത്തിലേയും പോലുള്ള തിരക്കാണ് എവറസ്റ്റ് കൊടുമുടിയിലും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. മേയ് മാസം എവറസ്റ്റ് പര്‍വതാരോഹണത്തിനു അനുയോജ്യ സമയമായിട്ടാണു (ക്ലൈംബിംഗ് സീസണ്‍) കണക്കാക്കുന്നത്. ഈ വര്‍ഷം തിരക്ക് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. തിരക്ക് വര്‍ധിച്ചതോടെ അപകടങ്ങളുടെ എണ്ണത്തിലും വര്‍ധന സംഭവിച്ചു. മേയ് 27 തിങ്കളാഴ്ച അമേരിക്കന്‍ വംശജനും, അഭിഭാഷകനും, 62-കാരനുമായ ക്രിസ്റ്റഫര്‍ ജോണ്‍ കുളിഷ് എവറസ്റ്റ് കൊടുമുടി കീഴടക്കി താഴേക്കിറങ്ങവേ, മരണമടയുകയുണ്ടായി. ആള്‍റ്റിറ്റിയൂട്ട് സിക്ക്‌നെസ് (altitude sickness) ആണു മരണകാരണമായി പറയപ്പെടുന്നത്. ഇതോടെ ഈ വര്‍ഷം ക്ലൈംബിംഗ് സീസണില്‍ മരിച്ചവരുടെ എണ്ണം 11-ലെത്തി. കഴിഞ്ഞ ദിവസം പര്‍വതാരോഹകനായ നിര്‍മല്‍ പുജ്ര ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവയ്ക്കുകയുണ്ടായി.

എവറസ്റ്റ് കൊടുമുടിയുടെ ഹിലാരി സ്റ്റെപ്പില്‍നിന്നുള്ള ആളുകളുടെ ചിത്രമാണു നിര്‍മല്‍ പങ്കുവച്ചത്. ഏകദേശം 250 മുതല്‍ 300 വരെയുള്ള ആളുകളുടെ നീണ്ട നിരയാണു ചിത്രത്തിലുണ്ടായിരുന്നത്. ഇൗ ചിത്രത്തിലെ ക്യൂവില്‍ കാണപ്പെട്ടവര്‍ മൂന്നു മണിക്കൂറിലേറെ ഒരു വരിയില്‍ നില്‍ക്കുകയായിരുന്നു. ഈയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഈ വര്‍ഷം മേയ് 20നു ശേഷമുള്ള ദിവസങ്ങളില്‍ കൊടുമുടിക്കു മുകളില്‍ ഏകദേശം 8000 മീറ്ററിനു മുകളിലുള്ള പ്രദേശത്ത് (എവറസ്റ്റ് കൊടുമുടിയുടെ നീളം 8,848 മീറ്ററാണ്) പര്‍വതാരോഹകരുടെ വലിയ തിരക്കാണുണ്ടായത്. എവറസ്റ്റിന്റെ 8,000 മീറ്റര്‍ മുകളിലുള്ള ഏതൊരു പ്രദേശത്തെയും ഡെത്ത് സോണ്‍ അഥവാ മരണ മേഖലയെന്നാണു പര്‍വതാരോഹകര്‍ വിശേഷിപ്പിക്കുന്നത്. കാരണം ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ ഓക്‌സിജന്റെ അളവ് കുറവായിരിക്കും. ഈ സാഹചര്യത്തില്‍ മനുഷ്യ ശരീരത്തിനു ദോഷം സംഭവിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും. അതായത്, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, തലചുറ്റല്‍ എന്നിവ സംഭവിക്കാന്‍ സാധ്യതയുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറാനെത്തുന്നവരുടെ തിരക്ക് എത്രത്തോളമാണെന്ന് ഈ ചിത്രത്തില്‍നിന്നും മനസിലാക്കാം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം നേപ്പാളിന്റെ പ്രധാന ടൂറിസം വരുമാനം കൂടിയാണ് എവറസ്റ്റ് ട്രെക്കിംഗ്. ഈ ഘടകങ്ങളാണ് എവറസ്റ്റിനെ ആകര്‍ഷണീയമാക്കുന്നത്. പക്ഷേ, യാതൊരു തയാറെടുപ്പുകളുമില്ലാതെയാണു പലരും കൊടുമുടി കയറുന്നത്. ഇതാണ് അപകടത്തിനു കാരണമായി തീരുന്നത്. മാത്രമല്ല, ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ കൊടുമുടി കയറാനെത്തുന്നതിനാല്‍ ടണ്‍ കണക്കിനു മാലിന്യങ്ങള്‍ എവറസ്റ്റില്‍ അടിഞ്ഞു കൂടുകയാണ്. ഈയടുത്ത കാലത്ത് ടണ്‍ കണക്കിനു മാലിന്യങ്ങളാണു നീക്കം ചെയ്തത്.

26,000 അടിക്കു മുകളിലെത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും

എവറസ്റ്റ് കൊടുമുടിയുടെ ഉയരം 8,848 മീറ്ററാണ് അഥവാ 29,029 അടിയാണ്. 26,000 അടി മുകളിലെത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നാണു വിദഗ്ധര്‍ പറയുന്നത്. നിരവധി കാരണങ്ങള്‍ അതിന് അവര്‍ നിരത്തുന്നുണ്ട്. ഒന്നാമതായി കൂടുതല്‍ ഉയരങ്ങളിലേക്കു പോകുന്തോറും ഓക്‌സിജന്റ് അളവ് കുറയുമെന്നതു തന്നെയാണ്. എവറസ്റ്റില്‍ 8,000 മീറ്റര്‍ അഥവാ 26,350 അടി മുകളിലുള്ള പ്രദേശത്തെ ഡെത്ത് സോണ്‍ എന്നാണു പൊതുവേ വിളിക്കുന്നത്. ഇവിടെനിന്നും മുകളിലേക്കു കയറുന്ന പര്‍വതാരോഹകര്‍ സപ്ലിമെന്ററി ഓക്‌സിജന്‍ കരുതാറുണ്ട്. 26,000 അടി മുകളിലെത്തുമ്പോള്‍, ഓക്‌സിജന്‍ കരുതിയിട്ടുണ്ടെങ്കില്‍ പോലും മനുഷ്യശരീരം പ്രതികരിക്കാന്‍ തുടങ്ങും. ചിലര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, തളര്‍ച്ച, തലചുറ്റല്‍ എന്നിവയൊക്കെ അനുഭവപ്പെടും. ഈ സമയത്ത് ആവശ്യമുള്ള ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. അതു പോലെ ഫ്രോസ്റ്റ് ബൈറ്റ് എന്നൊരു അവസ്ഥയുമുണ്ടാകും. ശീതാധിക്യം അഥവാ അധിക തണുപ്പില്‍നിന്നും ചര്‍മത്തിന് അനുഭവപ്പെടുന്ന മരവിപ്പാണ് ഫ്രോസ്റ്റ് ബൈറ്റ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൈ വിരല്‍, കാല്‍ വിരല്‍, മുഖം എന്നിവയെയാണ്.

മേയ് 27ന് കൊടുമുടി കീഴടക്കി തിരിച്ചു താഴേക്കിറങ്ങവേ മരിച്ച യുഎസ് വംശജനായ ക്രിസ്റ്റഫര്‍ ജോണ്‍ കുളിഷിന് ആള്‍റ്റിറ്റിയൂട്ട് സിക്ക്‌നെസ് സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. പര്‍വതാരോഹകര്‍ കൊടുമുടി കയറുമ്പോള്‍ ഓക്‌സിജന്‍ പ്രത്യേകം കരുതാറുണ്ട്. ഇങ്ങനെ കരുതുന്ന ഓക്‌സിജന്‍ സിലിണ്ടറിന് ലീക്ക് സംഭവിച്ചാലും അപകടം സംഭവിക്കാം. പര്‍വതാരോഹകര്‍ എവറസ്റ്റ് കയറുമ്പോള്‍ നേപ്പാളി ഷേര്‍പ്പകളെ സഹായിയായി കൂട്ടാറുണ്ട്. ഹിമാലയത്തിലേക്കുള്ള പര്യവേഷണ സംഘങ്ങളുടെ വാഹകരെന്ന നിലയില്‍ ഷേര്‍പ്പകള്‍ കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിച്ചവരാണ്. ഷേര്‍പ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെക്കുറെ അസാധ്യവുമാണ്. ഏതു സാഹചര്യത്തിലും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്ന ശ്വാസകോശവും മറ്റുജനിതക സവിശേഷതകളുമാണു ഷേര്‍പ്പകളെ ലോകത്തിലെ ഏറ്റവും വലിയ മലകയറ്റക്കാരാക്കുന്നതും.

തിരക്കോടു തിരക്ക്

എവറസ്റ്റ് കയറാന്‍ ഏറ്റവും അനുയോജ്യ സമയമായി കണക്കാക്കുന്നത് മേയ് മാസമാണ്. അതു കൊണ്ടു തന്നെ ഈ വര്‍ഷം മേയ് 20-ാം തീയതിക്കു ശേഷമുള്ള ദിവസങ്ങളില്‍ എവറസ്റ്റ് കയറാനെത്തിയവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ബ്രിട്ടീഷ് പര്‍വതാരോഹകന്‍ പങ്കുവച്ച ചിത്രത്തില്‍ ഏകദേശം 250 മുതല്‍ 300 വരെയുള്ള ആളുകളുടെ നീണ്ട നിരയാണു കാണപ്പെട്ടത്. ഈ വര്‍ഷം നേപ്പാള്‍ സര്‍ക്കാര്‍ എവറസ്റ്റ് കയറാന്‍ അനുവദിച്ചത് 381 പെര്‍മിറ്റുകളാണ്. ഇത് റെക്കോര്‍ഡ് എണ്ണവുമാണ്. ഏറ്റവും വലിയ തമാശയെന്നത് ഇതിന്റെ ഇരട്ടി പേര്‍ കൊടുമുടിക്കു മുകളിലുണ്ടായിരുന്നു എന്നതാണ്. (ഗൈഡുമാരുടെ എണ്ണം കൂട്ടാറില്ല). കഴിഞ്ഞ വര്‍ഷം 802 പേര്‍ കൊടുമുടിയുടെ മുകളിലെത്തിയെന്നാണു നാഷണല്‍ ജ്യോഗ്രഫിക് കണക്കുകള്‍ പറയുന്നത്. നേപ്പാളിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് ക്ലൈംബിംഗ് ലൈസന്‍സ്. അതു പോലെ പര്‍വതാരോഹകരുടെ ഗൈഡായി പ്രവര്‍ത്തിക്കുന്ന ഷേര്‍പ്പകള്‍ക്ക് വന്‍വരുമാനം ഉറപ്പാക്കുന്നുമുണ്ട്. മറ്റ് ഏതൊരു തൊഴിലിലേര്‍പ്പെടുന്നതിനേക്കാളുമധികം തുക ഷേര്‍പ്പകള്‍ക്ക് ഗൈഡിന്റെ സേവനത്തിലൂടെ ലഭിക്കാറുണ്ട്.

കൊടുമുടിയുടെ ഫൈനല്‍ ക്യാംപിലും, പരകോടിയിലും കൂടുതല്‍ നേരം ചെലവഴിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നാണു വിദഗ്ധര്‍ പറയുന്നത്. കാരണം കാലാവസ്ഥ പെട്ടെന്നു മാറുകയോ, ഇരുട്ട് വീഴുകയോ രണ്ടും കൂടി ഒന്നിച്ചു സംഭവിക്കുകയോ ചെയ്‌തേക്കാം. ഇത് സ്ഥിതിഗതികളെ മാരകമാക്കും. ഈ വര്‍ഷം അപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നായി സൂചിപ്പിക്കുന്നത് കൊടുമുടി കയറാന്‍ വന്ന ഭൂരിഭാഗം പേരും പരിശീലനം ആര്‍ജ്ജിച്ചവരായിരുന്നില്ലെന്നതാണ്. ഇവര്‍ക്ക് ആദ്യ ശ്രമത്തില്‍ തന്നെ കൊടുമുടി കീഴടക്കാനുള്ള ശാരീരിക ക്ഷമതയുമില്ലായിരുന്നു. എവറസ്റ്റ് ട്രെക്കിംഗ് വാണിജ്യവത്കരിച്ചതോടെ വിപണിയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ നിരവധി വ്യാജന്മാര്‍ രംഗപ്രവേശം ചെയ്തു. ഇവര്‍ കൊടുമുടി കയറാന്‍ ആഗ്രഹമുള്ളവരില്‍നിന്നും ഉയര്‍ന്ന തുക ഈടാക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും മതിയായ പരിശീലനം നല്‍കാതെയും കൊടുമുടി കയറാന്‍ പ്രേരിപ്പിച്ചു. നിലവാരമില്ലാത്ത ഉപകരണങ്ങള്‍, പരിചയ സമ്പന്നരല്ലാത്ത ഗൈഡുകള്‍, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം പലപ്പോഴും ദുരന്തത്തിലേക്കു നയിക്കുന്നു.

Comments

comments

Categories: Top Stories